ബലാത്സംഗത്തിനിരയായ 10 വയസ്സുകാരിക്ക് ഗർഭഛിദ്രത്തിന് അനുമതിയില്ല
text_fieldsന്യൂഡൽഹി: പീഡനത്തിനിരയായ 10 വയസ്സുകാരിക്ക് ഗർഭഛിദ്രത്തിന് അനുമതി നൽകാനാവില്ലെന്ന് സുപ്രീംകോടതി. 32 ആഴ്ചയെത്തിയ ഗർഭം അലസിപ്പിക്കുന്നത് പെൺകുട്ടിക്കും ഭ്രൂണത്തിനും നല്ലതല്ലെന്ന മെഡിക്കൽ റിപ്പോർട്ടിെൻറ പശ്ചാത്തലത്തിലാണ് ചീഫ് ജസ്റ്റിസ് ജെ.എസ്. ഖെഹാറും ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡും അടങ്ങിയ ബെഞ്ച് അനുമതി നിഷേധിച്ചത്.
ഇത്തരം സംഭവങ്ങളിൽ ഗർഭഛിദ്രത്തിന് അനുമതി പരിഗണിക്കാൻ ഒാരോ സംസ്ഥാനത്തും പ്രത്യേക മെഡിക്കൽ ബോർഡ് രൂപവത്കരിക്കുന്നത് പരിഗണിക്കാൻ സോളിസിറ്റർ ജനറൽ രഞ്ജിത്കുമാറിനോട് കോടതി ആവശ്യപ്പെട്ടു. സമാനമായ നിരവധികേസുകൾ പരമോന്നതകോടതിയുടെ പരിഗണനക്കുവരുന്ന സാഹചര്യത്തിലാണ് നിർദേശം. 10 വയസ്സുകാരിക്ക് ഗർഭഛിദ്രം നിഷേധിച്ച് ജൂലൈ 18ന് ചണ്ഡിഗഢ് ജില്ലകോടതി വിധി പുറപ്പെടുവിച്ചിരുന്നു.
ഇതേതുടർന്ന് അഭിഭാഷകനായ അലഖ് അലോക് ശ്രീവാസ്തവ പൊതുതാൽപര്യഹരജിയുമായി സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. കുട്ടികൾ പീഡനത്തിനിരയായി ഗർഭം ചുമക്കുന്ന സംഭവങ്ങളിൽ ഗർഭഛിദ്രത്തിന് അനുമതി നൽകുന്നത് പരിഗണിക്കാൻ ഒാരോ ജില്ലയിലും പ്രത്യേക മെഡിക്കൽസമിതിയെ വെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 20 ആഴ്ച വരെയെത്തിയ ഗർഭം അലസിപ്പിക്കാനാണ് നിലവിൽ നിയമം അനുമതി നൽകുന്നത്.
അതിദരിദ്ര കുടുംബാംഗമായ പെൺകുട്ടി ഗർഭിണിയാണെന്ന വിവരം ഏറെ വൈകിയാണ് അറിഞ്ഞിരുന്നത്. തുടർന്നാണ് ഗർഭഛിദ്രത്തിന് അനുമതി തേടി ജില്ലാ കോടതിയെ സമീപിച്ചത്. ഏഴു മാസമായി അമ്മാവൻ പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കുകയായിരുന്നു. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.