നരേന്ദ്ര ധാബോൽക്കർ വധത്തിന് 10 വയസ്; കൊലപാതത്തിന് പിന്നിലെ സൂത്രധാരൻമാർ എവിടെ?
text_fieldsന്യൂഡൽഹി: അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരെ പോരാടിയ സാമൂഹ്യപ്രവർത്തകൻ നരേന്ദ്ര ധാബോൽക്കർ വധത്തിന് 10 വയസ്. പത്താം ചരമവാർഷികത്തിലും കൊലപാതകത്തിനു പിന്നിലെ ഗൂഢാലോചനയെ കുറിച്ചുള്ള അന്വേഷണം എങ്ങുമെത്തിയില്ല. 2013 ആഗസ്‌റ്റ് 20ന് പ്രഭാതനടത്തത്തിനുപോയ ധാബോൽക്കർ പുണെ സിറ്റിയിലെ വിത്തൽ റാംജി ഷിൻഡെ പാലത്തിനുസമീപം വെടിയേറ്റ് കൊല്ലപ്പെടുകയായിരുന്നു. ബൈക്കിലെത്തിയ രണ്ട് അക്രമികളാണ് ധാബോൽക്കർക്കു നേരെ നിറയൊഴിച്ചത്.
പൻവേലിലെ ഇ.എൻ.ടി സർജൻ വിരേന്ദ്രസിങ് താവ്‌ഡെയാണ് കൊലപാതകത്തിനു പിന്നിലെ ആസൂത്രകനെന്ന് പൊലീസ് പറയുന്നു. ഇയാളെയും ധാബോൽക്കർക്കുനേരെ വെടിയുതിർത്ത സച്ചിൻ ആന്ദുരേ, ശരദ് കലാസ്‌കർ എന്നിവരെയും അറസ്റ്റ് ചെയ്‌തിട്ടുണ്ട്. ഇവരുടെ വിചാരണ പുണെ കോടതിയിൽ പുരോഗമിക്കുന്നുണ്ട്. എന്നാൽ, ധാബോൽക്കറുടെ കൊലപാതകത്തിനു പിന്നിലെ വലിയ ഗൂഢാലോചന ഇനിയും പുറത്തുവന്നിട്ടില്ലെന്ന് മക്കളായ ഹാമിദ് ധാബോൽക്കറും മുക്താപട്‌വർധനും പ്രതികരിച്ചു.
ധാബോൽക്കർക്കു നേരെ വെടിയുതിർത്ത സച്ചിൻ ആന്ദുരേ, ശരദ്‌കലാസ്‌കർ എന്നിവർ ഗോവിന്ദ്‌പൻസാരെ വധക്കേസിലും പ്രതികളാണ്. ശരദ്‌കലാസ്‌കർ സനാതൻസൻസ്‌ത എന്ന തീവ്രഹിന്ദുത്വ സംഘടനയുടെ അനുയായിയാണ്. ഗോവിന്ദ് പൻസാരെ, നരേന്ദ്ര ധാബോൽക്കർ, എം എം കൽബുർഗി, ഗൗരി ലങ്കേഷ് എന്നിവരുടെ കൊലപാതകങ്ങൾക്കു പിന്നിൽ ഒരേ സംഘം തന്നെയാണെന്ന സംശയം ശക്തമാണ്. അതേസമയം, ധാബോൽക്കറിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച തോക്ക് കണ്ടെത്താൻ ഇനിയും അന്വേഷക സംഘത്തിന് കഴിയാത്തത് തിരിച്ചടിയാണ്. ധാബോൽക്കർക്ക് പിന്നാലെയാണ് പൻസാരെ, കൽബുർഗി, ഗൗരിലങ്കേഷ് എന്നിവർ കൊല്ലപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.