കേന്ദ്ര പൊലീസ് സേനയിൽ 100 ദിവസം അവധി; നടപടികൾ ഊർജിതമാക്കി
text_fieldsന്യൂഡൽഹി: കേന്ദ്ര സായുധ പൊലീസ് സേനകളിലെ (സി.എ.പി.എഫ്) ജവാന്മാർക്ക് വർഷത്തിൽ 100 ദിവസമെങ്കിലും കുടുംബത്തോടൊപ്പം കഴിയാനാകുംവിധം കേന്ദ്ര ആഭ്യന്തര മന്ത്രാലയം അവധി നടപടിക്രമങ്ങൾ ഉടൻ പരിഷ്കരിക്കും. ആഭ്യന്തര മന്ത്രി അമിത് ഷാ കൊണ്ടുവന്ന പ്രധാന നയംമാറ്റമാണിത്. നയം നടപ്പാക്കുന്നതിലുണ്ടാകുന്ന കാലതാമസത്തെ കുറിച്ച് ആഭ്യന്തര മന്ത്രാലയം ഈയിടെ ചർച്ച ചെയ്തിരുന്നു.
നിരവധി വെല്ലുവിളികൾ നിറഞ്ഞ, വിദൂര മേഖലകളിലടക്കം ജോലി ചെയ്യുന്ന 10 ലക്ഷത്തോളം വരുന്ന സേനാംഗങ്ങളുടെ തൊഴിൽസംബന്ധമായ മാനസിക സമ്മർദം ലഘൂകരിക്കാനും മാനസികോല്ലാസം വർധിപ്പിക്കാനും ലക്ഷ്യമിട്ടാണ് പദ്ധതി ആരംഭിക്കുന്നത്. '' ഇതു സംബന്ധിച്ച നിർദേശം സമർപ്പിക്കാൻ എല്ലാ കേന്ദ്ര പൊലീസ് സേനകളോടും ആവശ്യപ്പെട്ടിട്ടുണ്ട്. പദ്ധതി എങ്ങനെ നടപ്പാക്കുന്നെന്നതു സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയം ഏപ്രിലിൽതന്നെ അന്തിമ തീരുമാനമെടുക്കുമെന്നറിയുന്നു.'' -ഒരു മുതിർന്ന സി.ആർ.പി.എഫ് ഉദ്യോഗസ്ഥൻ പറഞ്ഞു. കോവിഡ് മഹാമാരിയെ തുടർന്ന് പദ്ധതിയിൽ കാലതാമസം ഉണ്ടായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ സേനാംഗങ്ങൾക്ക് 60-65 അവധികൾ നൽകാൻ കഴിയുന്നുണ്ടെന്നും കാഷ്വൽ അവധി 15 ദിവസമെന്നതിൽനിന്ന് 28-30 ദിവസമായി ഉയർത്തിയാൽ വർഷം 100 അവധികൾ ലഭ്യമാക്കാനാവുമെന്ന് സി.ആർ.പി.എഫ് ഡയറക്ടർ ജനറൽ കുൽദീപ് സിങ് ഈയിടെ പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.