കർഷകസമരം നൂറുദിനം പിന്നിട്ടു; ജനാധിപത്യത്തിലെ കറുത്ത അധ്യായമെന്ന് കോൺഗ്രസ്
text_fieldsന്യൂഡൽഹി: കർഷകസമരം പിന്നിട്ട 100 ദിവസം ഇന്ത്യൻ ജനാധിപത്യത്തിലെ കറുത്ത അധ്യായമെന്ന് കോൺഗ്രസ്. ഭരിക്കുന്ന ബി.ജെ.പിയുടെ അസഹിഷ്ണുതയുടെ 100 ദിനങ്ങൾ കൂടിയാണ് സമരം ചെയ്യുന്ന കർഷകരും രാജ്യവും നേരിട്ടത്.
അതിർത്തിയിൽ ജീവൻ പണയപ്പെടുത്തി രാജ്യം കാക്കുന്ന സൈനികരുടെ മാതാപിതാക്കളെ ഡൽഹി അതിർത്തി കടക്കാതെ ആണിവെച്ച സർക്കാറാണ് കേന്ദ്രം ഭരിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. അന്നദാതാക്കളായ കർഷകർ അവരുടെ അവകാശങ്ങൾക്ക് വേണ്ടി പൊരുതുകയും സർക്കാർ അവരോട് അതിക്രമം കാണിക്കുകയുമാണ്. 100 ദിവസം പിന്നിട്ട സമരം ഗാന്ധിജിയും സർദാർ പട്ടേലും നെഹ്റുവും ശാസ്ത്രിയും ഭഗത് സിങ്ങും മുന്നോട്ടുവെച്ച സമരമാർഗത്തിലൂടെയാണ് മുന്നോട്ടുപോയതെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ചൂണ്ടിക്കാട്ടി.
സർക്കാറിെൻറയും സർക്കാറിനെ വാഴ്ത്തുന്ന മാധ്യമങ്ങളുടെയും അപമാനവും പ്രതികൂല കാലാവസ്ഥയും സഹിച്ചാണ് കർഷകസമരം തുടരുന്നതെന്ന് കോൺഗ്രസ് വക്താവ് പവൻ ഖേര പറഞ്ഞു. കർഷകർ പറയുന്നത് മാധ്യമങ്ങളിൽ പ്രതിഫലിക്കുന്നില്ല. തലക്കെട്ടുകൾ മാറ്റിമറിക്കാൻ സർക്കാർ നിരന്തര ശ്രമത്തിലാണ്. സമരത്തിെൻറ 100ാം ദിവസത്തെ കരിദിനമെന്ന് കർഷകർ വിളിക്കുന്നു. ജനാധിപത്യത്തിെൻറതന്നെ കറുത്ത അധ്യായമാണിത്. കർഷകരെ ദ്രോഹിക്കുന്ന മൂന്നു നിയമങ്ങളും സർക്കാർ ഉടനടി പിൻവലിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.
റോഡ് ഉപരോധിച്ച് കർഷകർ
ന്യൂഡൽഹി: കർഷക സമരവീര്യവും നിശ്ചയദാർഢ്യവും ഒരിക്കൽക്കൂടി വ്യക്തമാക്കി ഡൽഹിയിൽ കരിദിനാചരണം; റോഡ് ഉപരോധം. കർഷകരെ ദ്രോഹിക്കുന്ന മൂന്നു നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഡൽഹിയുടെ അതിർത്തികളിൽ നടന്നുവരുന്ന സമരം 100ാം ദിവസം പിന്നിടുന്നതു വിളിച്ചറിയിച്ചാണ് കർഷകർ കരിദിനം ആചരിച്ചത്. കുണ്ട്ലി മനേസർ പൽവൽ എക്സ്പ്രസ് വേ കർഷകരും സമരത്തെ പിന്തുണക്കുന്നവരും അഞ്ചുമണിക്കൂർ ഉപരോധിച്ചു. 136 കിേലാമീറ്റർ വരുന്ന എക്സ്പ്രസ് വേയിൽ ഉടനീളം കർഷകർ പതാകയേന്തി മാർച്ച് നടത്തി.
സർക്കാറിനെതിരെ അവർ മുദ്രാവാക്യം മുഴക്കി. ഒട്ടേറെ സ്ത്രീകളും സമരത്തിൽ പങ്കെടുത്തു. കറുത്തപതാക വീശി ദേശവ്യാപക പ്രതിഷേധം പ്രകടിപ്പിക്കാൻ വിവിധ കർഷക സംഘടനകളുടെ ഏകോപന സമിതിയായ സംയുക്ത കിസാൻ മോർച്ച ആഹ്വാനം ചെയ്തിരുന്നു. നവംബർ 26 മുതൽ സിംഘു, തിക്രി തുടങ്ങി ഡൽഹിയുടെ അതിർത്തികളിൽ തമ്പടിച്ച് കർഷകവിരുദ്ധ നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുകയാണ് കർഷകർ. സർക്കാർ പലവട്ടം ചർച്ച നടത്തി ചില ഭേദഗതികളാകാമെന്ന് വാഗ്ദാനം ചെയ്തെങ്കിലും, നിയമങ്ങൾ പിൻവലിക്കില്ലെന്ന നിലപാട് തുടരുകയാണ്. ഇരുനൂറിലേറെ കർഷകരാണ് മോശം കാലാവസ്ഥയും മറ്റും മൂലം പ്രതിഷേധത്തിനിടയിൽ മരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.