100 പുതിയ അശ്വേമേധ ക്ലാസിക് ബസുകൾ നിരത്തിൽ
text_fieldsബംഗളൂരു: ബംഗളൂരു നഗരത്തിൽനിന്ന് വിവിധ ജില്ല ആസ്ഥാനങ്ങളിലേക്ക് പോയന്റ് ടു പോയന്റ് അശ്വമേധ ക്ലാസിക് ബസുകളുമായി കർണാടക ആർ.ടി.സി. തിങ്കളാഴ്ച വിധാൻ സൗധ പരിസരത്ത് നടന്ന ചടങ്ങിൽ 100 അശ്വമേധ ക്ലാസിക് ബസുകൾ മുഖ്യമന്ത്രി സിദ്ധരാമയ്യ ഫ്ലാഗ് ഓഫ് ചെയ്തു. ഈ വർഷം 5,800 പുതിയ ബസുകൾ നിരത്തിലിറക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
അശ്വമേധ ക്ലാസിക് ബസുകൾ നോൺ എ.സി ബസുകളായതിനാൽ ശക്തി പദ്ധതിയിൽ വനിതകൾക്ക് ഇവയിൽ യാത്രചെയ്യാനാകും. സ്ത്രീ സുരക്ഷ മുൻനിർത്തി പാനിക് ബട്ടൺ സംവിധാനം, വെഹിക്കിൾ ലൊക്കേഷൻ ട്രാക്ക് യൂനിറ്റ്, ബസിന്റെ മുന്നിലും പിന്നിലും കാമറകൾ, വലപ്പമേറിയ ജാലകങ്ങൾ, ബസ് സ്റ്റെപ്പിൽ മുന്നറിയിപ്പിന് സ്ട്രിപ് ലൈറ്റുകൾ, സൗകര്യപ്രദമായി ഇരിക്കാനുള്ള ലെഗ് സ്പേസ് തുടങ്ങിയവ അശ്വമേധ ബസുകളുടെ പ്രത്യേകതയാണ്.
നഗരത്തിലെ തിരക്ക് കുറക്കുന്നതിനും പൊതുഗതാഗതത്തിനായി ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുമായി 948 ഡീസൽ ബസുകളും 300 ഇലക്ട്രിക് ബസുകളും കർണാടക ഗതാഗത വകുപ്പ് രംഗത്തിറക്കും. കഴിഞ്ഞ ഡിസംബർവരെ പുറത്തിറക്കിയ 153 ഡീസൽ ബസുകൾക്കും 27 ഇലക്ട്രിക്കൽ ബസുകൾക്കും പുറമെയാണിത്.
സംസ്ഥാനത്ത് വനിതകൾക്ക് സൗജന്യമായി ബസ് യാത്ര അനുവദിക്കുന്ന ശക്തി പദ്ധതി സിദ്ധരാമയ്യ സർക്കാർ നടപ്പാക്കിയ ശേഷം ബസുകളിൽ യാത്രാ തിരക്കേറിയിട്ടുണ്ട്. തിരക്ക് കണക്കിലെടുത്ത് കൂടുതൽ ബസുകൾ ഇറക്കണമെന്ന് ആവശ്യമുയർന്നിരുന്നു. വിധാൻ സൗധയിൽ നടന്ന ചടങ്ങിൽ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.