ഒരേ ഫ്ലാറ്റ് പലർക്കും വിറ്റു; 1,000 കോടിയോളം തട്ടിയ കേസിൽ 42 കാരൻ അറസ്റ്റിൽ
text_fieldsന്യൂഡൽഹി: ഒരേ ഫ്ലാറ്റ് പലർക്കും വിറ്റ് 1000 കോടിയോളം രൂപ തട്ടിയെടുത്തയാൾ അറസ്റ്റിൽ. ഉത്തർ പ്രദേശ് നാസിക്കിലെ പിയൂഷ് തിവാരി (പുനീത് ഭരദ്വാജ് -42)യാണ് അറസ്റ്റിലായത്.
ഫ്ലാറ്റ് വിൽപനക്ക് വെച്ചതായി വ്യാപക പരസ്യം ചെയ്താണ് കച്ചവടവുമുറപ്പിക്കുന്നത്. എല്ലാവരിൽനിന്നുമായി ഇയാൾ ഫ്ലാറ്റ് കാണിച്ച് 1,000 കോടിയോളം രൂപ തട്ടുകയായിരുന്നു. വാങ്ങിയവർ ആരും പരസ്പരം അറിയാതെയായിരുന്നു ഇടപാട്.
ഫ്ലാറ്റ് കിട്ടാത്തവർ പരാതിപ്പെട്ടതോടെയാണ് തട്ടിപ്പിന്റെ ആഴം പുറത്തറിയുന്നത്. തുടർന്ന് നടത്തിയ വിദഗ്ധമായ അന്വേഷണത്തിലാണ് പിടിയിലായത്. നോയിഡയിലെ ഫ്‌ളാറ്റ് വിൽക്കാനെന്ന വ്യാജേനയാണ് തട്ടിപ്പ് നടത്തിയത്. മഹാരാഷ്ട്രയിലെ നാസികിലെ താമസസ്ഥലത്തുനിന്ന് ഡൽഹി പൊലീസ് പിടികൂടുകയായിരുന്നു.
ഡൽഹി, ഉത്തർപ്രദേശ്, പഞ്ചാബ് എന്നിവിടങ്ങളിൽ 30ലധികം തട്ടിപ്പ് കേസുകളിൽ പ്രതിയാണ് പിയൂഷ്. ഇയാളെ കുറിച്ച് വിവരം നൽകുന്നവർക്ക് 50,000 രൂപ പാരിതോഷികം നൽകുമെന്ന് പൊലീസ് പ്രഖ്യാപിച്ചിരുന്നു. തിവാരി നാസിക്കിൽ താമസിക്കുന്നതായി ഞായറാഴ്ചയാണ് പൊലീസിന് സൂചന ലഭിച്ചത്. തുടർന്ന് ചൊവ്വാഴ്ച ഇയാളെ പിടികൂടിയതായി ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ സാഗർ സിങ് കൽസി അറിയിച്ചു.
2011ൽ കെട്ടിടനിർമാതാവായാണ് ഇയാൾ ബിസിനസിൽ ചുവടുറപ്പിച്ചത്. 2016ൽ പിയൂഷിന്റെ വീട്ടിൽ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിൽ 120 കോടി രൂപ പിടിച്ചെടുത്തിരുന്നതായി പൊലീസ് പറഞ്ഞു. ഫ്ലാറ്റ് തട്ടിപ്പിനെ തുടർന്ന് ഒളിവിലായ ഇയാൾക്കെതിരെ നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. നിരവധി തട്ടിപ്പ് കേസുകളിൽ പ്രതിയായ ഇയാളുടെ ഭാര്യയും ജയിലിൽ കഴിയുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.