‘മഹാകുംഭമേളക്കെത്തിയ 1,000 ഹിന്ദുക്കളെ ഇപ്പോഴും കാണാനില്ല’; വൻ ആരോപണവുമായി അഖിലേഷ് യാദവ്
text_fieldsഅഖിലേഷ് യാദവ്
ന്യൂഡൽഹി: കുംഭമേളയുടെ സംഘാടനത്തിലെ പിഴവുകൾ ചൂണ്ടിക്കാട്ടി യോഗി സർക്കാറിനും കേന്ദ്ര സർക്കാറിനുമെതിരെ ആഞ്ഞടിച്ച് സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. പ്രയാഗ് രാജിലെ മഹാകുംഭമേളക്കുശേഷം ആയിരം ഹിന്ദുക്കൾ ഇപ്പോഴും കാണാമറയത്താണെന്ന് അഖിലേഷ് ആരോപിച്ചു. ഇവരെ കണ്ടെത്താൻ ഉത്തർ പ്രദേശ് സർക്കാർ നടപടി സ്വീകരിക്കുന്നില്ലെന്നും അഖിലേഷ് കുറ്റപ്പെടുത്തി.
‘മഹാ കുംഭമേളയെക്കുറിച്ച് നമ്മളെല്ലാവരും വീണ്ടും വീണ്ടും ഓർക്കുന്നത് നല്ല കാര്യമാണ്. എന്നാൽ, മഹാകുംഭമേള സംഘടിപ്പിക്കുന്നതിന് കേന്ദ്ര സർക്കാർ എത്ര തുക നൽകി എന്നതാണ് ഏറ്റവും വലിയ ചോദ്യം. വാഹനങ്ങൾ എവിടെ പാർക്ക് ചെയ്യണമെന്നതിനുള്ള ക്രമീകരണങ്ങൾ മാത്രമാണ് മധ്യപ്രദേശിലെയും ഉത്തർപ്രദേശിലെയും മുഖ്യമന്ത്രിമാർ ചെയ്തത്. ആളുകളെ തടയുകയും അതിർത്തിയിലേക്ക് പ്രവേശനം നിഷേധിക്കുകയും ചെയ്തു’ -ബുധനാഴ്ച മാധ്യമ പ്രവർത്തകരോട് സംസാരിക്കവേ അഖിലേഷ് പറഞ്ഞു.
കാണാതായവരുടെ കുടുംബങ്ങളെ സഹായിക്കണമെന്ന് അദ്ദേഹം ബി.ജെ.പി സർക്കാരിനോട് ആവശ്യപ്പെട്ടു. ‘ഉറ്റവരെ നഷ്ടപ്പെട്ട ഭക്തരുടെ കുടുംബങ്ങളെയെങ്കിലും ബി.ജെ.പിയും അവരുടെ ആളുകളും സഹായിക്കണം. ഏകദേശം 1,000 ഹിന്ദുക്കളെ കാണാതായിട്ടുണ്ട്. ഇപ്പോഴും കണ്ടെത്താത്ത ആ 1,000 ഹിന്ദുക്കളെക്കുറിച്ചുള്ള വിവരങ്ങൾ ബി.ജെ.പി അവരുടെ കുടുംബങ്ങൾക്ക് നൽകണം. കാണാതായവരെക്കുറിച്ചുള്ള പോസ്റ്ററുകൾ പ്രയാഗ്‌രാജിൽ ഇപ്പോഴും ഉണ്ട്. ഉത്തർപ്രദേശിലെ ബി.ജെ.പി സർക്കാർ ആ പോസ്റ്ററുകൾ നീക്കം ചെയ്യുന്നത് ദുഃഖകരമാണ്. അതിനുപകരം, കാണാതായ 1,000 ഹിന്ദുക്കളെ കണ്ടെത്താനുള്ള അടിയന്തര നടപടികളാണ് സർക്കാർ സ്വീകരിക്കേണ്ടത്’ - അദ്ദേഹം കൂട്ടിച്ചേർത്തു.
മഹാകുംഭമേളയിലെ ജനക്കൂട്ടത്തെ കൈകാര്യം ചെയ്തതിൽ മുതിർന്ന ഉദ്യോഗസ്ഥരുടെയും പൊലീസിന്റെയും പങ്കിനെയും അഖിലേഷ് വിമർശിച്ചു. ‘മധ്യപ്രദേശിലെയും ഉത്തർപ്രദേശിലെയും മുഖ്യമന്ത്രിമാർ വാഹന പാർക്കിങ്ങിനുള്ള ക്രമീകരണങ്ങൾ ചെയ്യുകയാണെന്ന് ആർക്കെങ്കിലും സങ്കൽപിക്കാൻ കഴിയുമോ? നിരവധി ഐ.പി.എസ് ഉദ്യോഗസ്ഥർ ഭക്തരെ ദർശനം നടത്തുന്നതിൽനിന്ന് തടഞ്ഞു. ഭക്തർക്കുവേണ്ട ശരിയായ ക്രമീകരണങ്ങൾ ഇല്ലെന്നായിരുന്നു അവർ പറഞ്ഞുകൊണ്ടിരുന്നത്’ - അദ്ദേഹം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.