ഗസ്സയിൽ പതിനായിരത്തിലേറെ ആളുകൾ മരിച്ചു കഴിഞ്ഞു; ഈ കൂട്ടക്കൊലയെ പിന്തുണക്കുന്നവരെ ഓർത്ത് ലജ്ജിക്കുന്നു -പ്രിയങ്ക ഗാന്ധി
text_fieldsന്യൂഡൽഹി: ഗസ്സയിൽ കൂട്ടക്കുരുതി തുടരുമ്പോഴും അന്താരാഷ്ട്ര സമൂഹം നിശ്ശബ്ദരായിരിക്കുന്നതിനെ ആഞ്ഞടിച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഗസ്സയിൽ 5000 കുട്ടികളടക്കം പതിനായിരത്തിലേറെ ആളുകളാണ് കൊല്ലപ്പെട്ടത്. വംശഹത്യയെ പിന്തുണക്കുന്നവർക്ക് ഒരുതരത്തിലുള്ള കുലുക്കവും കാണാനില്ലെന്നും പ്രിയങ്ക കുറ്റപ്പെടുത്തി.
''എത്ര പരിതാപകരവും അപമാനകരവുമായ നാഴികക്കല്ലാണ് നാം പിന്നിട്ടുകൊണ്ടിരിക്കുന്നത്... ഗസ്സയിൽ പതിനായിരത്തിലധികം ആളുകൾ കൊല്ലപ്പെട്ടു. അതിൽ പകുതിയോളം കുട്ടികളാണ്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ഓരോ പത്ത് മിനിറ്റിലും ഒരു കുട്ടി കൊല്ലപ്പെടുന്നു. ഇപ്പോൾ ചെറിയ കുഞ്ഞുങ്ങളെ ഓക്സിജന്റെ അഭാവം മൂലം ഇൻകുബേറ്ററുകളിൽ നിന്ന് നീക്കം ചെയ്യുകയും മരിക്കാൻ വിട്ടുകൊടുക്കുകയാണ്.എന്നിട്ടും, ഈ വംശഹത്യയെ പിന്തുണയ്ക്കുന്നവരുടെ മനസ്സാക്ഷിക്ക് ഒരു തരത്തിലുള്ള ഞെട്ടലുമില്ല. വെടിനിർത്തലില്ല...കൂടുതൽ ബോംബുകൾ, കൂടുതൽ അക്രമം, കൂടുതൽ കൊലപാതകങ്ങൾ, കൂടുതൽ കഷ്ടപ്പാടുകൾ. ഈ നാശത്തെ പിന്തുണയ്ക്കുന്ന സർക്കാരുകളെ ഓർത്ത് ലജ്ജിക്കുന്നു. എപ്പോൾ മതിയാകും ഇത്.''-എന്നാണ് പ്രിയങ്ക ഗാന്ധി എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചത്.
ഒക്ടോബർ ഏഴിനാണ് ഹമാസിന്റെ ആക്രമണത്തിന് തിരിച്ചടിയായി ഇസ്രായേൽ ഗസ്സയിൽ കൂട്ടക്കൊല തുടങ്ങിയത്. ഇതു വരെ പതിനായിരത്തിൽ പരം ആളുകൾ മരണത്തിന് കീഴടങ്ങി.
യുദ്ധം ഉടൻ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് യു.എന്നിൽ അവതരിപ്പിച്ച പ്രമേയത്തിൽ നിന്ന് വിട്ടുനിന്ന ഇന്ത്യൻ നടപടിയെയും പ്രിയങ്ക വിമർശിച്ചിരുന്നു. സംഭവം ഞെട്ടിക്കുന്നതും നാണക്കേടുണ്ടാക്കുന്നതുമാണെന്നായിരുന്നു പ്രിയങ്കയുടെ പ്രതികരണം. കണ്ണിന് പകരം കണ്ണ് എന്ന രീതിയിൽ മുന്നോട്ട് പോയാൽ അത് ലോകത്തെ മുഴുവൻ അന്ധരാക്കുമെന്ന മഹാത്മഗാന്ധിയുടെ വാക്കുകളാണ് പ്രിയങ്ക പങ്കുവെച്ചത്. വംശഹത്യ നടത്തുന്നവർക്ക് ആളും പണവും നൽകി ലോകനേതാക്കളും ഒപ്പത്തിനൊപ്പം നിൽക്കുകയാണെന്നും പ്രിയങ്ക കുറ്റപ്പെടുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.