തൊഴിലില്ലായ്മയിൽ നിന്ന് ആത്മഹത്യയിലേക്ക്; രാജ്യത്ത് ജീവനൊടുക്കിയ പത്തിലൊരാൾക്കും തൊഴിൽ ഇല്ല
text_fieldsന്യൂഡൽഹി: രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയായി തൊഴിലില്ലായ്മ ഉയർന്നുവരുന്ന കാലത്ത് ഞെട്ടിക്കുന്ന വിവരങ്ങളുമായി നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകൾ. 2019ൽ ജീവനൊടുക്കിയവരിൽ 10.1 ശതമാനം പേർക്കും ജോലിയുണ്ടായിരുന്നില്ലെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഇതിൽ 2581 പേരുടെയും ആത്മഹത്യാ കാരണം തൊഴിലില്ലായ്മയാണ്. ആകെ 1,39,123 പേരാണ് കഴിഞ്ഞ വർഷം രാജ്യത്ത് ആത്മഹത്യ ചെയ്തതെന്നും ചൊവ്വാഴ്ച പുറത്തുവിട്ട കണക്കുകൾ ചൂണ്ടിക്കാട്ടുന്നു.
2018ൽ 1,34,516 പേരായിരുന്നു രാജ്യത്ത് ആത്മഹത്യ ചെയ്തത്. 2019ൽ 3.4 ശതമാനത്തിന്‍റെ വർധനവാണുണ്ടായത്. 2018ൽ 2741 പേരാണ് തൊഴിലില്ലായ്മ മൂലം ജീവനൊടുക്കിയത്.
ആത്മഹത്യ കണക്കുകളിൽ മഹാരാഷ്ട്രയാണ് മുന്നിട്ടുനിൽക്കുന്നത്. 18,916 പേരാണ് മഹാരാഷ്ട്രയിൽ കഴിഞ്ഞ വർഷം ജീവനൊടുക്കിയത്. രണ്ടാം സ്ഥാനത്ത് തമിഴ്നാടും (13,493) മൂന്നാം സ്ഥാനത്ത് പശ്ചിമ ബംഗാളും (12,665) ആണുള്ളത്.
'ആകെ ആത്മഹത്യയിൽ രണ്ട് ശതമാനം പേർ തൊഴിലില്ലായ്മ കാരണമാണ് ജീവനൊടുക്കിയത്. അതേസമയം, ആകെ ആത്മഹത്യ ചെയ്തവരിൽ 10.1 ശതമാനം പേർക്കും തൊഴിലുണ്ടായിരുന്നില്ല' -ഇതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ വ്യക്തമാക്കി. തൊഴിലില്ലാതെ ആത്മഹത്യ ചെയ്തത് 14,019 പേരാണെന്ന് കണക്കുകൾ കാണിക്കുന്നു.
കുടുംബപ്രശ്നങ്ങളാണ് മൂന്നിലൊന്ന് ആത്മഹത്യകൾക്കും കാരണം. മയക്കുമരുന്ന് ആസക്തി, തൊഴിൽ പ്രശ്നങ്ങൾ, ബന്ധങ്ങളിലെ പരാജയം, സാമ്പത്തിക പ്രശ്നങ്ങൾ തുടങ്ങിയവയാണ് ആത്മഹത്യയുടെ മറ്റ് പ്രധാന കാരണങ്ങൾ.
തൊഴിലില്ലായ്മ മൂലം ആത്മഹത്യ ചെയ്തവരിൽ ഭൂരിഭാഗം പേരും 18നും 30നും ഇടയിൽ പ്രായമായവരാണ്. 18ന് താഴെയുള്ള 62 പേരും, 18നും 30നും ഇടയിലെ 1366 പേരും, 30നും 40നും ഇടയിലെ 1055 പേരും, 45നും 60നും ഇടയിലെ 313 പേരും, 60ന് മുകളിലെ 55 പേരുമാണ് തൊഴിലില്ലായ്മ മൂലം ആത്മഹത്യ ചെയ്തത്.
കർണാടകയിലാണ് തൊഴിലില്ലായ്മ മൂലമുള്ള ആത്മഹത്യ ഏറ്റവും കൂടുതൽ- 553 പേർ. മഹാരാഷ്ട്ര, തമിഴ്നാട്, ഝാർഖണ്ഡ്, ഗുജറാത്ത് എന്നിവയാണ് പിന്നീടുള്ള സ്ഥാനങ്ങളിൽ.
കാർഷിക മേഖലയുമായി ബന്ധപ്പെട്ട 10,281 പേരാണ് 2019ൽ ആത്മഹത്യ ചെയ്തത്. 5957 പേർ കർഷകരും 4324 പേർ കാർഷിക മേഖലയിലെ ജീവനക്കാരുമാണ്. ആകെ ആത്മഹത്യയുടെ 7.4 ശതമാനം വരുമിത്.
ആകെ ആത്മഹത്യ ചെയ്തവരിൽ 70.2 ശതമാനവും പുരുഷന്മാരാണ്. 29.8 ശതമാനമാണ് സ്ത്രീകൾ. സ്ത്രീകളിൽ വലിയ വിഭാഗവും വിവാഹവുമായി ബന്ധപ്പെട്ട വിഷയങ്ങൾ കാരണമാണ് ജീവനൊടുക്കിയത്. ഇതിൽ സ്ത്രീധനവുമായി ബന്ധപ്പെട്ടാണ് ഏറിയ പങ്കും. ഗർഭധാരണ ശേഷിയില്ലാത്തതും ആത്മഹത്യക്ക് കാരണമാകുന്നതായി റിപ്പോർട്ടിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.