വന്ധ്യംകരണ ക്യാമ്പിൽ ഏഴു മണിക്കൂറിൽ 101 സ്ത്രീകൾക്ക് ശസ്ത്രക്രിയ; അന്വേഷണം
text_fieldsറായ്പൂർ: ഛത്തീസ്ഗഡിൽ സർക്കാർ വന്ധ്യംകരണ ക്യാമ്പിൽ ഏഴുമണിക്കൂറിൽ 101 സ്ത്രീകളെ ട്യൂബക്ടമിക്ക് വിധേയമാക്കിയതിൽ അന്വേഷണം. സ്ത്രീകളിൽ പ്രസവം നിർത്താനായി നടത്തുന്ന ശസ്ത്രക്രിയയാണ് ട്യൂബക്ടമി.
ആദിവാസി സ്ത്രീകളാണ് ചികിത്സക്ക് വിധേയമാക്കിയതിൽ അധികവും. അംബികാപുർ ജില്ലയിലെ മെയിൻപത്, സീതാപൂർ ബ്ലോക്കുകളിലെ സ്ത്രീകളാണ് നർമദാപുർ കമ്യൂണിറ്റി ഹെൽത്ത് സെന്‍ററിലെ ക്യാമ്പിലെത്തിയത്. ട്യൂബക്ടമിക്ക് വിധേയമാക്കി 10-15 മിനിറ്റ് വിശ്രമം നിർദേശിച്ച ശേഷം സ്ത്രീകളെ വീട്ടിേലക്ക് പറഞ്ഞയക്കുകയും ചെയ്തു. രാത്രി എട്ടുമുതൽ വെളുപ്പിന് മൂന്നുവരെയായിരുന്നു ശസ്ത്രക്രിയ.
2014 നവംബറിൽ ഛത്തീസ്ഗഡിലെ ബിലാസ്പുർ ജില്ലയിൽ നടത്തിയ വന്ധ്യംകരണ ക്യാമ്പിൽ ശസ്ത്രക്രിയക്ക് വിധേയമായ 15 സ്ത്രീകൾ അണുബാധയെ തുടർന്ന് മരിച്ചിരുന്നു. ഇതോടെ ക്യാമ്പിൽ 30 സ്ത്രീകളിൽ കൂടുതൽ പ്രതിദിനം ചികിത്സക്ക് വിധേയമാക്കരുതെന്ന് സർക്കാർ നിർദേശം പുറത്തിറക്കിയിരുന്നു. എന്നാൽ, ഈ നിർദേശം ലംഘിക്കുന്നതായിരുന്നു അംബികാപുരിലെ ക്യാമ്പ്.
'കുടുംബാസൂത്രണത്തിന്‍റെ ഭാരം പുരുഷൻമാരേക്കാൾ കൂടുതൽ ഇപ്പോഴും സ്ത്രീകൾക്കാണ്. അതിശയമെന്തെന്നാൽ അതിൽ എല്ലാ നിർദേശങ്ങളും ലംഘിക്കെപ്പടുകയും ചെയ്യുന്നു' -ആരോഗ്യവിദഗ്ധൻ ഡോ. പരിവേശ് മിശ്ര പറഞ്ഞു.
ബ്ലോക്ക് മെഡിക്കൽ ഓഫിസർമാരായ ഡോ. ജിബുനസ് ഏക്ത, ഡോ. ആർ.എസ്. സിങ് എന്നിവരാണ് ക്യാമ്പിൽ പെങ്കടുത്ത ഡോക്ടർമാർ. നിരവധി സ്ത്രീകൾ ചികിത്സക്കായി ക്യാമ്പിലേക്ക് എത്തുകയായിരുന്നുവെന്നും സർജറി നടത്താതെ അവർ വീട്ടിലേക്ക് മടങ്ങാൻ കൂട്ടാക്കിയില്ലെന്നും ഡോക്ടർമാർ പറയുന്നു.
സംഭവം പുറത്തറിഞ്ഞതോടെ ജില്ല ആരോഗ്യ ഓഫിസർ പി.എസ്. സിസോദിയ അന്വേഷണത്തിനായി മൂന്നംഗ ഡോക്ടർമാരുടെ സമിതിയെ നിയോഗിച്ചു. ക്യാമ്പിന് നേതൃത്വം നൽകിയ രണ്ടു ഡോക്ടർമാർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.