ആംബുലൻസ് അഴിമതി കേസ് പുതിയ മാനങ്ങളിലേക്ക്
text_fieldsന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രി വയലാർ രവിയുടെ മകൻ രവികൃഷ്ണ അടക്കം നാലുപേരെ പ്രതികളാക്കി സി.ബി.െഎ കുറ്റപത്രം സമർപ്പിച്ചതോടെ, രാജസ്ഥാനിലെ ആംബുലൻസ് അഴിമതി കേസ് പുതിയ മാനങ്ങളിലേക്ക്. മുൻ ധനമന്ത്രി പി. ചിദംബരവും മകൻ കാർത്തി ചിദംബരവും കേന്ദ്ര അന്വേഷണ ഏജൻസികളുടെ കുരുക്കിലായതിനു പിന്നാലെയാണ് ആംബുലൻസ് അഴിമതിക്കേസിൽ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. 2.56 കോടി രൂപയുടെ തിരിമറി സംബന്ധിച്ച കേസിൽ മൂന്നു വർഷത്തെ അന്വേഷണത്തിനു ശേഷമാണ് ഇേപ്പാൾ കുറ്റപത്രം നൽകിയിട്ടുള്ളത്. സികിറ്റ്സ ഹെൽത്ത് കെയർ എന്ന സ്വകാര്യ കമ്പനിയുടെ ഡയറക്ടറാണ് രവികൃഷ്ണ. രാജസ്ഥാനിൽ അശോക് ഗെഹ്ലോട്ട് മുഖ്യമന്ത്രിയായിരുന്നപ്പോൾ ഇൗ കമ്പനിയുടെ 450 ആംബുലൻസ് 33 ജില്ലകളിലായി ഒാടിച്ച വകയിൽ കൃത്രിമ ബില്ലുകൾ നൽകി പണം തട്ടിയെന്നാണ് കേസ്.
ഇതിൽ കൂടുതൽ കോൺഗ്രസ് നേതാക്കളോ അവരുടെ മക്കളോ കുരുങ്ങിയെന്നു വരാം. ഇപ്പോഴത്തെ കുറ്റപത്രത്തിൽ സികിറ്റ്സ ചീഫ് എക്സിക്യൂട്ടിവ് ഒാഫിസർ ശ്വേത മംഗൾ, ജീവനക്കാരനായ അമിത് ആൻറണി അലക്സ് എന്നിവരെയും സികിറ്റ്സ കമ്പനിയെയുമാണ് രവികൃഷ്ണക്കൊപ്പം പ്രതി ചേർത്തിട്ടുള്ളത്. ബി.ജെ.പി സർക്കാർ സംസ്ഥാനത്ത് അധികാരത്തിൽ വന്നശേഷം രജിസ്റ്റർ ചെയ്ത എഫ്.െഎ.ആറിൽ മുൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്, കമ്പനി ഡയറക്ടർമാരായ കോൺഗ്രസ് നേതാവ് സചിൻ പൈലറ്റ്, പി. ചിദംബരത്തിെൻറ മകൻ കാർത്തി ചിദംബരം, അന്നത്തെ ആരോഗ്യമന്ത്രി ദുരു മിർസ, ദേശീയ ഗ്രാമീണാരോഗ്യ മിഷൻ ഡയറ്കടർ എന്നിവരെയും ഉൾപ്പെടുത്തിയിരുന്നു.
എന്നാൽ, മൂന്നു വർഷത്തെ അന്വേഷണത്തിനുശേഷം സമർപ്പിച്ച കുറ്റപത്രത്തിൽ ഗെഹ്ലോട്ട്, സചിൻ പൈലറ്റ്, കാർത്തി ചിദംബരം, ദുരു മിർസ എന്നിവരെ ഉൾപ്പെടുത്തിയിട്ടില്ല. അന്വേഷണം തുടരുകയാണെന്നും പുതിയ തെളിവുകൾ കിട്ടുന്ന മുറക്ക് കൂടുതൽ കുറ്റപത്രങ്ങൾ സമർപ്പിക്കുമെന്നുമാണ് സി.ബി.െഎ ഉദ്യോഗസ്ഥർ പറയുന്നത്. എം.പിയാകുന്നതിനു മുമ്പ് 2013ൽ തന്നെ ഇൗ കമ്പനിയുടെ ഡയറക്ടർ സ്ഥാനം താൻ രാജി വെച്ചിരുന്നതായി നേരത്തെ സചിൻ പൈലറ്റ് വിശദീകരിച്ചിരുന്നു. ലാഭേതര സംരംഭത്തിൽ നിന്ന് ലാഭത്തിനു വേണ്ടി പ്രവർത്തിക്കുന്ന കമ്പനിയാക്കാൻ തീരുമാനിച്ച സാഹചര്യത്തിലായിരുന്നു ഇൗ പിന്മാറ്റം. പൊതുനന്മ മുൻനിർത്തി മാത്രമാണ് സികിറ്റ്സയുമായി സഹകരിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു.
മുമ്പ് വസുന്ധര രാജെ മുഖ്യമന്ത്രിയായിരുന്ന കാലത്ത് 108 എന്ന നമ്പറോടെ ആംബുലൻസ് സേവനങ്ങൾ തുടങ്ങിയിരുന്നു. ഇതിെൻറ പ്രവർത്തനങ്ങളിൽ ക്രമക്കേടുള്ളതിനാൽ പുതിയ ടെൻഡർ വിളിക്കാൻ ഗെഹ്ലോട്ട് സർക്കാർ വന്നപ്പോൾ തീരുമാനിച്ചു. അങ്ങനെയാണ് സികിറ്റ്സ ഹെൽത്ത് കെയർ പ്രൈവറ്റ് ലിമിറ്റഡിന് കരാർ കിട്ടിയത്. ഇൗ കമ്പനിക്ക് കരാർ കിട്ടാൻ പാകത്തിലാണ് ടെൻഡർ വ്യവസ്ഥ രൂപപ്പെടുത്തിയതെന്ന് സി.ബി.െഎ കേന്ദ്രങ്ങൾ വിശദീകരിക്കുന്നു.
ഗതിനിർണയ സംവിധാനമായ ജി.പി.എസ് ഘടിപ്പിച്ചിട്ടുള്ള ആംബുലൻസിനു മാത്രം അനുമതി നൽകുമെന്നായിരുന്നു വ്യവസ്ഥ. സികിറ്റ്സയുടെ ആംബുലൻസിനുമാത്രമാണ് ജി.പി.എസ് ഉണ്ടായിരുന്നത്. ഇൗ കമ്പനിയെ സഹായിക്കാനാണ് ഇത്തരമൊരു വ്യവസ്ഥ ടെൻഡറിൽ ഉൾപ്പെടുത്തിയതെന്നാണ് സി.ബി.െഎയുടെ കണ്ടെത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.