ബിൽക്കീസ് ബാനു കേസിലെ വിട്ടയച്ച 11 പ്രതികളും വീണ്ടും ജയിലിൽ; കീഴടങ്ങിയത് ഇന്നലെ രാത്രിയിൽ
text_fieldsഗോധ്ര: ബിൽക്കീസ് ബാനു കൂട്ടബലാത്സംഗക്കേസിൽ ബി.ജെ.പി സർക്കാർ വിട്ടയച്ച 11 പ്രതികളും കീഴടങ്ങി. ഇന്നലെ രാത്രി 12 മണിയോടെ ഗുജറാത്തിലെ പഞ്ച്മഹൽ ജില്ലയിലെ ഗോധ്ര സബ് ജയിലിലാണ് പ്രതികൾ കീഴടങ്ങിയത്. ജസ്വന്ത്ഭായ്, ഗോവിന്ദ്ഭായ്, ശൈലേഷ് ഭട്ട്, രാധേശ്യാം ഷാ, ബിപിൻചന്ദ്ര ജോഷി, കേസർഭായ് വൊഹാനിയ, പ്രദീപ് മൊറാദിയ, ബക്ഭായ് വൊഹാനിയ, രാജുഭായ് സോണി, മിതേഷ് ഭട്ട്, രമേഷ് ചന്ദ്രാന എന്നിവർ കീഴടങ്ങിയതായി സെൻട്രൽ ജയിൽ ഉദ്യോഗസ്ഥരാണ് അറിയിച്ചത്.
2002ലെ ഗുജറാത്ത് കലാപത്തിനിടെ ബിൽക്കീസ് ബാനുവിനെ സംഘം ചേർന്നു പീഡിപ്പിക്കുകയും കുടുംബത്തിലെ ഏഴു പേരെ കൊലപ്പെടുത്തുകയും ചെയ്ത 11 പ്രതികളെയാണ് ശിക്ഷ തീരുംമുമ്പ് ബി.ജെ.പി സർക്കാർ വിട്ടയച്ചത്.
ബി.ജെ.പി സർക്കാർ നടപടി വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ജയിലിൽ നിന്നിറങ്ങിയ പ്രതികളെ മാലയിട്ടും മധുരം നൽകിയുമാണ് സ്വീകരിച്ചത്. വി.എച്ച്.പി ഓഫിസിലടക്കം പ്രതികൾക്ക് സ്വീകരണം നൽകിയിരുന്നു. സർക്കാർ നടപടിക്കെതിരെ ബിൽക്കീസ് ബാനു സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
ഗുജറാത്ത് സർക്കാറിന്റെ നടപടി ചട്ടവിരുദ്ധവും നിയമവിരുദ്ധവുമാണെന്ന് ചൂണ്ടിക്കാട്ടി പ്രതികളുടെ ശിക്ഷായിളവ് സുപ്രീംകോടതി റദ്ദാക്കി. അധികാര ദുർവിനിയോഗം ചെയ്തതിന്‍റെ പേരിൽ സർക്കാർ ഉത്തരവ് റദ്ദാക്കുകയാണെന്നും പ്രതികൾ രണ്ടാഴ്ചക്കുള്ളിൽ കീഴടങ്ങണമെന്നും ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, ഉജ്ജൽ ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു.
ഗുജറാത്ത് സർക്കാറിന് പ്രതികളെ വിട്ടയക്കാൻ അധികാരമില്ല. മഹാരാഷ്ട്രയിൽ വിചാരണ നടന്ന കേസായതിനാൽ മഹാരാഷ്ട്ര സർക്കാറാണ് പ്രതികൾക്ക് ശിക്ഷാ ഇളവ് സംബന്ധിച്ച തീരുമാനം എടുക്കേണ്ടത്. ഗുജറാത്ത് സർക്കാർ പ്രതികളുമായി ഒത്തുകളിച്ചും നിയമവ്യവസ്ഥയെ അട്ടിമറിച്ചും ഇല്ലാത്ത അധികാരം ഉപയോഗിച്ചുമാണ് വിട്ടയച്ചത്. പ്രതികൾ കോടതിയെ തെറ്റിദ്ധരിപ്പിച്ചു. തട്ടിപ്പിലൂടെയാണ് പ്രതികൾ അനുകൂല വിധി നേടിയത്. പ്രതികൾ സഹാനുഭൂതി അർഹിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.