തമിഴ്നാട്ടിലെ വിഷമദ്യ ദുരന്തം; മരണം 17, സി.ബി.സി.ഐ.ഡി അന്വേഷണത്തിന് ഉത്തരവിട്ടു
text_fieldsചെന്നൈ: വിഴുപ്പുറം, ചെങ്കൽപ്പട്ട് ജില്ലകളിലുണ്ടായ വിഷമദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 17 ആയി ഉയർന്നു. മൂന്ന് സ്ത്രീകളും ഇതിൽ ഉൾപ്പെടും. 60ഓളം പേർ ചികിത്സയിലാണ്. ഇവരിൽ പലരുടെയും നില ഗുരുതരമാണ്.
വെള്ളി, ശനി ദിവസങ്ങളിൽ വിൽപന നടത്തിയ പാക്കറ്റ് വിഷചാരായം കഴിച്ചവരാണ് ദുരന്തത്തിൽപ്പെട്ടത്. വിഴുപ്പുറം ജില്ലയിലെ മരക്കാനം എക്കിയാർകുപ്പത്ത് 12 പേരും ചെങ്കൽപ്പട്ട് ജില്ലയിലെ മധുരാന്തകം സെയ്യൂരിൽ അഞ്ചുപേരുമാണ് മരിച്ചത്. ഭൂരിഭാഗം പേരും മത്സ്യത്തൊഴിലാളി കുടുംബങ്ങളിൽപ്പെട്ടവരാണ്.വിഴുപ്പുറം മരക്കാനം മുണ്ടിയപാക്കം ഗവ. ആശുപത്രിയിൽ വ്യാജ മദ്യം കഴിച്ച് ചികിത്സയിൽ കഴിയുന്നവരെ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ സന്ദർശിച്ചു. വ്യാജമദ്യ ദുരന്ത കേസന്വേഷണം സി.ബി.സി.ഐ.ഡിക്ക് കൈമാറിയതായി സ്റ്റാലിൻ അറിയിച്ചു.
അതിനിടെ മേഖലയിലെ മദ്യനിരോധന വിഭാഗം പൊലീസിലെ പത്തിലധികം ഉദ്യോഗസ്ഥരെ അന്വേഷണവിധേയമായി സർവിസിൽനിന്ന് സസ്പെൻഡ് ചെയ്തു. മരിച്ചവരുടെ കുടുംബങ്ങൾക്ക് പത്തുലക്ഷം രൂപ വീതവും ചികിത്സയിൽ കഴിയുന്നവർക്ക് അരലക്ഷം രൂപ വീതവും കൈമാറി. വ്യവസായിക ആവശ്യത്തിന് ഉപയോഗിക്കുന്ന മെഥനോൾ തുടങ്ങിയ രാസവസ്തുക്കൾ കൂടിയ അളവിൽ കലർത്തിയ മദ്യം കഴിച്ചതാണ് മരണത്തിന് കാരണമായതെന്ന് ഉത്തര മേഖല ഐ.ജി എൻ. കണ്ണൻ അറിയിച്ചു.
മലർവിഴി (60), ശങ്കർ (55), ധരണിവേൽ (50), സുരേഷ് (65), രാജമൂർത്തി (55) എന്നിവരാണ് വില്ലുപുരത്ത് മരിച്ചത്. മത്സ്യത്തൊഴിലാളികളാണ് മരിച്ചവരിൽ ഏറെയും. പുതുച്ചേരിയിലെ ജവഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ച് (ജിപ്മർ), പോണ്ടിച്ചേരി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (പിംസ്) എന്നിവിടങ്ങളിലാണ് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടവരെ ചികിത്സക്കായി എത്തിച്ചത്.
കേസുമായി ബന്ധപ്പെട്ട് രണ്ടുപേർ അറസ്റ്റിലായതിൽ ഒരാൾ വില്ലുപുരം മരക്കാനം സ്വദേശി അമരൻ (25) ആണ്. സംഭവത്തിൽ ഇൻസ്‌പെക്ടർമാരും സബ് ഇൻസ്‌പെക്ടർമാരും ഉൾപ്പെടെ ഏഴ് പോലീസുകാരെ സസ്പെൻഡ് ചെയ്തതായി നോർത്ത് സോൺ ഐജി സീനിയർ പൊലീസ് ഓഫീസർ കണ്ണൻ പറഞ്ഞു. അനധികൃത മദ്യവിൽപനക്കാരെ കണ്ടെത്താനായി പല ഗ്രാമങ്ങളിലും പൊലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
മെഥനോൾ, രാസവസ്തുക്കൾ, വെള്ളം എന്നിവ ചേർത്താണ് മരണത്തിന് കാരണമായ മദ്യം ഉണ്ടാക്കിയത്. 200 മില്ലിയുടെ പാക്കറ്റ് 30 രൂപയ്ക്കാണ് വിറ്റിരുന്നത്. ശനിയാഴ്ച പതിനഞ്ചിലേറേ പേർ അമരനിൽ നിന്ന് മദ്യം വാങ്ങിയതായി പോലീസ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. ഞായറാഴ്ച വൈകുന്നേരത്തോടെയാണ് ഇതിൽ എട്ടോളം പേരെ ശാരീരികാസ്വാസ്ഥ്യത്തെ തുടർന്ന് പുതുച്ചേരിയിലെ ആശുപത്രിയിലെത്തിച്ചത്. അനധികൃത മദ്യത്തിന്റെ വിൽപന വർദ്ധിച്ചു വരുന്നതായി ജില്ലാ പോലീസിന് നേരത്തേ തന്നെ വിവരം ലഭിച്ചിരുന്നെങ്കിലും ആവശ്യമായ നടപടികൾ സ്വീകരിച്ചിരുന്നില്ല. വിഷയത്തിൽ പ്രതിപക്ഷ പ്രതിഷേധം രൂക്ഷമായതോടെ സംസ്ഥാന സർക്കാർ നടപടികൾ വേഗത്തിലാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.