ലുധിയാനയിൽ വാതക ചോർച്ച; മരണം 11 ആയി, മരിച്ചവരിൽ മൂന്നു കുട്ടികളും
text_fieldsഛണ്ഡീഗഡ്: പഞ്ചാബിലെ ലുധിയാനിൽ വാതകം ചോർന്ന് മരിച്ചവരുടെ എണ്ണം 11 ആയി. ശ്വാസം മുട്ടി മരിച്ചവരിൽ മൂന്നു കുട്ടികളും ഉൾപ്പെടും. നിരവധി പേർ ഫാക്ടറിക്കകത്ത് കുടുങ്ങിക്കിടക്കുന്നതായും സംശയിക്കുന്നുണ്ട്. 11 പേർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതായും പൊലീസ് അറിയിച്ചു. ലുധിയാനയിലെ ഗിയാസ്പുരയിൽ ഷേർപൂർ ചൗകിൽ ശീതളപാനീയ കട, പലചരക്ക് കട, മെഡിക്കൽ ക്ലിനിക്ക് എന്നിവയുൾപ്പെടെ വിവിധ സ്ഥാപനങ്ങളുള്ള ബ്ലോക്കിൽ നിന്നാണ് വാതകം ചോർന്നതെന്നാണ് പ്രാഥമിക റിപ്പോർട്ട്.
ഇന്ന് രാവിലെ 7.30 ഓടെയാണ് ദുരന്തം. കെട്ടിട സമുച്ചയത്തിൽ പ്രവർത്തിക്കുന്ന ക്ലിനിക്കിൽ ദമ്പതികളെയും മൂന്ന് കുട്ടികളെയും മരിച്ച നിലയിൽ കണ്ടെത്തിയതായും പൊലീസ് അറിയിച്ചു. ഏതുതരം വാതകമാണ് ചോർന്നതെന്ന് ഇതു വരെ വ്യക്തമായിട്ടില്ലെന്ന് ദുരന്ത നിവാരണ സേന അറിയിച്ചു.
ഗോയൽ മിൽക് ഫാക്ടറിയുടെ ശീതീകരണയിൽ നിന്നാണ് വാതകം ചോർന്നതെന്നും റിപ്പോർട്ടുണ്ട്. വീടുകളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ച് പ്രദേശം പൊലീസ് സീൽ ചെയ്തു. പ്രദേശത്തേക്ക് കടക്കുന്നത് അപകടത്തിനിടയാക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. രക്ഷാ പ്രവർത്തനത്തിനായി ദേശീയദുരന്ത നിവാരണ സേനയുടെ 50 അംഗ പ്രത്യേക സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. ജനവാസ മേഖലയിലാണ് വാതക ചോർച്ച അനുഭവപ്പെട്ടിരിക്കുന്നത്. ദുരന്ത മേഖലയിലേക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നൽകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.