'ശിരോവസ്ത്ര വിലക്ക്' ശരിവെച്ച ജസ്റ്റിസ് ഗുപ്തയുടെ 11 ചോദ്യോത്തരങ്ങൾ
text_fields11 ചോദ്യങ്ങളുണ്ടാക്കി അവയുടെ ഉത്തരങ്ങൾ നൽകി എല്ലാ അപ്പീലുകളും തള്ളുകയായിരുന്നു ജസ്റ്റിസ് ഹേമന്ത് ഗുപ്ത. ജസ്റ്റിസ് ഗുപ്ത പറഞ്ഞതിങ്ങനെ
1) ഹിജാബ് കേസ് ഭരണഘടനബെഞ്ചിന് വിടേണ്ടതില്ല.
2) കർണാടക വിദ്യാഭ്യാസ നിയമ പ്രകാരം കോളജ് വികസന സമിതിയുണ്ടാക്കിയതും ആ സമിതി യൂനിഫോമിൽ നിയന്ത്രണം കൊണ്ടുവന്നതും ചട്ടവിരുദ്ധമല്ല
3) സർക്കാർ ഉത്തരവ് സ്കൂളുകളിൽ ഐകരൂപ്യം ഉണ്ടാക്കാനായതിനാൽ മതസ്വാതന്ത്ര്യത്തിനുള്ള നിയന്ത്രണം ഭരണഘടനയുടെ 25(1) അനുഛേദവുമായി ബന്ധപ്പെടുത്തി കാണണം.
4) സർക്കാർ ഫണ്ടുകൊണ്ട് നടത്തുന്ന സ്കൂളിൽ മതവിശ്വാസത്തിന്റെ അത്തരം ചിഹ്നങ്ങൾ പാടില്ലെന്ന് നിർദേശിക്കാൻ ഭരണകൂടത്തിന് അധികാരമുള്ളതിനാൽ സർക്കാർ ഉത്തരവിലൂടെ ഹിജാബ് ധരിക്കുന്നതിന് നിയന്ത്രണമേർപ്പെടുത്താം.
5) മൗലികാവകാശങ്ങൾ പരമമല്ലാത്തതിനാൽ യുക്തിസഹമായി അവ ലംഘിക്കുന്നത് അനുവദനീയമാണ്. അനുഛേദം 19(1)എ പ്രകാരമുള്ള അഭിപ്രായ സ്വാതന്ത്ര്യവും 21 പ്രകാരമുള്ള സ്വകാര്യതക്കുള്ള അവകാശവും പരസ്പര പൂരകമാണ്.
6) ശിരോവസ്ത്രം പെൺകുട്ടികളുടെ അന്തസ്സുയർത്തിപ്പിടിക്കും എന്നവാദം അംഗീകരിക്കാനാകില്ല. സ്കൂളിന് പുറത്ത് മതചിഹ്നങ്ങളാകാം. എന്നാൽ, സ്കൂളുകളിലും പ്രീ യൂനിവേഴ്സിറ്ററി കോളജുകളിലും അവരെ കണ്ടാൽ ഒരുപോലെ തോന്നണം.
അവർ ഒരു പോലെ ചിന്തിക്കുകയും ഒരേ വികാരങ്ങൾ പ്രകടിപ്പിക്കുകയും ഒരുമിച്ച് സൗഹാർദ അന്തരീക്ഷത്തിൽ പഠിക്കുകയും വേണം. അതിനാണ് യൂനിഫോം.
7) ഹിജാബ് വിലക്ക് വിദ്യാർഥിക്ക് വിദ്യാഭ്യാസത്തിനുള്ള അവകാശ നിഷേധമല്ല. അതിനാൽ മതേതര സ്കൂളിൽ ശിരോവസ്ത്രം ധരിക്കൽ തന്റെ അവകാശമായി ഒരു വിദ്യാർഥിക്ക് അവകാശപ്പെടാനാവില്ല.
8) യൂനിഫോം ചട്ടങ്ങൾ പാലിക്കാനാവില്ലെന്നത് കുട്ടിയുടെ തീരുമാനമാണ്. സ്കൂളിന്റെ തീരുമാനമല്ല. അതിനാൽ ഭരണഘടനയുടെ 21ാം അനുഛേദപ്രകാരം വിദ്യാഭ്യാസത്തിനുള്ള അവകാശം സർക്കാർ നിഷേധിച്ചിട്ടില്ല
9) മതേതര സ്കൂളുകളിൽ വ്യത്യസ്ത വിശ്വാസം പുലർത്തുന്ന വിദ്യാർഥികളോട് വ്യത്യസ്ത സമീപനത്തിന് വഴിവെക്കുമെന്നതിനാൽ ഹിജാബിനുള്ള അവകാശം തേടിയത് ഭരണഘടനയുടെ 14ാം അനുഛേദത്തിന്റെ ചൈതന്യത്തിനെതിരാണ്.
10) ഹിജാബ് വിലക്കിയ ഉത്തരവിലൂടെ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള അവസരം സർക്കാർ നിഷേധിച്ചു എന്ന് പറയാനാവില്ല.
11) മതേതരത്വം എല്ലാ പൗരന്മാർക്കും ബാധകമായതിനാൽ ഒരു മതസമുദായത്തെമാത്രം അവരുടെ ചിഹ്നങ്ങൾ ധരിക്കാൻ അനുവദിക്കുന്നത് മതേതരത്വത്തിനെതിരാണ്. അതിനാൽ സർക്കാർ ഉത്തരവ് മതേതര നൈതികതക്ക് എതിരാണെന്ന് പറയാനാവില്ല.
ശിരോവസ്ത്ര കേസിന്റെ നാൾ വഴി
•2021 ഡിസംബർ 31: ഉഡുപ്പി ബി.ജെ.പി എംഎൽ.എയും കോളജ് വികസന മാനേജ്മെന്റ് സമിതി പ്രസിഡന്റുമായ രഘുപതി ഭട്ടിന്റെ നിർദേശത്തെ തുടർന്ന് ഉഡുപ്പി ഗവ. പി.യു കോളജിൽ ശിരോവസ്ത്ര വിലക്ക് ഏർപ്പെടുത്തുന്നു. തുടർന്ന് ആറു വിദ്യാർഥിനികൾ ക്ലാസിന് പുറത്തിരുന്ന് പ്രതിഷേധിക്കുന്നു. കോളജിന്റെ തീരുമാനത്തിനെതിരെ കർണാടക ഹൈകോടതിയിൽ റിട്ട് ഹരജി
•2022 ജനുവരി രണ്ട്: കുന്താപുര ഗവ. ജൂനിയർ പി.യു കോളജിലും ശിരോവസ്ത്രം ധരിച്ച വിദ്യാർഥിനികൾക്ക് വിലക്ക്
•ജനുവരി മൂന്ന്: ഹിജാബിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി കുന്താപുര ഗവ. പി.യു കോളജിൽ ചില വിദ്യാർഥികൾ കാവിഷാൾ ധരിച്ചെത്തുന്നു
•ജനുവരി 26: ശിരോവസ്ത്ര വിവാദത്തിൽ കർണാടക സർക്കാർ വിദഗ്ധ സമിതിയെ നിയോഗിക്കുന്നു
•ജനുവരി 31: ഭരണഘടന അനുധാവനം ചെയ്യുന്ന മൗലികാവകാശം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് വിദ്യാർഥിനികൾ ശിരോവസ്ത്ര വിലക്കിനെതിരെ കർണാടക ഹൈകോടതിയെ സമീപിക്കുന്നു
•ഫെബ്രുവരി അഞ്ച്: ക്ലാസ് മുറികളിൽ ശിരോവസ്ത്രം നിരോധിച്ച് കർണാടക സർക്കാർ ഉത്തരവ് പുറപ്പെടുവിക്കുന്നു
•ഫെബ്രുവരി ഏഴ്: ശിരോവസ്ത്രം ധരിച്ച വിദ്യാർഥിനികൾക്ക് കുന്താപുര ഗവ. പി.യു കോളജിൽ പ്രത്യേക ക്ലാസ് മുറിയിൽമാത്രം പ്രവേശനം നൽകുന്നു
•ഫെബ്രുവരി എട്ട്: കർണാടകയിലെ വിവിധ കോളജുകളിൽ സംഘർഷം രൂപപ്പെടുന്നു. നിരോധനാജ്ഞ. സ്കൂളുകളും കോളജുകളും അടക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം
•ഫെബ്രുവരി ഒമ്പത്: ഹരജിക്കാരായ വിദ്യാർഥിനികളുടെ ഫോൺ നമ്പറും വിലാസവും സമൂഹ മാധ്യമങ്ങൾവഴി സംഘ്പരിവാർ കേന്ദ്രങ്ങൾ പ്രചരിപ്പിക്കുന്നു
•ഫെബ്രുവരി 10: കലാലയങ്ങൾ തുറക്കാൻ കർണാടക ഹൈകോടതിയുടെ ഇടക്കാല ഉത്തരവ്. അന്തിമ വിധിവരെ ശിരോവസ്ത്ര വിലക്ക് തുടരും
•ഫെബ്രുവരി 11: ഇടക്കാല ഉത്തരവിനെതിരെ സുപ്രീംകോടതിയിൽ ഹരജി
•ഫെബ്രുവരി 20: ശിവമൊഗ്ഗയിൽ ബജ്റങ്ദൾ പ്രവർത്തകൻ ഹർഷ കൊല്ലപ്പെടുന്നു. ശിരോവസ്ത്രത്തിനെതിരായ സമരത്തിന്റെ പേരിലാണ് കൊലപാതകമെന്ന് ഹിന്ദുത്വ സംഘടനകൾ
•മാർച്ച് 15: ശിരോവസ്ത്രം ഇസ്ലാം മതാചാരത്തിന്റെ ഭാഗമല്ലെന്ന അന്തിമ വിധിയുമായി കർണാടക ഹൈകോടതി. വിധിക്കെതിരെ ഹരജിക്കാർ സുപ്രീംകോടതിയെ സമീപിക്കുന്നു
•ജൂലൈ 13: ഹരജി സുപ്രീംകോടതി ഫയലിൽ സ്വീകരിക്കുന്നു
•സെപ്റ്റംബർ 22: ഹരജികൾ വിധിപറയാൻ മാറ്റിവെക്കുന്നു
•ഒക്ടോബർ 13: കേസിൽ ഭിന്ന വിധിയുമായി സുപ്രീംകോടതി. കേസ് വിശാല ബെഞ്ചിന്റെ പരിഗണനക്കായി ചീഫ് ജസ്റ്റിസിലേക്ക്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.