മണിപ്പൂരിൽ വീണ്ടും സംഘർഷം; പൊലീസ് സ്റ്റേഷനു നേരെ ആക്രമണം: 11 കുക്കികളെ വെടിവെച്ചു കൊന്നു
text_fieldsഇംഫാൽ: വംശീയ കലാപം രൂക്ഷമായ മണിപ്പൂരിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ 11 കുക്കികൾ കൊല്ലപ്പെട്ടു. അസം അതിർത്തിയോട് ചേർന്ന ജിരിബാം ജില്ലയിലെ ബൊറോബേക്ര സബ്ഡിവിഷൻ പരിധിയിലാണ് സംഭവം.
തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3.30ഓടെ ഒരു സംഘം കുക്കികൾ സി.ആർ.പി.എഫ് ക്യാമ്പ് ആക്രമിച്ചതോടെയാണ് ഏറ്റുമുട്ടലിന് തുടക്കം. സി.ആർ.പി.എഫിന്റെ പ്രത്യാക്രമണത്തിലാണ് 11 പേർ കൊല്ലപ്പെട്ടത്. ഇവരിൽനിന്ന് നിരവധി ആയുധങ്ങളും പിടിച്ചെടുത്തു. ഏറ്റുമുട്ടലിൽ രണ്ട് സി.ആർ.പി.എഫ് ജവാന്മാർക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ സ്ഥിതി ഗുരുതരമാണ്. അഞ്ച് ഗ്രാമീണരെ കാണാതായതായും പൊലീസ് പറഞ്ഞു. ഇവരെ അക്രമികൾ തട്ടിക്കൊണ്ടുപോയതാണോ രക്ഷപ്പെടാൻ ഒളിവിൽ പോയതാണോ എന്ന് വ്യക്തമല്ല.
സി.ആർ.പി.എഫ് ക്യാമ്പ് ആക്രമിക്കുന്നതിന് മുമ്പ് ബൊറോബേക്രയിലെ പൊലീസ് സ്റ്റേഷനുനേരെ കുക്കികൾ ആക്രമണം നടത്തിയിരുന്നു. തുടർന്ന്, പൊലീസ് തിരിച്ചുവെടിവെച്ചു. ഉച്ചക്ക് 2.30ഓടെ പൊലീസ് സ്റ്റേഷന്റെ ഇരു വശത്തുനിന്നും കുക്കികൾ ആക്രമിക്കുകയായിരുന്നു. പ്രദേശത്തെ നിരവധി കടകൾക്കും വീടുകൾക്കും അക്രമികൾ തീവെക്കുകയും ചെയ്തു. പൊലീസ് സ്റ്റേഷന് സമീപം ദുരിതാശ്വാസ ക്യാമ്പും സ്ഥിതി ചെയ്യുന്നുണ്ട്.
അതിനിടെ, ഇംഫാൽ ഈസ്റ്റ് ജില്ലയിൽ തിങ്കളാഴ്ച രാവിലെ വയലിൽ ജോലി ചെയ്യുകയായിരുന്ന കർഷകന് ആക്രമണത്തിൽ പരിക്കേറ്റു. അയൽ ജില്ലയായ കാങ്പോക്പിയിലെ മലമുകളിൽനിന്ന് ഭീകരർ വെടിയുതിർക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. രാവിലെ 9.20ഓടെയാണ് സംഭവം. കർഷകന്റെ കൈയിലാണ് വെടിയുണ്ട തറച്ചത്. ഉടൻതന്നെ സ്ഥലത്തെത്തിയ സുരക്ഷാ ഉദ്യോഗസ്ഥർ തിരിച്ച് വെടിയുതിർത്തു. പരിക്കേറ്റ കർഷകനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ നില ഗുരുതരമല്ലെന്ന് പൊലീസ് പറഞ്ഞു.
ശനിയാഴ്ച ബിഷ്ണുപൂർ ജില്ലയിലെ സയ്തോണിൽ വയലിൽ ജോലി ചെയ്യുകയായിരുന്ന കർഷക സ്ത്രീയെ വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു. ചുരാചാന്ദ്പൂർ ജില്ലയിലെ മലമുകളിൽനിന്നാണ് വെടിവെപ്പുണ്ടായത്. ഞായറാഴ്ചയും ഇംഫാൽ ഈസ്റ്റ് ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ സമാന ആക്രമണം നടന്നിരുന്നു. അതിനിടെ, മണിപ്പൂരിലെ വിവിധ ജില്ലകളിൽ മൂന്ന് ദിവസമായി നടത്തിയ റെയ്ഡിൽ നിരവധി ആയുധങ്ങൾ പിടിച്ചെടുത്തതായി അസം റൈഫിൾസ് അറിയിച്ചു. ചുരാചാന്ദ്പൂർ ജില്ലയിലെ ഖൊനോംഫായി ഗ്രാമത്തിൽ നടന്ന തിരച്ചിലിൽ രണ്ട് റൈഫിൾ, രണ്ട് പിസ്റ്റൽ, ആറ് ഒറ്റക്കുഴൽ തോക്ക്, വെടിയുണ്ടകൾ തുടങ്ങിയവ പിടിച്ചെടുത്തു. കാങ്പോക്പി ജില്ലയിൽ നടന്ന റെയ്ഡിൽ രണ്ട് റൈഫിൾ, രണ്ട് ഒറ്റക്കുഴൽ തോക്ക്, രണ്ട് പിസ്റ്റൾ, രണ്ട് മിസൈൽ ലോഞ്ചറുകൾ, വെടിയുണ്ടകൾ തുടങ്ങിയവ കണ്ടെടുത്തു. കാക്ചിങ് ജില്ലയിൽ നടത്തിയ തിരച്ചിലിൽ ഒരു റൈഫിൾ, വെടിയുണ്ടകൾ തുടങ്ങിയവ പിടിച്ചെടുത്തു. സൈന്യം, അസം റൈഫിൾ, മണിപ്പൂർ പൊലീസ് എന്നിവ സംയുക്തമായാണ് തിരച്ചിൽ നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.