110 കോടി ജനങ്ങൾ കടുത്ത ദാരിദ്ര്യത്തിൽ; ഇന്ത്യ മുന്നിൽ
text_fieldsരാജ്യത്ത് 23.4 കോടി പട്ടിണിപ്പാവങ്ങൾ
യുനൈറ്റഡ് നേഷൻസ്: ലോകത്ത് 110 കോടി ജനങ്ങൾ കടുത്ത ദാരിദ്ര്യത്തിലെന്ന് റിപ്പോർട്ട്. ഇതിൽ പകുതിയും കുട്ടികളാണ്. ദാരിദ്ര്യമനുഭവിക്കുന്നവരിൽ പകുതിയും ഇന്ത്യ, പാകിസ്താൻ, എത്യോപ്യ, നൈജീരിയ, കോംഗോ എന്നീ അഞ്ച് രാജ്യങ്ങളിലാണെന്നും യു.എൻ ഡെവലപ്മെന്റ് പ്രോഗ്രാമും ഓക്സ്ഫഡ് സർവകലാശാലയിലെ ഓക്സ്ഫഡ് ദാരിദ്ര്യ, മാനുഷിക വികസന ഇനിഷ്യേറ്റിവും ചേർന്ന് പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു.
ദരിദ്രരിൽ മുന്നിൽ ഇന്ത്യ
- രാജ്യത്തെ 23.4 കോടി ജനങ്ങൾ കടുത്ത ദാരിദ്ര്യത്തിലാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
- പാകിസ്താൻ (9.3 കോടി), എതോപ്യ (8.6 കോടി), നൈജീരിയ (7.4 കോടി), കോംഗോ (6.6 കോടി) എന്നിങ്ങനെയാണ് മറ്റ് നാല് രാജ്യങ്ങളിലെ പട്ടിണി നിരക്ക്.
സംഘർഷ ബാധിതമേഖലയിൽ
- ദാരിദ്ര്യമനുഭവിക്കുന്നവരിൽ 40 ശതമാനവും സംഘർഷ ബാധിത രാജ്യങ്ങളിലുള്ളവർ.
- ദരിദ്ര ജന വിഭാഗങ്ങളിൽ 83 ശതമാനം പേരും സബ് സഹാറൻ ആഫ്രിക്കയിലെയും ദക്ഷിണേഷ്യയിലെയും ഗ്രാമങ്ങളിൽ കഴിയുന്നവരാണ്.
മാനദണ്ഡം
ആരോഗ്യം, വിദ്യാഭ്യാസം, ജീവിത നിലവാരം തുടങ്ങിയ 10 മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് 2010 മുതൽ റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നത്.
112 രാജ്യങ്ങൾ; 630 കോടി ജനങ്ങൾ
ഈ വർഷത്തെ റിപ്പോർട്ട് 112 രാജ്യങ്ങളിലെ വിവരങ്ങൾ ശേഖരിച്ചുള്ളതാണ്. 630 കോടി ജനങ്ങളാണ് ഈ രാജ്യങ്ങളിൽ അധിവസിക്കുന്നത്.
പകുതിയിലധികവും കുട്ടികൾ
കടുത്ത ദാരിദ്ര്യം അനുഭവിക്കുന്നവരിൽ പകുതിയിലധികവും (58.4 കോടി) 18 വയസ്സിൽ താഴെയുള്ളവരാണ്. ഇതിൽ 31.7 കോടി സബ് സഹാറൻ ആഫ്രിക്കയിലും 18.4 കോടി ദക്ഷിണേഷ്യയിലുമാണ്. അഫ്ഗാനിസ്താനിൽ കടുത്ത ദാരിദ്ര്യം നേരിടുന്ന കുട്ടികളുടെ എണ്ണം ഏറെക്കൂടുതലാണ്- 59 ശതമാനം.
സംഘർഷങ്ങളും ദാരിദ്ര്യവും തമ്മിലുള്ള ബന്ധം അടിവരയിടുന്നതാണ് ഇത്തവണത്തെ റിപ്പോർട്ടെന്ന് യു.എൻ ഡെവലപ്മെന്റ് പ്രോഗ്രാം ഡയറക്ടർ പെഡ്രോ കോൺസിക്കാവോ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.