11,000 വിഡിയോകളും ഹാക്കർമാരിൽനിന്ന് തിരിച്ചെടുത്തു; 'മോജോ സ്റ്റോറി' തിരിച്ചെത്തിയ സന്തോഷം പങ്കുവെച്ച് ബർഖ ദത്ത്
text_fieldsപ്രശസ്ത മാധ്യമപ്രവർത്തക ബർഖ ദത്തിന്റെ ഉടമസ്ഥതയിലുള്ള 'മോജോ സ്റ്റോറി' യൂട്യൂബ് ചാനലിൽനിന്ന് നഷ്ടമായ മുഴുവൻ വിഡോയകളും തിരിച്ചെടുത്തു. ബർഖ ദത്ത് തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. അക്കൗണ്ട് ഹാക്ക് ചെയ്ത ശേഷം 11000 വിഡിയോകൾ ഡിലീറ്റ് ചെയ്തതായി അവർ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. പ്രൊഫൈൽ ഫോട്ടോയും ചാനലിന്റെ പേരുമടക്കം മാറ്റിയിരുന്നു.
‘മോജോ സ്‌റ്റോറിയുടെ നിയന്ത്രണം ഹാക്കർമാർ ഏറ്റെടുക്കുകയും 11,000ത്തിലധികം വിഡിയോകൾ ഡിലീറ്റ് ചെയ്യുകയും ചെയ്ത ശേഷമുള്ള രണ്ട് ദിവസം കഠിന വേദന നിറഞ്ഞതും ഭീകരവുമായിരുന്നു. ഏറെ അസ്വസ്ഥമായിരുന്നു. കുറേ കരഞ്ഞു. എന്നാൽ, അവസാനം ഞങ്ങൾ തിരിച്ചെത്തി. യു ട്യൂബ് ടീമിന് നന്ദി. പിന്തുണച്ച എല്ലാവർക്കും നന്ദി', ബർഖ ദത്ത് ട്വീറ്റ് ചെയ്തു. ശശി തരൂർ അടക്കമുള്ള പ്രമുഖർ സന്തോഷം പ്രകടിപ്പിച്ച് രംഗത്തെത്തി. ഇക്കാര്യം നേരത്തെ അറിഞ്ഞിരുന്നില്ലെന്നും എല്ലാം സുരക്ഷിതമാണെന്നറിഞ്ഞതിൽ സന്തോഷമുണ്ടെന്നുമായിരുന്നു ശശി തരൂരിന്റെ പ്രതികരണം.
ഹാക്കര്‍മാര്‍ യു ട്യൂബ് ചാനലിന്‍റെ നിയന്ത്രണം ഏറ്റെടുത്തത് മുതല്‍ ചാനല്‍ മരവിപ്പിക്കാൻ യു ട്യൂബിനോട് പലതവണ അഭ്യർഥിച്ചെന്നും എന്നാല്‍ നടപടിയെടുത്തില്ലെന്നും ഇപ്പോള്‍ മുഴുവന്‍ വിഡിയോയും നഷ്ടപ്പെട്ടെന്നും സ്ഥാപകയും എഡിറ്ററുമായ ബർഖ ദത്ത് കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. ‘നാല് വർഷത്തെ രക്തവും അധ്വാനവും വിയർപ്പും കണ്ണീരുമെല്ലാം പോയി. എന്റെ ഹൃദയം തകർന്നിരിക്കുകയാണ്’, എന്നിങ്ങനെയായിരുന്നു കുറിപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.