ഉത്തർപ്രദേശിൽ പത്ത് മാസത്തിനിടെ 1142 ഏറ്റുമുട്ടലുകൾ
text_fieldsലഖ്നോ: കഴിഞ്ഞ പത്ത് മാസത്തിനിടെ ഉത്തർപ്രദേശിൽ നടന്നത് 1142 പൊലീസ് ഏറ്റുമുട്ടലുകളെന്ന് ഒൗദ്യോഗിക രേഖകൾ. ഏറ്റുമുട്ടലിൽ 32 ക്രിമിനലുകളെ പൊലീസ് കൊലപ്പെടുത്തുകയും 265 പേർക്ക് പരിക്കേൽകുകയും ചെയ്തു. 2744 പേരെ അറസ്റ്റ് ചെയ്തതായും ഒൗദ്യോഗിക രേഖകൾ വ്യക്തമാക്കി. നാല് പൊലീസുകാർക്ക് ഏറ്റമുട്ടലിനിടെ ജീവൻ നഷ്ടമായെന്നും 247 പേർക്ക് പരിക്കേറ്റെന്നും റിപ്പോർട്ടിൽ പറയുന്നു.
കുറ്റകൃത്യങ്ങൾ കുറക്കുന്നതിന് മുഖ്യമന്ത്രി യോഗി ആഥിത്യനാദ് പൊലീസിന് സ്വാതന്ത്ര്യം അനുവദിച്ചതിനെ തുടർന്നാണ് ഏറ്റുമുട്ടലുകൾ വർധിച്ചത്. കുറ്റവാളികളോട് കീഴടങ്ങാനും അതല്ലെങ്കിൽ സംസ്ഥാനം വിടാനുമാണ് പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്.
ഉത്തർപ്രദേശ് പൊലീസ് പുറത്തുവിട്ട കണക്കനുസരിച്ച് 2017 മാർച്ച് 20 നും 2018 ജനുവരി 31നും ഇടയിൽ സംസ്ഥാനത്ത് 1142 പോലീസ് ഏറ്റുമുട്ടലുകളാണ് നടന്നത്. മീററ്റ് മേഖലയിലാണ് ഏറ്റവും കൂടുതൽ ഏറ്റുമുട്ടൽ നടന്നത്. 449 ഏറ്റുമുട്ടലുകളാണ് ഇവിടെ നടന്നത്. ആഗ്രയിൽ 210 ഏറ്റുമുട്ടലുകളും നടന്നു. ബറേലി മേഖലയാണ് മൂന്നാം സ്ഥാനത്ത്. ഏറ്റവും കുറവ് യോഗിയുടെ മണ്ഡലമായ ഗോരഖ്പൂർ മണ്ഡലത്തിലാണ്.
എന്നാൽ ഏറ്റുമുട്ടലിനെതിരെ വ്യാപക വിമർശനമുയരുന്നുണ്ട്. നോയിഡയിൽ ഒരു പൊലീസ് ഒാഫീസർ പ്രമോഷൻ ലഭിക്കുന്നതിനായി ഒരു ജിംനേഷ്യം ഉടമയെ കൊലപ്പെടുത്തിയിരുന്നു.
തുടർന്ന് ദേശീയ മനുഷ്യാവകാശ കമീഷൻ യു.പി സർക്കാറിന് നോട്ടീസയക്കുകയും ചെയ്തു.
സംസ്ഥാനത്ത് കുറ്റകൃത്യങ്ങൾ വർധിക്കുകയാണെന്നും യോഗി സർക്കാർ തങ്ങളുടെ പരാജയം മറക്കാൻ ശ്രമിക്കുകയാണെന്നുമാണ് പ്രതിപക്ഷം ആരോപിക്കുന്നത്. ബി.ജെ.പി ഇതിലൂടെ പുകമറ സൃഷ്ടിക്കുകയാണ്. ക്രൈം ഗ്രാഫ് ഉയരുകയാണ്. സംസ്ഥാനത്തിൻെറ ക്രമസമാധാന നിലയിൽ സർക്കാറിൻറെ നിയന്ത്രണം നഷ്ടമായെന്ന് സമാദ് പാർട്ടി കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.