നാടണഞ്ഞതിെൻറ ആശ്വാസത്തിൽ ഒഡിഷ തൊഴിലാളികൾ
text_fieldsബെർഹാംപൂർ (ഒഡിഷ): ലോക്ഡൗണിൽ കേരളത്തിൽ കുടുങ്ങിയ ഒഡിഷ തൊഴിലാളികളിൽ ആദ്യസംഘം നാടണഞ്ഞു. ആലുവയിൽനിന്ന് പ്രത്യേക ട്രെയിനിൽ പുറപ്പെട്ട 1,110 പേരാണ് ഞായറാഴ്ച രാവിലെ ഒഡീഷയിലെ ഗഞ്ചം ജില്ലയിലെ ജഗനാഥപൂർ സ്റ്റേഷനിൽ എത്തിയത്.
തെക്കൻ ഒഡീഷ ജില്ലകളിൽ നിന്നുള്ള 511 കുടിയേറ്റ തൊഴിലാളികൾ ട്രെയിൻ ആദ്യം നിർത്തിയ ജഗനാഥ്പൂർ സ്റ്റേഷനിൽ ഇറങ്ങി. കാന്ധമാലിലെ 382 പേരും ഗഞ്ചത്തിലെ 130 പേരും റായ്ഗഡ ജില്ലയിലെ 17 പേരുമാണ് ഇറങ്ങിയത്. സാമൂഹിക അകലം പാലിച്ചാണ് ഇവരെ സ്വീകരിച്ചത്. കർശന പൊലീസ് സുരക്ഷയും ഏർപ്പെടുത്തിയിരുന്നു. എല്ലാവരെയും ആരോഗ്യപരിശോധനയ്ക്ക് വിധേയമാക്കും.
മടങ്ങിയെത്തിയവർക്ക് അവരവരുടെ ജില്ലകളിൽ 14 ദിവസം ക്വാറൻറീനിൽ കഴിയാനുള്ള സൗകര്യവും സർക്കാർ ഒരുക്കിയിട്ടുണ്ട്. ക്വാറൻറീൻ കേന്ദ്രങ്ങളിലേക്ക് ബസുകളിലാണ്ൾ കൊണ്ടുപോവുക. കാന്ധമൽ ജില്ലയിലെ തൊഴിലാളികൾക്കായി 14 ബസുകളാണ് ഏർപ്പെടുത്തിയത്.
എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ, കോതമംഗലം, കുറുപ്പംപടി, പെരുമ്പാവൂർ എന്നിവിടങ്ങളിലെ വിവിധ ക്യാമ്പുകളിൽ താമസിച്ചിരുന്ന അന്തർസംസ്ഥാന തൊഴിലാളികളെയും അവരുടെ കുടുംബാംഗങ്ങളെയും ആലുവ റൂറൽ എസ്.പി കെ. കാർത്തികിെൻറയും ജില്ല ഭരണകൂടത്തിെൻറയും നേതൃത്വത്തിലാണ് നാട്ടിലേക്ക് യാത്രയാക്കിയത്. പെരുമ്പാവൂരിൽനിന്ന് നാൽപതോളം കെ.എസ്.ആർ.ടി.സി ബസുകളിൽ സാമൂഹിക അകലം പാലിച്ചാണ് ഇവരെ റെയിൽവേ സ്റ്റേഷനിൽ എത്തിച്ചത്.
ആശങ്കക്കിടയിലും സ്നേഹപരിചരണം ഒരുക്കിയ കേരളത്തിന് നിറഞ്ഞമനസ്സോടെ നന്ദി പറഞ്ഞാണ് ഇവർ ആലുവയിൽനിന്ന് യാത്രയായത്. ഭക്ഷണവും മരുന്നും പൊലീസ് കൃത്യമായി എത്തിച്ചുനൽകിയതായും എപ്പോഴും വന്ന് വിശേഷങ്ങൾ തിരക്കുന്നത് വല്ലാത്ത ആശ്വാസവും സുരക്ഷിതബോധവും നൽകിയതായും ഇവർ പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.