എക്സൈസ് കോൺസ്റ്റബിൾ റിക്രൂട്ട്മെന്റിനിടെ 12 പേർ കുഴഞ്ഞുവീണ് മരിച്ചു
text_fieldsറാഞ്ചി: ഝാർഖണ്ഡ് എക്സൈസ് കോൺസ്റ്റബിൾ റിക്രൂട്ട്മെന്റിന്റെ കായികക്ഷമത പരിശോധനക്കിടെ 12 ഉദ്യോഗാർഥികൾ കുഴഞ്ഞുവീണ് മരിച്ചു. 10 കിലോമീറ്റർ ദൂരം ഓട്ടമായിരുന്നു കായികക്ഷമത പരിശോധനയിലെ ഒരു ഇനം. കടുത്ത ചൂടിൽ ഇത്രയേറെ ദൂരം ഓടിയ ഉദ്യോഗാർഥികളിൽ ചിലർ കുഴഞ്ഞുവീഴുകയായിരുന്നു.
ചില ഉദ്യോഗാർഥികൾ ഉത്തേജക മരുന്നുകളോ എനർജി ഡ്രിങ്കുകളോ ഉപയോഗിച്ചതായി കരുതുന്നുവെന്നും അതാവാം ഓട്ടത്തിനിടെ ശ്വാസംമുട്ടലിനും ഹൃദയസ്തംഭനത്തിനും കാരണമായതെന്നുമാണ് ഡോക്ടർമാർ പറയുന്നത്. കടുത്ത ചൂടിൽ മണിക്കൂറുകളോളം വരിനിന്നതും ആരോഗ്യാവസ്ഥ മോശമാക്കി. ആഗസ്റ്റ് 22 മുതൽ സെപ്റ്റംബർ ഒമ്പത് വരെയാണ് കായികക്ഷമതാ പരീക്ഷ നിശ്ചയിച്ചിരുന്നത്. ആഗസ്റ്റ് 30 വരെ 12 പേർ മരിച്ചതായാണ് വിവരമെന്ന് ഡി.ജി.പി അനുരാഗ് ഗുപ്ത പറഞ്ഞു.
1.27 ലക്ഷം ഉദ്യോഗാർഥികളാണ് കായിക പരീക്ഷയിൽ പങ്കെടുത്തത്. ഇതിൽ 78,023 പേർ യോഗ്യത നേടി. സംസ്ഥാനത്ത് ഏഴ് കേന്ദ്രങ്ങളിലായിരുന്നു പരീക്ഷ. ഉദ്യോഗാർഥികളുടെ മരണത്തിന് പിന്നാലെ, പരീക്ഷ നടത്തിപ്പിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ആരോഗ്യ സംവിധാനങ്ങളും ഒരുക്കാൻ മുഖ്യമന്ത്രി ഹേമന്ത് സോറൻ ഉത്തരവിട്ടു.
അതേസമയം, ഉദ്യോഗാർഥികളുടെ മരണം സർക്കാറിന്റെ വീഴ്ചയാണെന്ന് ബി.ജെ.പി ആരോപിച്ചു. സംഭവത്തെക്കുറിച്ച് ദേശീയ മനുഷ്യാവകാശ കമീഷൻ അന്വേഷിക്കണമെന്നും സെപ്റ്റംബർ 15 വരെ റിക്രൂട്ട്മെന്റ് നിർത്തിവെക്കണമെന്നും അസം മുഖ്യമന്ത്രി ഹിമന്ത് ബിശ്വ ശർമ ആവശ്യപ്പെട്ടു.
അതേസമയം, നാല് പേർ മാത്രമാണ് മരിച്ചതെന്ന് സംസ്ഥാന ആരോഗ്യ മന്ത്രി ബന്ന ഗുപ്ത പറഞ്ഞു. കോവിഡിനെത്തുടർന്നുള്ള ഹൃദ്രോഗങ്ങളാണ് മരണകാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉദ്യോഗാർഥികളുടെ മരണത്തെത്തുടർന്ന് റിക്രൂട്ട്മെന്റ് മൂന്ന് ദിവസം നിർത്തിവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.