പൗരത്വ ബില്ലിനെതിരെ അസമിൽ പ്രതിഷേധം ശക്തം
text_fieldsഗുവാഹതി: പാർലമെൻറിൽ പൗരത്വ ഭേദഗതി ബിൽ അവതരിപ്പിക്കുന്നതിൽ പ്രതിഷേധിച്ച് 16 സംഘടനകളും ഗോത്ര വിദ്യാർത്ഥികളുടെ സംഘടനകളും തിങ്കളാഴ്ച ആഹ്വാനം ചെയ്ത 12 മണിക്കൂർ ബന്ദ് അസമിന്റെ ചില ഭാഗങ്ങളിൽ ദൈനദിന ജീവിതത്തെ ബാധിച്ചു. ഗുവാഹത്തിയിലും അസമിൻെറ മറ്റു പല ഭാഗങ്ങളിലും പ്രതിഷേധക്കാർ ടയർ കത്തിക്കുകയും റോഡുകൾ തടയുകയും ചെയ്തു.
ബിൽ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട ഇവർ കേന്ദ്രത്തിലും സംസ്ഥാനത്തുമുളള ബി.ജെ.പി സർക്കാരുകൾക്കുമെതിരെ മുദ്രാവാക്യം വിളിച്ചു. എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ, എയ്ഡ്‌വ, എ.ഐ.എസ്.എഫ്, എ.ഐ.എസ്.എ, ഐ.പി.ടിഎ എന്നിവയുൾപ്പെടെ 16 ഇടതുപക്ഷ ചായ്‌വുള്ള സംഘടനകളും അസമിലെ നിരവധി ആദിവാസി വിദ്യാർത്ഥി സംഘടനകളും ചേർന്നാണ് ബില്ലിനെതിരെ പ്രതിഷേധിച്ച് 12 മണിക്കൂർ ബന്ദ് പ്രഖ്യാപിച്ചത്.
അസമിലെ കർഷക സംഘടനയായ കൃഷക് മുക്തി സംഗ്രാം സമിതിയും (കെ.എം.എസ്.എസ്) ബന്ദിന് പിന്തുണ നൽകി. പൗരത്വ ഭേദഗതി ബിൽ ഭരണഘടനാ വിരുദ്ധമായതിനാലാണ് അസമിലെയും വടക്കുകിഴക്കൻ ജനതയെയും പ്രതിഷേധിക്കുന്നതെന്ന് അസം കർഷക നേതാവ് അഖിൽ ഗോഗോയ് പറഞ്ഞു. "ഭരണഘടനാവിരുദ്ധവും നിയമവിരുദ്ധവും സാമുദായികവുമായ ഈ ബിൽ ഞങ്ങൾ ഒരിക്കലും അംഗീകരിക്കില്ല. ഈ ബില്ലിനെതിരെ പോരാടാൻ അസമിലെ ജനങ്ങൾ ഇപ്പോൾ തെരുവിലിറങ്ങുന്നു. ഈ ബിൽ പാസാക്കിയാൽ നമ്മുടെ ഭരണഘടന ഇനി ഉണ്ടാകില്ല കാരണം നമ്മുടെ ഭരണഘടന മതേതരവും ജനാധിപത്യപരവുമായ ഭരണഘടനയാണ് -അഖിൽ ഗോഗോയ് പറഞ്ഞു.
ബംഗ്ലാദേശ്, പാകിസ്താൻ, അഫ്ഗാനിസ്താൻ എന്നിവിടങ്ങളിൽ നിന്ന് വന്ന അമുസ്ലിം ന്യൂനപക്ഷങ്ങൾക്ക് ഇന്ത്യൻ പൗരത്വം നൽകാനാണ് ബിൽ ലക്ഷ്യമിടുന്നത്. രാഷ്ട്രീയമായും സാമൂഹികമായും അസം ജനതയെ സംരക്ഷിക്കാൻ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് അസം ബി.ജെ.പി യൂണിറ്റ് പ്രസിഡന്റ് രഞ്ജിത് കുമാർ ദാസ് പ്രതികരിച്ചു. അസമീസ് സംസ്കാരം, രാഷ്ട്രീയ സാഹചര്യം എന്നിവ സംബന്ധിച്ച് പഠിക്കാൻ കേന്ദ്രസർക്കാർ ഇതിനകം ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ഈ കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ച ശേഷം അസമിലെ ജനങ്ങളെ രാഷ്ട്രീയമായും സാമൂഹികമായും എങ്ങനെ സംരക്ഷിക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിക്കും- രഞ്ജിത് കുമാർ ദാസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.