'സ്വന്തമായൊരു വീട്, നല്ല ജീവിതം, എല്ലാം അവൻ സ്വപ്നം കണ്ടിരുന്നു, പക്ഷേ...'; ആറാംക്ലാസുകാരന്‍റെ മരണത്തിൽ പൊലിഞ്ഞത് ഒറ്റമുറി വീട്ടിലെ കുടുംബത്തിന്‍റെ പ്രതീക്ഷകൾ
text_fields'സ്വന്തമായൊരു വീടും നല്ലനിലയിലുള്ള ജീവിതവുമായിരുന്നു അവന്‍റെ സ്വപ്നം. പഠിച്ച് വലുതാകുമ്പോൾ സ്വന്തമായി വീട് വെക്കും. അച്ഛനും അമ്മക്കും പ്രത്യേകം മുറിയുണ്ടാകും. ഈ തെരുവിൽ ആർക്കും ഇല്ലാത്ത കാർ വാങ്ങും' -മകന്‍റെ പാതിയിൽ പൊലിഞ്ഞ സ്വപ്നങ്ങൾ ഓർത്തുപറയവേ ആ പിതാവിന് കരച്ചിലടക്കാനായില്ല. ഡൽഹിയിൽ സ്കൂളിൽ വെച്ച് മരിച്ച പ്രിൻസ് എന്ന 12 വയസ്സുകാരന്‍റെ രക്ഷിതാക്കൾ മകന്‍റെ മരണകാരണമെങ്കിലും അറിയണമെന്നാണ് ആവശ്യപ്പെടുന്നത്.
ഡൽഹി വസന്ത് വിഹാറിലെ തെരുവിൽ കെട്ടിയുണ്ടാക്കിയ ഒറ്റമുറി വീട്ടിലായിരുന്നു 12കാരൻ പ്രിൻസും പിതാവ് സാഗറും ഭാര്യയും ഇവരുടെ മൂത്തമകനും കഴിഞ്ഞിരുന്നത്. വസന്ത് വിഹാറിലെ ചിൻമയ സ്കൂളിൽ പഠിക്കുന്ന പ്രിൻസിന് സ്കൂളിൽ വെച്ച് അപകടം സംഭവിച്ച് ഫോർട്ടിസ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു എന്ന വിവരമാണ് കഴിഞ്ഞ ദിവസം ഇവരെ തേടിയെത്തിയത്. ഇതോടെ നെഞ്ചുതകർന്ന് മകനെയോർത്ത് വിലപിക്കുകയാണ് കുടുംബം.
സ്കൂളിൽ വച്ച് സഹപാഠിയുമായുണ്ടായ കശപിശയിൽ പ്രിൻസിന് പരിക്കേറ്റെന്നാണ് വിവരം. ക്ലാസിലെ മറ്റൊരു വിദ്യാർഥിയുമായി തോൾ മുട്ടിയതിനെ തുടർന്നായിരുന്നത്രെ കശപിശ. എന്നാൽ, സ്കൂൾ അധികൃതർ കൃത്യമായ വിവരം കുടുംബത്തെ ധരിപ്പിച്ചിട്ടില്ല. ആശുപത്രിയിലെത്തുമ്പോൾ കുട്ടിയുടെ വായിൽ നിന്ന് നുര വരുന്നുണ്ടായിരുന്നെന്നാണ് ഡോക്ടർ പറഞ്ഞത്. മരണത്തിൽ വസന്ത് വിഹാർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
'ഏറ്റവും നല്ല ജീവിതം ഞങ്ങൾക്ക് നൽകണമെന്നായിരുന്നു അവന്‍റെ ആഗ്രഹം. ഇത്ര ചെറിയ പ്രായത്തിൽ തന്നെ അവന് അങ്ങനെയുള്ള ചിന്തകളുണ്ടായിരുന്നു' -പിതാവ് പറയുന്നു. മൂന്ന് തവണ അപേക്ഷിച്ച ശേഷമാണ് മകന് ഇ.ഡബ്ല്യു.എസ് ക്വാട്ടയിൽ ചിന്മയ സ്കൂളിൽ സീറ്റ് കിട്ടിയത്. മൂത്ത മകനെ ഈ സ്കൂളിൽ ചേർക്കാൻ ആഗ്രഹമുണ്ടായിരുന്നെങ്കിലും സാമ്പത്തിക പ്രയാസം കാരണം സാധിച്ചില്ല. മകൻ മരിച്ചിട്ടും സ്കൂളിൽ നിന്ന് അധ്യാപകരാരും തന്നെ വീട്ടിലെത്തിയില്ലെന്ന് കുടുംബം പറയുന്നു.
'ചെറിയ പ്രശ്നങ്ങളുണ്ടായാൽ പോലും സ്കൂളിൽ നിന്ന് ഞങ്ങളെ വിളിക്കാറുണ്ടായിരുന്നു. എന്നാൽ, ഇത്ര വലിയ ഒരു സംഭവമുണ്ടായിട്ടും, മകനെ ആശുപത്രിയിൽ കൊണ്ടുപോയിട്ടും ഞങ്ങളെ വിവരമറിയിച്ചിരുന്നില്ല' -പിതാവ് പറഞ്ഞു. സംഭവം പൊലീസ് അന്വേഷിക്കുന്നുണ്ടെന്നും അന്വേഷണവുമായി സ്കൂൾ പൂർണമായും സഹകരിക്കുമെന്നുമുള്ള ഔദ്യോഗിക അറിയിപ്പ് മാത്രമാണ് കുടുംബത്തിന് ലഭിച്ചത്. മറ്റൊരറിയിപ്പുണ്ടാകുന്നത് വരെ സ്കൂൾ അടച്ചിരിക്കുകയാണ്. ക്ലാസുകൾ ഓൺലൈനിലാണ് നടക്കുന്നത്.
സ്കൂളിന് മുന്നിൽ കഴിഞ്ഞ ദിവസം കുട്ടിയുടെ കുടുംബാംഗങ്ങൾ പ്രതിഷേധിച്ചിരുന്നു. എന്നാൽ, ഇവരെ പൊലീസ് മർദിക്കുകയാണുണ്ടായത്. സംഭവത്തിൽ പൊലീസിനെതിരെയും വ്യാപക പ്രതിഷേധമുയർന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.