120 വിദ്യാർഥികൾ, ആളൊന്നിന് 20 ലക്ഷം; നീറ്റ് പേപ്പര്‍ ഇന്റർനെറ്റിൽ ചോർന്നില്ലെന്നും സി.ബി.ഐ
text_fieldsന്യൂഡല്‍ഹി: നീറ്റ് യു.ജി ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയുടെ ആസൂത്രകർ ലക്ഷ്യമിട്ടത് 120 പരീക്ഷാർഥികളെ മാത്രമാണെന്ന് സി.ബി.ഐ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പേപ്പര്‍ ചോര്‍ത്തിയ പ്രതികൾ ഇത് മൊബൈല്‍ഫോണ്‍ വഴി കൈമാറിയില്ലെന്നും സാമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചില്ലെന്നുമാണ് അന്വേഷണ ഏജൻസിയുടെ കണ്ടെത്തല്‍. വ്യാപക ചോര്‍ച്ചയുണ്ടായാല്‍ പരീക്ഷ റദ്ദാക്കുന്നതിലേക്ക് നയിക്കുമെന്ന മനസ്സിലാക്കിയ പ്രതികൾ ഏറെ ശ്രദ്ധയോടെയാണ് പേപ്പർ ചോർത്തിയതെന്നും ഏതെങ്കിലും സ്ഥാപനവുമായി ബന്ധപ്പെടാൻ പ്രതികള്‍ ശ്രമിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
പരീക്ഷയെഴുതിയ 120 പേര്‍ക്കാണ് സംഘം ചോദ്യങ്ങള്‍ കൈമാറിയത്. ഇവരില്‍നിന്ന് പണംകൈപ്പറ്റിയിരുന്നു. 20 ലക്ഷം രൂപയുടെവരെ ചെക്കുകളും ഒപ്പിട്ടുവാങ്ങി. പ്രവേശനം ലഭിച്ചാല്‍ ചെക്ക് മാറി പണം കൈപ്പറ്റാമെന്നതായിരുന്നു ധാരണ. കഴിഞ്ഞ ശനിയാഴ്ച സി.ബി.ഐ സംഘം അറസ്റ്റ് ചെയ്ത എന്‍ജിനീയറായ പങ്കജ് കുമാറിന്റെ നേതൃത്വത്തിലാണ് ഹസരിബാഗിലെ കേന്ദ്രത്തില്‍നിന്ന് ചോദ്യപ്പേപ്പറിന്റെ ചിത്രങ്ങള്‍ പകര്‍ത്തിയത്. ട്രങ്ക് പെട്ടിയിലാക്കി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ) അയച്ചുനല്‍കിയ ചോദ്യപ്പേപ്പര്‍ പെട്ടി പൊട്ടിച്ചാണ് പകര്‍ത്തിയെടുത്തത്.
ചോദ്യപ്പേപ്പര്‍ സൂക്ഷിച്ചിരുന്ന മുറിയില്‍ രാവിലെ 8.02ന് പ്രവേശിച്ച പ്രതി 9.23നാണ് തിരികെവന്നതെന്ന് സ്ഥിരീകരിച്ചിരുന്നു. ഇതിനിടെ കെട്ട് പൊട്ടിക്കുകയും ചിത്രങ്ങള്‍ പകര്‍ത്തുകയുംചെയ്തു. എന്നാല്‍ ഫോണ്‍ വഴിയോ ഇന്റര്‍നെറ്റിലൂടെയോ ആര്‍ക്കും അയച്ചുനല്‍കിയില്ല. ചോദ്യപ്പേപ്പറിന്റെ പ്രിന്റും എടുത്തില്ല. തുടര്‍ന്ന് മറ്റൊരു പ്രതിയെത്തി ചോദ്യപ്പേപ്പറിലെ ഉത്തരങ്ങള്‍ എഴുതിനല്‍കി. ഇതിനുശേഷമാണ് വിദ്യാര്‍ഥികള്‍ക്ക് കൈമാറിയത്. എന്നാല്‍, സമയം കുറവായതിനാലും ചോദ്യവും ഉത്തരവും കിട്ടിയ വിദ്യാര്‍ഥികള്‍ അത്ര മികച്ചവരല്ലാത്തതിനാലും ഇവര്‍ക്കാര്‍ക്കും ഇതിന്റെ ഗുണംലഭിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.