മണിപ്പൂർ കലാപം; തകർത്തത് 121 ക്രിസ്ത്യൻ പള്ളികൾ, പലായനം ചെയ്തത് 30,000ലേറെ പേർ
text_fieldsഇംഫാൽ: മണിപ്പൂർ വംശീയ കലാപത്തിൽ തകർക്കപ്പെട്ടത് 121 ക്രിസ്ത്യൻ പള്ളികളെന്ന് റിപ്പോർട്ട്. കലാപം ഏറ്റവും രൂക്ഷമായി ബാധിച്ച ചുരാചന്ദ്പൂർ ജില്ലയിലെ ക്രിസ്ത്യൻ ഗുഡ് വിൽ ചർച്ചാണ് തകർക്കപ്പെട്ട പള്ളികളുടെ പട്ടിക പുറത്തുവിട്ടത്. തീവെക്കുകയോ തകർക്കപ്പെടുകയോ ചെയ്ത പള്ളികളുടെ പട്ടികയാണിത്.
മേയ് മൂന്നിന് ആരംഭിച്ച് നാല് നാൾ നീണ്ട വംശീയ കലാപത്തിൽ 70 പേർ കൊല്ലപ്പെട്ടതായാണ് കണക്ക്. 250ഓളം പേർക്ക് പരിക്കേറ്റു. ഔദ്യോഗിക കണക്ക് പ്രകാരം 30,000ഓളം ജനങ്ങൾക്ക് പലായനം ചെയ്യേണ്ടിവന്നു.
മണിപ്പൂർ പ്രെസ്ബിറ്റേറിയൻ ചർച്ചിന് കീഴിൽ 39 പള്ളികളാണ് തകർക്കപ്പെട്ടതെന്ന് ക്രിസ്ത്യൻ ഗുഡ് വിൽ ചർച്ചിന്‍റെ റിപ്പോർട്ടിൽ പറയുന്നു. ഇവാഞ്ചലിക്കൽ ചർച്ചസ് അസോസിയേഷന്‍റെയും മണിപ്പൂർ പ്രെസ്ബിറ്റേറിയൻ ചർച്ച് സിനഡിന്‍റെയും 14 വീതം പള്ളികൾ തകർത്തു. തുയ്തഫായി പ്രെസ്‌ബിറ്റേറിയൻ ചർച്ച് മണിപ്പൂർ സിനഡിന് കീഴിലെ 13 പള്ളികൾ മേയ് നാലിന് തകർത്തു. അതേദിവസം തന്നെ ഇവാഞ്ചലിക്കൽ ഫ്രീ ചർച്ച് ഓഫ് ഇന്ത്യയ്ക്ക് കീഴിലെ ഒമ്പത് പള്ളികളും തകർത്തു. ഇൻഡിപെൻഡന്റ് ചർച്ച് ഓഫ് ഇന്ത്യയുടെ എട്ട് പള്ളികൾ കത്തിച്ചു.
ഇവാഞ്ചലിക്കൽ ബാപ്റ്റിസ്റ്റ് കൺവെൻഷൻ ചർച്ചിന്‍റെ അഞ്ച് ആരാധനാലയങ്ങൾ മേയ് മൂന്നിനും അഞ്ചിനും ഇടയിൽ പൂർണമായും രണ്ടെണ്ണം ഭാഗികമായും കത്തിച്ചു. കാത്തലിക് ചർച്ച്, മണിപ്പൂർ ഇവാഞ്ചലിക്കൽ ലൂഥറൻ ചർച്ച്, ഇവാഞ്ചലിക്കൽ ഓർഗനൈസേഷൻ ചർച്ച് എന്നിവയുടെ മൂന്ന് വീതവും ഈസ്റ്റേൺ മണിപ്പൂർ പ്രെസ്ബിറ്റേറിയൻ ചർച്ച്, ഇവാഞ്ചലിക്കൽ അസംബ്ലി ചർച്ച് എന്നിവയുടെ രണ്ട് വീതവും പള്ളികൾ തകർത്തു. ന്യൂ ടെസ്‌റ്റമെന്റ് ബാപ്റ്റിസ്റ്റ് ചർച്ചസ് അസോസിയേഷന്‍റെയും അസംബ്ലി ഓഫ് ഗോഡ് ചർച്ചിന്‍റെയും ഓരോ പള്ളികളും തകർത്തു -റിപ്പോർട്ടിൽ പറയുന്നു.
പർവതമേഖലയിലും താഴ്വരയിലുമായി 45,000ഓളം പേർ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുകയാണെന്ന് ഇംഫാലിലെ കാത്തോലിക് ചർച്ച് മേധാവി ആർച്ച് ബിഷപ് ഡോമിനിക് ലുമൻ പറയുന്നു. പടിഞ്ഞാറൻ ഇംഫാലിൽ 13,800, ഇംഫാൽ ഈസ്റ്റിൽ 11,800, ബിഷ്ണുപൂരിൽ 4,500, ചുരാചന്ദ്പൂരിൽ 5,500, കാങ്‌പോക്പി ജില്ലയിൽ 7,000 ആളുകൾ എന്നിങ്ങനെയാണിത്. ക്യാമ്പുകളിൽ കഴിയുന്നവർക്ക് ഭക്ഷണവും മറ്റ് സൗകര്യങ്ങളും ഒരുക്കാൻ മുന്നോട്ടുവരണമെന്ന് അദ്ദേഹം അഭ്യർഥിച്ചു.
പ്രബല ഹിന്ദു വിഭാഗമായ മെയ്തേയി വിഭാഗക്കാർക്ക് പട്ടികവർഗ പദവി നൽകണമെന്നും പറ്റില്ലെന്നുമുള്ള ഏറ്റുമുട്ടലാണ് മണിപ്പൂരിനെ കലാപഭൂമിയാക്കി മാറ്റിയത്. ജനസംഖ്യയിൽ ഭൂരിപക്ഷം വരുന്ന മെയ്തേയി വിഭാഗക്കാർക്ക് പട്ടികവർഗ പദവി നൽകുന്നത് തങ്ങളുടെ ആനുകൂല്യങ്ങളെ ബാധിക്കുമെന്ന് നാഗ, കുകി ഗോത്രവിഭാഗങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു. മെയ്തേയി വിഭാഗക്കാർക്ക് പട്ടികവർഗ പദവി നൽകുന്നതിനെതിരെ ഗോത്രവിഭാഗങ്ങൾ നടത്തിയ മാർച്ചും, അതിന് നേരെയുണ്ടായ ആക്രമണവുമാണ് പിന്നീട് വ്യാപക അക്രമങ്ങളിലേക്കും കലാപത്തിലേക്കും വ്യാപിച്ചത്. സംസ്ഥാനത്തെങ്ങും കർഫ്യൂ പ്രഖ്യാപിക്കുകയും ഇന്‍റർനെറ്റ് സേവനം റദ്ദാക്കുകയും ചെയ്തിരുന്നു. അക്രമികളെ കണ്ടാലുടൻ വെടിവെക്കാൻ സൈന്യത്തിന് നിർദേശം നൽകേണ്ട സാഹചര്യത്തിലേക്ക് വരെ അക്രമം വളർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.