സുപ്രീംകോടതി 122 ലൈസൻസുകൾ റദ്ദാക്കിയ അഴിമതിക്കേസ്
text_fieldsന്യൂഡൽഹി: രാജ്യംകണ്ട ഏറ്റവും വലിയ അഴിമതിക്ക് കാരണമായ 2ജി കേസിൽ 122 ലൈസന്‍സുകളാണ് സുപ്രീംകോടതി റദ്ദാക്കിയത്. അനധികൃതമായി ലൈസന്‍സ് സമ്പാദിച്ച് കോടികളുണ്ടാക്കിയ കോര്‍പറേറ്റുകളോട് ലാഭത്തിെൻറ വിഹിതം ഖജനാവിലേക്ക് നല്‍കാനും പരമോന്നത കോടതി വിധിച്ചിരുന്നു. റദ്ദാക്കിയ 2ജി ലൈസന്‍സുകൾക്ക് ടെലികോം നിയന്ത്രണ അതോറിറ്റി മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് വിധേയമായി പുതിയ ലേലം നടത്തണമെന്നും ജസ്റ്റിസുമാരായ ജി.എസ്. സിങ്വിയും എ.കെ. ഗാംഗുലിയും അടങ്ങുന്ന ബെഞ്ച് അന്ന് നിര്‍ദേശിച്ചു.
2ജി ലൈസന്‍സ് കൈവശപ്പെടുത്തിയശേഷം ഓഹരികള്‍ മറിച്ചുവിറ്റ് കോടികള്‍ വാരിയ സ്വാൻ, യൂനിടെക്, എസ് ടെല്‍ കമ്പനികള്‍ തങ്ങളുടെ വരുമാനത്തില്‍നിന്ന് അഞ്ചു കോടി രൂപ വീതവും അനധികൃതമായി ലൈസന്‍സ് നേടിയ മറ്റു നാലു കമ്പനികള്‍ വരുമാനത്തില്‍നിന്ന് 50 ലക്ഷം രൂപയും ഖജനാവിലേക്ക് അടക്കുക; ഈ തുകയുടെ 50 ശതമാനം പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കും ബാക്കി 50 ശതമാനം നിര്‍ധനരുടെ കേസ് നടത്തുന്ന സുപ്രീംകോടതിയുടെ നിയമസേവന സമിതിക്കും നൽകുക എന്നായിരുന്നു വിധി. യു.പി.എ സര്‍ക്കാര്‍ 9000 കോടി രൂപക്ക് 2ജി ലൈസന്‍സുകള്‍ അനുവദിച്ചതിലൂടെ ഖജനാവിന് 1.76 ലക്ഷം കോടി രൂപ നഷ്ടമുണ്ടായെന്നായിരുന്നു കംട്രോളർ-ഓഡിറ്റര്‍ ജനറലിെൻറ കണ്ടെത്തൽ.
2008 ജനുവരി 10നും അതിനുശേഷവുമായി ഐഡിയ, ടാറ്റ, വീഡിയോകോൺ, എസ് ടെൽ, യൂനിനോര്‍, ലൂപ് ടെലികോം, സിസ്റ്റമ ശ്യാം, ഇത്തിസലാത്ത് ഡി.ബി എന്നീ മൊബൈല്‍ കമ്പനികള്‍ കൈവശപ്പെടുത്തിയ 122 ലൈസന്‍സുകളാണ് നിയമവിരുദ്ധവും ഭരണഘടനവിരുദ്ധവുമാണെന്നു കണ്ട് റദ്ദാക്കിയത്. യൂനിനോറിെൻറ 22, വീഡിയോകാണ്, ലൂപ്, സിസ്റ്റമ ശ്യാം എന്നിവയുടെ 21 വീതം, ഇത്തിസലാത്ത് ഡി.ബിയുടെ 15, ഐഡിയയുടെ ഒമ്പത്, എസ് ടെലിെൻറ ആറ്, ടാറ്റയുടെ മൂന്ന് ലൈസന്‍സുകള്‍ റദ്ദാക്കിയതിൽപെടും. ജനങ്ങള്‍ക്ക് സേവനം മുടങ്ങാത്തവിധം നാലു മാസത്തിനകം പുതിയ കമ്പനികള്‍ പ്രവര്‍ത്തനം തുടങ്ങുന്ന തരത്തില്‍ റദ്ദാക്കല്‍ നടപടി നാലു മാസത്തിനുശേഷമാണ് നടപ്പില്വരുകയെന്ന് കോടതി വിശദീകരിച്ചു. റദ്ദാക്കിയ ലൈസന്‍സുകള്‍ വീണ്ടും ലേലംവിളിക്കാന്‍ രണ്ടു മാസത്തിനകം പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ തയാറാക്കാന്‍ ടെലികോം നിയന്ത്രണ അതോറിറ്റി (ട്രായി)യോട് കോടതി നിർദേശിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.