124ാമത് ഊട്ടി പുഷ്പമേളക്ക് തുടക്കം; എം.കെ. സ്റ്റാലിൻ ഉദ്ഘാടനം ചെയ്തു
text_fieldsചെന്നൈ: പ്രശസ്തമായ 124ാമത് ഊട്ടി പുഷ്പമേളക്ക് തുടക്കം. വെള്ളിയാഴ്ച രാവിലെ മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ മേള ഉദ്ഘാടനം ചെയ്തു. പ്രദർശനം 24 വരെ നീണ്ടുനിൽക്കും. ഈ ദിവസങ്ങളിൽ വിവിധ കലാപരിപാടികളും അരങ്ങേറും. രണ്ടു വർഷത്തെ ഇടവേളക്കുശേഷം ഊട്ടി ബൊട്ടാണിക്കൽ ഗാർഡനിൽ സംഘടിപ്പിച്ച മേളയിലേക്ക് രാവിലെ മുതൽ തന്നെ സഞ്ചാരികളുടെ തിരക്കായിരുന്നു.
പാർക്കിലെ ഫ്ലവർ ടെറസുകളിൽ അടുക്കി വെച്ചിരുന്ന വർണ്ണാഭമായ പൂക്കളും പുഷ്പാലംകൃത വസ്തുക്കളും ഒരുക്കിയിരുന്നു. കോയമ്പത്തൂർ തമിഴ്‌നാട് അഗ്രികൾച്ചറൽ യൂനിവേഴ്‌സിറ്റിയുടെ ഒരു ലക്ഷം പൂക്കളാൽ രൂപപ്പെട്ട മാതൃകയും നീലഗിരി ജില്ലയിലെ ആറ് പ്രാചീന ഗോത്രങ്ങളുടെ ആദരസൂചകമായി 20,000 പൂക്കളുമായി ഗോത്രവർഗ്ഗ കാർണേഷനും പുഷ്പ രംഗോലികളും പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. ഊട്ടിയുടെ 200ാം വാർഷികം സൂചിപ്പിക്കുന്ന മാതൃകയും ഏറെ പേരെ ആകർഷിക്കുന്നുണ്ട്.
പച്ചക്കറികൾ കൊണ്ട് നിർമ്മിച്ച ചെറിയ ഇനം വന്യജീവികളും വിവിധ പ്രതിമകളും ഉണ്ടായിരുന്നു. കുട്ടികളെ ആകർഷിക്കാൻ കാർട്ടൂൺ ആകൃതിയിലുള്ള വിവിധ അലങ്കാരങ്ങളും പ്രദർശനത്തിൽ ഒരുക്കിയിട്ടുണ്ട്. പാർക്കിലുടനീളം പത്ത് അലങ്കാര കമാനങ്ങളും സ്ഥാപിച്ചിട്ടുണ്ട്. പൂന്തോട്ടങ്ങളിലായി 275 ഇനങ്ങളിലുള്ള 35,000 പൂച്ചട്ടികൾ അടുക്കി വച്ചിരുന്നു.പൂക്കൾ, പച്ചക്കറികൾ, പഴങ്ങൾ, സുഗന്ധദ്രവ്യങ്ങൾ എന്നിവയുടെ പ്രാധാന്യം വിളിച്ചറിയിക്കുന്ന സ്റ്റാളുകളുമുണ്ട്.
വിനോദസഞ്ചാരികൾ ഇവയുടെ മുന്നിൽ നിന്നുകൊണ്ട് സെൽഫിയും ഗ്രൂപ്പ് ഫോട്ടോയും എടുക്കുന്നതും കാണാം. വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനായി തമിഴ്‌നാട് ഹോർട്ടികൾച്ചർ വകുപ്പ് മെയ് മാസത്തിൽ പ്രത്യേക വേനൽക്കാല ഉത്സവങ്ങളും പുഷ്പ-ഫല പ്രദർശന മേളകളും സംഘടിപ്പിക്കാറുണ്ട്. കോവിഡ് വ്യാപന പശ്ചാത്തലത്തിൽ കഴിഞ്ഞ രണ്ട് വർഷവും ഓൺലൈനിലാണ് ഫ്ലവർ ഷോ കണ്ടിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.