അംബേദ്കർക്ക് ആദരമായി കൂറ്റൻ പ്രതിമ; തെലങ്കാന മുഖ്യമന്ത്രിക്ക് പ്രശംസയുമായി സ്റ്റാലിൻ
text_fieldsഹൈദരാബാദ്: ഇന്ത്യയുടെ ഭരണഘടന ശിൽപി ഡോ. ബി.ആർ അംബേദ്കറുടെ 132ാം ജന്മവാർഷിക ദിനത്തിൽ അദ്ദേഹത്തിന്റെ 125 അടി ഉയരത്തിലുള്ള പ്രതിമ രാജ്യത്തിന് സമർപ്പിച്ച തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിനെ പ്രശംസിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. ട്വിറ്ററിലൂടെയായിരുന്നു സ്റ്റാലിന്റെ പ്രശംസ.
‘ഡോ. ബാബ സാഹെബ് അംബേദ്കറുടെ ജന്മവാർഷികത്തിൽ അദ്ദേഹത്തിന്റെ 125 അടി വെങ്കല പ്രതിമ സമർപ്പിച്ച തെലങ്കാന മുഖ്യമന്ത്രിക്ക് അഭിനന്ദനങ്ങൾ. ബുദ്ധ പ്രതിമക്കും തെലങ്കാന സെക്രട്ടേറിയറ്റിനും ഇടയിൽ സമത്വത്തിന്റെ വലിയ പ്രതീകമായ അംബേദ്കറുടെ പ്രതിമ സ്ഥാപിക്കുന്നതിനെക്കുറിച്ചുള്ള ചിന്ത തന്നെ ഉചിതവും മഹത്തരവുമാണ്’, എന്നിങ്ങനെയാണ് സ്റ്റാലിൻ കുറിച്ചത്.
രാജ്യത്തെ ഏറ്റവും ഉയരം കൂടിയ അംബേദ്കർ പ്രതിമയാണ് ഇന്നലെ ഹൈദരാബാദിൽ അനാച്ഛാദനം ചെയ്തത്. തെലങ്കാന സെക്രട്ടേറിയറ്റിനോട് ചേർന്ന് ഹുസൈൻ സാഗർ തടാകത്തിനരികിലാണ് ഇത് സ്ഥാപിച്ചിട്ടുള്ളത്. 35,000ത്തോളം പേർ പങ്കെടുത്ത ചടങ്ങിൽ ബി.ആർ. അംബേദ്കറുടെ പൗത്രൻ പ്രകാശ് അംബേദ്കർ മുഖ്യാതിഥിയായി. 45.5 അടി വീതിയും 474 ടൺ ഭാരവുമുള്ള പ്രതിമ 360 ടൺ ഉരുക്കും 114 ടൺ വെങ്കലവുമുപയോഗിച്ചാണ് നിർമിച്ചത്. 146.5 കോടി രൂപയാണ് നിർമാണ ചെലവ്.
98കാരനായ രാം വാഞ്ചി സൂതറും 65കാരനായ മകൻ അനിൽ രാം സൂതറും ചേർന്ന രാം സൂതർ ആർട്ട് ക്രിയേഷൻസ് ആണ് ശിൽപം ഒരുക്കിയത്. 597 അടി ഉയരമുള്ള ഗുജറാത്തിലെ സർദാർ വല്ലഭായ് പട്ടേലിന്റെ ‘ഏകതാ പ്രതിമ’ രൂപകൽപന ചെയ്തതും ഇവരാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.