‘ട്വൽത്ത് ഫെയിൽ’ യഥാർഥ ഹീറോക്ക് ഐ.ജിയായി പ്രമോഷൻ; ഏവർക്കും പ്രചോദനമെന്ന് സമൂഹ മാധ്യമങ്ങൾ
text_fieldsമുംബൈ: കഴിഞ്ഞ ഒക്ടോബറിൽ ആരവങ്ങളില്ലാതെ റിലീസ് ചെയ്ത് ബോക്സ് ഓഫിസിൽ വിസ്മയം തീർത്ത സിനിമയായിരുന്നു വിധു വിനോദ് ചോപ്രയുടെ സംവിധാനത്തിൽ പുറത്തുവന്ന ‘ട്വൽത്ത് ഫെയിൽ’. മഹാരാഷ്ട്രയിലെ ചംബൽ എന്ന ഗ്രാമത്തിലെ കടുത്ത ദാരിദ്ര്യം അനുഭവിക്കുന്ന കുടുംബത്തിൽനിന്ന് പൊലീസ് ഓഫിസറാവുകയെന്ന സ്വപ്നവുമായി നഗരത്തിലേക്ക് ബസ് കയറുന്ന യുവാവിന്റെ പോരാട്ടങ്ങളുടെയും കടമ്പകളേറെ കടന്ന് ഐ.പി.എസ് ഓഫിസറാകുന്നതിന്റെയും യഥാർഥ കഥ പറയുന്ന അനുരാഗ് പഥകിന്റെ ‘ട്വൽത്ത് ഫെയിൽ’ എന്ന ബുക്കിനെ ആസ്പദമാക്കിയുള്ളതായിരുന്നു സിനിമ. മനോജ് കുമാർ ശർമ എന്ന ഐ.പി.എസ് ഓഫിസറുടെ ഏറെ പേർക്ക് പ്രചോദനം നൽകുന്ന ജീവിതം പറയുന്ന സിനിമയിൽ അദ്ദേഹമായി വേഷമിട്ടത് വിക്രാന്ത് മാസി ആയിരുന്നു.
‘ട്വൽത്ത് ഫെയിൽ’ യഥാർഥ നായകനും മഹാരാഷ്ട്ര പൊലീസിൽ ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറലുമായിരുന്ന മനോജ് കുമാർ ശർമക്ക് ഇൻസ്പെക്ടർ ജനറലായി പ്രമോഷൻ ലഭിച്ചെന്ന വാർത്തയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. പ്രമോഷൻ ലഭിച്ച കാര്യം പങ്കുവെക്കുന്ന എക്സിലെ പോസ്റ്റിൽ മനോജ് കുമാർ ശർമ തന്റെ കരിയറിൽ പിന്തുണച്ച ഓരോരുത്തർക്കും ഹൃദ്യമായ നന്ദി അറിയിച്ചു. ശർമയുടെ സ്ഥാനക്കയറ്റം വ്യക്തിപരമായ നേട്ടം മാത്രമല്ലെന്നും പ്രതികൂല സാഹചര്യങ്ങളിലും വിജയത്തിലെത്താൻ നിരവധി പേർക്ക് പ്രചോദനം നൽകുന്നതാണെന്നും പലരും കമന്റുമായി രംഗത്തെത്തി.
20 കോടി ബജറ്റിൽ ഇറങ്ങിയ സിനിമ 69 കോടി രൂപയാണ് ബോക്സ് ഓഫിസിൽനിന്ന് നേടിയത്. മികച്ച ചിത്രം, സംവിധായകൻ, നടൻ എന്നിവയുൾപ്പെടെ ഫിലിം ഫെയർ അവാർഡിൽ അഞ്ച് പുരസ്കാരങ്ങളും സ്വന്തമാക്കി. ഹിന്ദി, കന്നഡ ഭാഷകളിൽ ഒരുക്കിയ ചിത്രം പിന്നീട് തമിഴ്, തെലുങ്ക് ഭാഷകളിലും ഇറങ്ങി. മേധ ശങ്കർ ആണ് നായികയുടെ വേഷമിട്ടത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.