ഐ.എസ് ഭീകരാക്രമണത്തിന് പദ്ധതി; കർണാടകയിലും മഹാരാഷ്ട്രയിലും എൻ.ഐ.എ റെയ്ഡ്; 13 പേർ അറസ്റ്റിൽ
text_fieldsമുംബൈ: രാജ്യവ്യാപകമായി ഐ.എസ് ഭീകരാക്രമണത്തിന് പദ്ധതിയിട്ടതായി വിവരം ലഭിച്ചതിനെ തുടർന്ന് കർണാടകയിലും മഹാരാഷ്ട്രയിലും എൻ.ഐ.എ നടത്തിയ റെയ്ഡിൽ 13 പേരെ അറസ്റ്റ് ചെയ്തു. താനെ, പുണെ, മിറ ഭയന്ദർ എന്നിവയടക്കം മഹാരാഷ്ട്രയിലെ 40 കേന്ദ്രങ്ങളിലാണ് റെയ്ഡ് നടന്നത്. കർണാടകയിലെ നാലിടങ്ങളിലും റെയ്ഡ് നടന്നു. താനെയിലെ ഒമ്പത് ഇടങ്ങളിലും പുണെയിലെ രണ്ട് ഇടങ്ങളിലും താനെ റൂറൽ 31 ഇടങ്ങൾ എന്നിങ്ങനെയാണ് ശനിയാഴ്ച രാവിലെയോടെ റെയ്ഡ് നടന്നത്. മഹാരാഷ്ട്ര, കർണാടക പൊലീസുമായി സഹകരിച്ചായിരുന്നു പൊലീസ് പരിശോധന. താനെയിൽ നിന്നാണ് 13 പേരെ അറസ്റ്റ് ചെയ്തത്.
അൽഖാഇദയുമായും ഐ.എസുമായും ബന്ധമുള്ളവർ രാജ്യത്തുണ്ടെന്നും ഇവർ രാജ്യത്ത് തീവ്രവാദസംഘങ്ങൾക്കു രൂപംകൊടുത്തിട്ടുണ്ടെന്നും ആരോപണമുണ്ട്. കഴിഞ്ഞ മാസം സമാനമായ കേസിൽ താനെയിൽ ഏഴുപേർക്കെതിരെ എൻ.ഐ.എ കേസെടുത്തിരുന്നു. ഭീകരവാദ പരിശീലനം നടത്തുന്നു, തീവ്രവാദ പ്രവർത്തനങ്ങൾ നടത്തുന്നു, സ്‌ഫോടകവസ്തുക്കൾ നിർമിക്കുന്നു തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയത്.
സ്‌ഫോടകവസ്തുക്കൾ നിർമിച്ചുവെന്നാരോപിച്ച് കഴിഞ്ഞ ആഗസ്റ്റിൽ ആകിഫ് അതീഖ് നാച്ചനെ എൻ.ഐ.എ അറസ്റ്റ് ചെയ്തിരുന്നു. ഐ.എസ് ബന്ധം സംശയിച്ച് അറസ്റ്റിലാകുന്ന ആറാംപ്രതിയാണിയാൾ.
മുംബൈയിൽ നിന്നുള്ള തബിഷ് നാസർ സിദ്ദിഖി, പൂനെയിൽ നിന്നുള്ള സുബൈർ നൂർ മുഹമ്മദ് ശൈഖ് എന്ന അബു നുസൈബ, അദ്‌നാൻ സർക്കാർ, താനെയിൽ നിന്നുള്ള ഷർജീൽ ഷെയ്ഖ്, സുൽഫിക്കർ അലി ബറോദാവാല എന്നിവരെയും കഴിഞ്ഞ മാസം എൻ.ഐ.എ അറസ്റ്റ് ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.