നാഗാലാൻഡിൽ 13 സിവിലിയന്മാർ കൊല്ലപ്പെട്ട സംഭവം; സൈനികർക്കെതിരെ നടപടി വേണ്ടെന്ന് സുപ്രീംകോടതി
text_fieldsന്യൂഡൽഹി: തീവ്രവാദികളെന്നുധരിച്ച് നാഗാലാൻഡിൽ ഗ്രാമീണരെ കൊലപ്പെടുത്തിയ സംഭവത്തിലും തുടർന്നുണ്ടായ സംഘർഷത്തിലും പ്രതിചേർക്കപ്പെട്ട 30 സൈനികർക്കെതിരായ ക്രിമിനൽ നടപടികൾ അവസാനിപ്പിച്ച് സുപ്രീംകോടതി.
ജസ്റ്റിസുമാരായ വിക്രംനാഥ്, പി.ബി വരാലെ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. നേരത്തെ, നാഗാലാൻഡ് സർക്കാർ സൈനികർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് കേസെടുത്തിരുന്നു. എന്നാൽ, അഫ്സ്പ നിയമത്തിന്റെ ചില വകുപ്പുകൾ ചൂണ്ടിക്കാട്ടി 2023 ഫെബ്രുവരിയിൽ കേന്ദ്രം പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി നൽകിയിരുന്നില്ല.
കേസ് പരിഗണിച്ച സുപ്രീംകോടതി ഇക്കാര്യം ശരിവെച്ചുകൊണ്ട് നടപടികൾ അവസാനിപ്പിക്കുകയായിരുന്നു.
പ്രതിചേർക്കപ്പെട്ട സൈനികരെ ഡിപ്പാർട്ട്മെന്റ് തലത്തിൽ അച്ചടക്ക നടപടിക്ക് നിർദേശിക്കണമെന്ന നാഗാലാൻഡ് സർക്കാറിന്റെ ആവശ്യവും സുപ്രീംകോടതി തള്ളി. ഇതോടെ, മേജർ ഉൾപ്പെടെയുള്ള 30 സൈനികരും കേസിൽനിന്ന് പൂർണ കുറ്റമുക്തരായി. സൈനികരുടെ ഭാര്യമാരാണ് കേസിൽ വിടുതൽ തേടി സുപ്രീംകോടതിയെ സമീപിച്ചത്.
2021 ഡിസംബർ നാലിനായിരുന്നു കേസിനാസ്പദമായ സംഭവം. കിഴക്കൻ നാഗാലാൻഡിലെ ഒട്ടിങ് ഗ്രാമത്തിൽ റോന്തു ചുറ്റുകയായിരുന്ന സൈനികർ, തീവ്രവാദികൾ സഞ്ചരിക്കുന്ന വാഹനമെന്ന് കരുതി ഒരു പിക്കപ് ട്രക്കിനുനേരെ വെടിയുതിർക്കുകയായിരുന്നു.
സംഭവത്തിൽ ആറുപേർ കൊല്ലപ്പെട്ടു. ഇതേത്തുടർന്ന്, ഗ്രാമത്തിലുണ്ടായ സംഘർഷം അടിച്ചമർത്താനായി സൈന്യം നടത്തിയ വെടിവെപ്പിൽ ഏഴുപേർ കൊല്ലപ്പെട്ടു.
സൈന്യം ആദ്യം അവകാശപ്പെട്ടത് കൊല്ലപ്പെട്ടവർ തീവ്രവാദികളാണെന്നായിരുന്നു. പിന്നീട്, പ്രതിഷേധം കനത്തപ്പോൾ സൈന്യത്തിന് തിരുത്തേണ്ടിവന്നു. ഗ്രാമീണരുടെ പ്രതിഷേധം കനത്തതോടെ 2022 ജൂണിൽ നാഗാലാൻഡ് പൊലീസ് വിഷയത്തിൽ കേസ് രജിസ്റ്റർ ചെയ്തു.
പ്രതിചേർക്കപ്പെട്ട സൈനികരിൽ 21 പേർ സംഘർഷ മേഖലയിൽ പാലിക്കേണ്ട പ്രോട്ടോകോൾ ലംഘിച്ചതായി പൊലീസ് സമർപ്പിച്ച കുറ്റപത്രത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.