ആന്ധ്രപ്രദേശിലെ മരുന്ന് ഫാക്ടറിയിൽ വൻ സ്ഫോടനം; 13 മരണം, നിരവധി പേർക്ക് ഗുരുതര പരിക്ക്
text_fieldsഅമരാവതി: ആന്ധ്രപ്രദേശിലെ അനകപ്പള്ളിയിൽ മരുന്ന് ഫാക്ടറി യൂണിറ്റിലുണ്ടായ വൻ സ്ഫോടനത്തിൽ 13 മരണം. 33 ജീവനക്കാർക്ക് ഗുരുതര പരിക്കേറ്റു. ഫാക്ടറി യൂണിറ്റിൽ കുടുങ്ങി കിടന്ന 13 പേരെ രക്ഷപ്പെടുത്തി.
ഫാർമസ്യൂട്ടിക്കൽ കമ്പനിയായ എസൻഷ്യ അഡ്വാൻസ്ഡ് സയൻസസിന്‍റെ ഫാക്ടറി യൂണിറ്റിലാണ് സ്ഫോടനമുണ്ടായത്. ഉച്ചഭക്ഷണ സമയത്തായിരുന്നു അപകടം. സ്ഫോടനത്തിന് പിന്നാലെ കമ്പനി പരിസരത്ത് കനത്ത പുക ഉയർന്നു.
രണ്ട് ഷിഫ്റ്റുകളിലായി 391 തൊഴിലാളികളാണ് ഫാക്ടറിയിൽ ജോലി ചെയ്തിരുന്നത്. ഉച്ചഭക്ഷണ സമയത്ത് സ്ഫോടനം നടന്നതിനാൽ അപകടമുണ്ടായ സ്ഥലത്ത് ജീവനക്കാരുടെ സാന്നിധ്യം കുറവായിരുന്നു. ഇത് മരണസംഖ്യ ഉയരാതിരിക്കാൻ കാരണമായി.
കമ്പനിയിൽ സ്ഥാപിച്ച റിയാക്ടറിന്‍റെ സമീപത്താണ് സ്ഫോടനമുണ്ടായതെന്നും റിയാക്ടറിന് തകരാർ സംഭവിച്ചിട്ടില്ലെന്നും അനകപ്പള്ളി എസ്.പി ദീപിക പാട്ടിൽ അറിയിച്ചു. സ്ഫോടനത്തിന്‍റെ ഉറവിടം കണ്ടെത്താനായില്ലെന്നും എസ്.പി വ്യക്തമാക്കി.
രാസവസ്തുക്കളുടെയും മരുന്നു ചേരുവകളുടെയും നിർമാതാക്കളാണ് എസൻഷ്യ അഡ്വാൻസ്ഡ് സയൻസസ്. ആന്ധ്രപ്രദേശ് ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രക്ചർ കോർപറേഷന്‍റെ പ്രത്യേക സാമ്പത്തിക മേഖലയായ അച്യുതപുരം ക്ലസ്റ്ററിലെ 40 ഏക്കർ കാമ്പസിലാണ് എസൻഷ്യയുടെ ഫാക്ടറി സ്ഥിതി ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.