Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right38 ഉദ്യോഗാർത്ഥികളിൽ 13...

38 ഉദ്യോഗാർത്ഥികളിൽ 13 പേരും മുസ്‍ലിംകൾ; ജോലി ജിഹാദെന്ന് സുദർശൻ ടി.വി

text_fields
bookmark_border
38 ഉദ്യോഗാർത്ഥികളിൽ 13 പേരും മുസ്‍ലിംകൾ; ജോലി ജിഹാദെന്ന് സുദർശൻ ടി.വി
cancel

തീവ്ര ഹിന്ദുത്വ വലതുപക്ഷ ടെലിവിഷൻ ചാനലാണ് സുദർശൻ ടി.വി. യു.പി.എസ്.സി ജിഹാദ്, ഹൽദി റാം ഭക്ഷണ പാക്കറ്റുകളിലെ 'ഉർദു' എന്നിവയടക്കം മുസ്‍ലിംകൾക്കെതിരെ വിദ്വേഷം ജനിപ്പിക്കുന്ന വാർത്തകളാണ് ചാനൽ ഓരോ ദിവസവും സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. അപകീർത്തി വാർത്തകൾക്കെതിരെ നിരന്തരം പരാതികൾ ഉയർന്നെങ്കിലും ചാനൽ വിദ്വേഷ പ്രചാരണം നിർബാധം തുടരുകയാണ്. അതിൽ ഏറ്റവും അവസാനത്തേതാണ് ​'ജോബ് ജിഹാദ്'. പൊതുമേഖലാ സ്ഥാപനമായ പവൻ ഹാൻസ് അടുത്തിടെ ജോലിക്കെടുത്ത 38 ഉദ്യോഗാർത്ഥികളിൽ 13 പേർ മുസ്‍ലിംകൾ ആയതാണ് സുദർശൻ ടി.വിശയ ചൊടുപ്പിച്ചത്. തുടർന്നാണ് ജോബ് ജിഹാദുമായി ചാനൽ രംഗത്തെത്തിയത്.

2022 ഏപ്രിൽ 15നാണ് തീവ്ര വലതുപക്ഷ ചാനലായ സുദർശൻ ടി.വിയുടെ എഡിറ്റർ സുരേഷ് ചവാൻകെ, 'ജോബ് ജിഹാദ്' എന്ന പുതിയ വിശേഷണവുമായി രംഗത്തെത്തിയത്. ജോലികൾ തട്ടിയെടുക്കാൻ വേണ്ടി മുസ്‍ലിംകൾ ക്രിമിനൽ ഗൂഢാലോചനയിൽ ഉൾപ്പെടുന്നുണ്ടെന്ന് സുരേഷ് ചവാൻകെ അവകാശപ്പെടുന്നു.

ജോലി സുരക്ഷിതമാക്കാനും ഹിന്ദുക്കളുടെ ഉപജീവനമാർഗങ്ങളെ അപകടത്തിലാക്കാനുമുള്ള മുസ്‍ലിംകളുടെ ഗൂഢാലോചനയുടെ ഭാഗമാണ് ജോബ് ജിഹാദെന്ന് ചാനൽ പറയുന്നു.

പവൻ ഹാൻസ് ലിമിറ്റഡ് അപ്രന്റീസ്ഷിപ്പിനായി തെരഞ്ഞെടുത്ത 10 ഉദ്യോഗാർത്ഥികൾ ജാമിയ മില്ലിയ ഇസ്‌ലാമിയ യൂനിവേഴ്‌സിറ്റിയിൽ നിന്നുള്ള മുസ്ലിംകൾ ആയിരുന്നു. ഇവരുടെ ലിസ്റ്റ് പുറത്തുവിട്ടാണ് പുതിയ വിദ്വേഷ പ്രചാരണം. സർക്കാർ സ്ഥാപനങ്ങൾപോലും ഹിന്ദുക്കൾക്ക് ജോലി നിഷേധിക്കുന്നുവെന്നായിരുന്നു ആരോപണം.

പവൻ ഹാൻസിൽ 100 ശതമാനം അപ്രഖ്യാപിത സംവരണം കൊണ്ട് മുസ്ലീങ്ങൾ പ്രയോജനം നേടുന്നുവെന്ന് ചവാൻകെ പറഞ്ഞു. തീവ്ര ഹിന്ദുത്വ നേതാവായ രാഗിണി തിവാരി ഹിന്ദുത്വ തീവ്രവാദികൾ നേതൃത്വം കൊടുത്ത ഡൽഹി കലാപത്തിനിടെ, ന്യൂഡൽഹിയിലെ പവൻ ഹാൻസ് ഓഫീസിലേക്ക് കല്ലെറിയുന്നതിന്റെ ദൃശ്യങ്ങളും ഇതിനിടെ പുറത്തുവന്നിരുന്നു. മൗജ്പൂരിൽ അടക്കം ഹിന്ദുത്വ ആൾക്കൂട്ടത്തെ നയിച്ച് കലാപം സൃഷ്ടിച്ചിട്ടുള്ള ഹിന്ദുത്വ തുവ്രവാദിയാണ് രാഗിണി തിവാരി.

"ഒരു സർക്കാർ കമ്പനിക്ക് മുസ്‍ലിംകൾക്ക് മാത്രം തൊഴിൽ നൽകാൻ കഴിയുമോ?. പവൻ ഹാൻസിൽ മുസ്‍ലിംൾക്ക് 100 ശതമാനം സംവരണം ഉണ്ടോ?. 'ജോബ് ജിഹാദ്' ഷോയുടെ പരസ്യവാചകത്തിൽ സുരേഷ് ചവാൻകെ ചോദിക്കുന്നത് ഇങ്ങനെയാണ്. പവൻ ഹാൻസ് ഓഫീസിൽ കല്ലെറിയാൻ എത്തുന്ന രാഗിണി തിവാരിയെയും അക്രമി സംഘത്തെയും പുലിക്കുട്ടികൾ എന്നാണ് ചാനൽ വിശേഷിപ്പിക്കുന്നത്. ജാമിഅ മില്ലിയക്കെതിരെയും അപകീർത്തിപരമായ വാക്കുകൾ പ്രയോഗിക്കുന്നത് കാണാം.

"പൈസ ശ്രീരാം കാ ഔർ ഫയ്ദാ ചുസ്ലാം കാ (പണം ഹിന്ദുക്കളിൽ നിന്നും ജോലി മുസ്‍ലിംകൾക്കുള്ളതും)" -തിവാരി പറയുന്നു.

"മോദിയെയും യോഗിയെയും എതിർക്കുന്ന ജാമിഅയിലെ തീവ്രവാദികൾക്ക് എന്തിനാണ് ജോലി നൽകുന്നത്? മുസ്‍ലിംകളെ പുറത്താക്കി ഹിന്ദുക്കൾക്ക് ജോലി ലഭിക്കുമെന്ന് ഞങ്ങൾ ഉറപ്പാക്കും'' -ഇതേ വീഡിയോയിൽ അവർ പറയുന്നു.

ചാനലിന്റെ വിദ്വേഷ വാർത്താ അവതരണത്തിന്റെ സത്യാവസ്ഥ 'ദി വയർ' ഓൺലൈൻ പോർട്ടൽ അന്വേഷിച്ച് കണ്ടെത്തി പുറത്തുവിട്ടിരുന്നു. പവൻ ഹാൻസിൽ ജോലിക്ക് അപേക്ഷിച്ച വിദ്യാർഥികളെ അടക്കം കണ്ട് സംസാരിച്ചാണ് 'ദി വയർ' വാർത്ത പുറത്തുവിട്ടത്. സുദർശന ചാനലിന്റെയും ഹിന്ദുത്വ പ്രതിഷേധക്കാരുടെയും അവകാശവാദം തെറ്റാണെന്ന് ദി വയർ കണ്ടെത്തുകയും ചെയ്തു.

ജാമിഅ മില്ലിയ ഇസ്‍ലാമിയ പവൻ ഹാൻസ് ലിമിറ്റഡുമായി സഹകരിച്ച് ബാച്ചിലർ ഓഫ് സയൻസ് ഇൻ എയറോനോട്ടിക്സ് കോഴ്സ് ആരംഭിച്ചിരുന്നു. ഏവിയോണിക്‌സ്, മെക്കാനിക്കൽ എന്നീ രണ്ട് ബാച്ചുകളിലായി 30 പേർ വീതമുള്ള 60 വിദ്യാർത്ഥികൾക്കാണ് കോഴ്‌സ് വാഗ്ദാനം ചെയ്യുന്നത്. 1.3 ലക്ഷം രൂപ വാർഷിക ഫീസുള്ള ഒരു സ്വാശ്രയ കോഴ്‌സാണിത്. അതിൽ 30 ശതമാനം മാത്രമേ യൂനിവേഴ്‌സിറ്റിക്കും ബാക്കി പവൻ ഹാൻസിനും നൽകുന്നുള്ളൂവെന്ന് 'ദി വയർ' റിപ്പോർട്ട് ചെയ്യുന്നു.

ആറ് സെമസ്റ്ററുകളിലായി ഒരു ഉദ്യോഗാർത്ഥിയുടെ മൊത്തം മാർക്കിന്റെയും ഡി.ജി.സി.എ (ഡയറക്‌ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ) മൊഡ്യൂളുകളുടെയും എണ്ണം എന്നിവയെ അടിസ്ഥാനമാക്കിയാണ് അന്തിമ തെരഞ്ഞെടുപ്പ് മാനദണ്ഡം. ഈ വർഷം മൊത്തം 30 വിദ്യാർത്ഥികളെ അഭിമുഖത്തിനായി തെരഞ്ഞെടുത്തു.

ഈ 30 വിദ്യാർത്ഥികളിൽ രണ്ട് മുസ്ലീങ്ങളും രണ്ട് ഹിന്ദുക്കളും അടക്കം നാലു പേർ വ്യക്തിപരമായ കാരണങ്ങളാൽ പഠനം ഉപേക്ഷിച്ചു. ബാക്കിയുള്ള 26 പേരിൽ നിന്ന്, ഓരോ ബ്രാഞ്ചിൽ നിന്നും അഞ്ച് പേർ വീതം ആകെ 10 പേരെ തെരഞ്ഞെടുത്തു. പിന്നീട്, അഭിമുഖം പാസായ ഒരു മുസ്ലീം വിദ്യാർത്ഥിയും വ്യക്തിപരമായ കാരണങ്ങളാൽ ഒഴിവായി.

ഏവിയോണിക്‌സ് ബ്രാഞ്ചിലെ രണ്ട് ഹിന്ദു ഉദ്യോഗാർത്ഥികളിൽ ഒരാൾ വിവാദത്തിൽ 'ദി വയറിനോട്' അഭിപ്രായപ്രകടനം നടത്തി. "ഞങ്ങളുടെ ബാച്ചിലെ ടോപ്പർമാരിൽ ഞാനും എന്റെ സുഹൃത്ത് ദീപിത് ഗോയലും ഉണ്ടായിരുന്നു. വ്യക്തിപരമായ കാരണങ്ങളാൽ ഞങ്ങൾ ഒഴിവായി. ഞാൻ മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുകയാണ്. തെരഞ്ഞെടുപ്പ് പ്രക്രിയ തികച്ചും സുതാര്യവും മെറിറ്റിന്റെ അടിസ്ഥാനത്തിലുള്ളതുമായിരുന്നു. ഒരു ന്യൂനപക്ഷ സ്ഥാപനമായതിനാൽ സ്വാഭാവികമായും കൂടുതൽ മുസ്ലീം വിദ്യാർത്ഥികൾ സർവകലാശാലയിലുണ്ട്. ജാമിഅയിലെ ഒരു ഹിന്ദു വിദ്യാർത്ഥിയെന്ന നിലയിൽ എനിക്ക് ഒരു വിവേചനവും നേരിടേണ്ടി വന്നിട്ടില്ല. എന്റെ സുഹൃത്തുക്കളെല്ലാം മുസ്‍ലിംകളാണ്'' -ശുഭ് സോളങ്കി എന്ന വിദ്യാർഥി പറയുന്നു.

തെരഞ്ഞെടുപ്പിന്റെ രീതിയുമായി ബന്ധപ്പെട്ട് തനിക്ക് പ്രശ്‌നമുണ്ടെങ്കിലും അതിൽ വർഗീയത കലർത്തുന്നതിനോട് തനിക്ക് തീരെ യോജിപ്പില്ലെന്ന് മറ്റൊരു വിദ്യാർഥിയായ അൻഷ് അഗർവാൾ പറയുന്നു. പവൻ ഹാൻസ് ഇതുവരെ 38 സ്ഥാനാർത്ഥികളെ തെരഞ്ഞെടുത്തിട്ടുണ്ടെന്നും അവരിൽ 13 പേർ മാത്രമാണ് മുസ്ലീങ്ങളെന്നും പേര് വെളിപ്പെടുത്താൻ മടിച്ച ഒരു വ്യക്തി 'ദി വയറി'നോട് വെളിപ്പെടുത്തി.

മുംബൈ സർവകലാശാലയുമായും പവൻ ഹാൻസിന് സമാനമായ പങ്കാളിത്തമുണ്ടെന്ന് 'ദി വയർ' കണ്ടെത്തി. ഈ വർഷം അവിടെ നിന്നും ആകെ 15 പേരെ തെരഞ്ഞെടുത്തു അതിൽ മൂന്ന് പേർ മാത്രമാണ് മുസ്‍ലിംകൾ.

2022 ഏപ്രിൽ 16നാണ് 'ജോബ് ജിഹാദ്' എന്ന ഷോ ചവാൻകെ അവതരിപ്പിച്ചത്. അതിൽ, തെളിവുകളൊന്നും ഉദ്ധരിക്കാതെ അദ്ദേഹം ജാമിഅക്കെതിരെ നിരവധി ആരോപണങ്ങൾ ഉന്നയിക്കുന്നുണ്ട്. മുസ്‍ലിംകൾ വ്യോമയാന ജോലികളിൽ പ്രവേശിക്കുന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം 'അപകടകരം' ആണെന്ന് ചർച്ചയിൽ ഒരു പാനലിസ്റ്റ് 'ആശങ്ക' പ്രകടിപ്പിക്കുന്നതുവരെയെത്തി വിദ്വേഷത്തിന്റെ അനന്തരഫലം.

'ജാമിഅ ഒരു സ്ഥാപനമല്ല. തെറ്റായ കാരണങ്ങളാൽ അത് കുപ്രസിദ്ധമാണ്. നമ്മുടെ ജനറൽ ബിപിൻ റാവത്തിന് എന്താണ് സംഭവിച്ചതെന്ന് നമുക്ക് ഇപ്പോഴും അറിയില്ല. അന്വേഷണം പുരോഗമിക്കുകയാണ്' -ചർച്ചയിൽ പ​ങ്കെടുത്തയാൾ സൂചിപ്പിച്ചു.

2021 ഡിസംബറിൽ തമിഴ്നാട്ടിൽ ഒരു ഹെലികോപ്ടർ അപകടത്തിൽ ജനറൽ ബിപിൻ റാവത്ത് മരിച്ചിരുന്നു. പെട്ടെന്നുള്ള കാലാവസ്ഥാ വ്യതിയാനം മൂലം പൈലറ്റിന് വഴിതെറ്റിയതാണ് ഇതിന് കാരണമെന്ന് സർക്കാർ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. അതിനുപോലും വർഗീയ ചിത്രം നൽകാൻ ചാനൽ വഴിവെച്ചു. ഇതാദ്യമായല്ല സുരേഷ് ചവാൻകെയും രാഗിണി തിവാരിയും വിവാദങ്ങൾ സൃഷ്ടിക്കുന്നത്.

2020 മാർച്ചിൽ, ഇന്ത്യാ ഗേറ്റിൽ സംഘടിച്ച പ്രതിഷേധക്കാർക്കെതിരെ സാമ്പത്തിക ബഹിഷ്‌കരണം ആവശ്യപ്പെട്ട് ചാവാൻകെ ഒരു കുപ്രചരണത്തിന് നേതൃത്വം നൽകിയിരുന്നു. മുസ്ലിംകളുടെ ബിസിനസുകൾ ബഹിഷ്കരിക്കാൻ വിദ്വേഷ പ്രസംഗകരായ രാഗിണി തിവാരി, വിനോദ് ശർമ്മ എന്നിവർ ഹിന്ദുക്കളോട് ആവശ്യ​പ്പെട്ടു.

"അവർ നിങ്ങളുടെ കഴുത്ത് ഞെരിച്ച് കൊല്ലുന്നത് തടയണമെങ്കിൽ, നിങ്ങളുടെ പണം അവർക്ക് നൽകുന്നത് നിർത്തണം'' എന്നാണ് ഈ വിഷയത്തിൽ ചർച്ച സംഘടിപ്പിച്ചു​കൊണ്ട് ചാവൻകെ ചാനലിൽ പറഞ്ഞത്. മുസ്‌ലിംകൾക്കെതിരായ വിദ്വേഷം സംപ്രേഷണം ചെയ്യുന്നുവെന്ന് പലപ്പോഴും ആരോപിക്കപ്പെടുന്ന സുദർശൻ ന്യൂസ് ഉത്തം നഗർ പ്രതിഷേധം അങ്ങേയറ്റം പ്രകോപനപരമായ രീതിയിലാണ് റിപ്പോർട്ട് ചെയ്തത്. ഷോയിലുടനീളം, സുദർശൻ ടി.വി റിപ്പോർട്ടർ സാഗർ കുമാറും അവതാരകൻ ശുഭം ത്രിപാഠിയും മുസ്‍ലിംകളെ 'ജിഹാദികൾ' എന്ന് വിളിക്കുകയും മറ്റ് നിന്ദ്യമായ പദങ്ങൾ ഉപയോഗിക്കുകയും ചെയ്തു.

'ജിഹാദികൾക്കെതിരെ ഉത്തം നഗറിൽ ആദ്യമായാണ് ഹിന്ദുക്കൾ ലാത്തിയുമായി രംഗത്തെത്തിയത്' -ചാനലിലിരുന്ന് ശുഭം പറഞ്ഞു.

'ഇന്ന് ഉത്തം നഗറിൽ ഹനുമാൻ ചാലിസ പാരായണം ചെയ്യുകയും ജിഹാദികളെ ബഹിഷ്‌കരിക്കാൻ ആഹ്വാനം ചെയ്യുകയും ചെയ്യും. സുദർശൻ ന്യൂസ് വളരെക്കാലമായി ജിഹാദികളുടെ സാമ്പത്തിക ബഹിഷ്കരണത്തിനായി വാദിച്ചുകൊണ്ടിരിക്കുന്നു ' -സാഗർ കുമാർ പറഞ്ഞ വാക്കുകൾ.

സുദർശൻ ന്യൂസിന്റെ കോളമിസ്റ്റായ അഭയ് പ്രതാപ് എഴുതി -'ഈ മുസ്ലീം കച്ചവടക്കാരിൽ ഭൂരിഭാഗവും മുമ്പ് അക്രമം നടത്തിയ റോഹിങ്ക്യക്കാരാണെന്ന് ഞങ്ങൾക്ക് വിവരം ലഭിച്ചിട്ടുണ്ട്'.

മുസ്‌ലിംകൾ ഇന്ത്യൻ ബ്യൂറോക്രസിയെ രഹസ്യമായി കൈയടക്കിയെന്ന് ആരോപിച്ച് 'യു.പി.എസ്‌.സി ജിഹാദ്' എന്ന പേരിൽ മുസ്‌ലിംകളെ ലക്ഷ്യമിട്ട് ചാവാൻകെ നടത്തിയ ഒരു ഷോ ഇതിന് മുമ്പ് വിവാദമായിരുന്നു. കേസിൽ സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ, ഭാവിയിൽ ജാഗ്രത പാലിക്കണമെന്ന് സുദർശൻ ന്യൂസിന് മുന്നറിയിപ്പ് നൽകിയതായി കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം അറിയിച്ചു. ഇതൊന്നും അവരെ തെല്ലും ബാധിച്ചിട്ടി​ല്ലെന്ന് സാരം.

സുദർശൻ റിപ്പോർട്ടർ ശിവാനി താക്കൂർ അടുത്തിനെ അത്യന്തം മാരകമായ ഒരു വിദ്വേഷ വാർത്തയുമായി രംഗത്തെത്തിയിരുന്നു. ഹൽദിറാം ഉൽപന്നങ്ങളിൽ 'ഉറുദു' എഴുതിയിരിക്കുന്നത് ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തില്ലേ എന്നായിരുന്നു ഹൽദിറാം ഷോറൂമിലെത്തി റിപ്പോർട്ടറുടെ ചോദ്യം. ഗൾഫ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നതിന്റെ ഭാഗമായി പാക്കറ്റിൽ അറബി ഭാഷയും ഉപയോഗിച്ചിരുന്നു. മാത്രമല്ല, അന്താരാഷ്ട്ര കയറ്റുമതി മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് പാക്കറ്റിൽ അറബിയും ഇംഗ്ലീഷും ഉണ്ടായിരുന്നു. ഇതാണ് ഉറുദു ആക്കി റിപ്പോർട്ടർ വിദ്വേഷ ചോദ്യങ്ങൾ ഉന്നയച്ചത്. 'വേണമെങ്കിൽ വാങ്ങി പോയ്ക്കോ, ഷോറൂമിൽനിന്നും ഇറങ്ങണം' എന്നായിരുന്നു ഹൽദിറാം ഷോറൂം മാനേജർ ഇതിന് റിപ്പോർട്ടർക്ക് നൽകിയ മറുപടി.

ഇന്ത്യയുടെ വാനമ്പാടി ലതാ മ​ങ്കേഷ്കറുടെ മരണവുമായി ബന്ധപ്പെട്ടാണ് ഏറ്റവും വിഷം വമിക്കുന്ന റിപ്പോർട്ട് ചാനൽ പുറത്തുവിട്ടത്. ലതക്ക് ആദരാഞ്ജലി അർപ്പിക്കാൻ എത്തിയ ബോളിവുഡ് നടൻ ഷാരൂഖ് ഖാൻ പൂക്കൾ അർപ്പിച്ച ശേഷം മൃതദേഹത്തിലേക്ക് മുസ്‍ലിം ആചാര പ്രകാരം മന്ത്രിച്ച് ഊതിയിരുന്നു. ഇത് മൃതദേഹത്തിൽ തുപ്പിയതാണെന്ന നിലയിൽ ചാനൽ വാർത്ത നൽകി. ഇന്ത്യയിലെ തീവ്ര ഹിന്ദുത്വ വലതുപക്ഷം ഇത് ഏറ്റുപിടിച്ചു. ഹിന്ദുക്കളുടെ ശവസംസ്കാര ചടങ്ങുകളിൽ മുസ്‍ലിംകളെ പ​ങ്കെടുപ്പിക്കരുത് എന്ന നിലക്ക് വരെ പ്രചാരണങ്ങൾ ഉണ്ടായി.

ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കി മാറ്റാനുള്ള വിവാദ ആഹ്വാനവുമായി ബന്ധപ്പെട്ട് ചാവാൻകെ വിദ്വേഷ പ്രസംഗ കേസുകളും നേരിടുന്നുണ്ട്. ന്യൂഡൽഹിയിലെ ഒരു ഹാളിൽ അയാൾ ചൊല്ലിക്കൊടുത്ത പ്രതിജ്ഞ ഇങ്ങനെയായിരുന്നു -"നമ്മളെല്ലാവരും ഈ പ്രതിജ്ഞ എടുക്കുക. വാക്ക് നൽകുക. നമ്മുടെ ജീവിതത്തിന്റെ അവസാന ശ്വാസം വരെ പോരാടാനും മരിക്കാനും ഞങ്ങൾ തയ്യാറാണ്. ഈ രാജ്യത്ത് ഒരു ഹിന്ദു രാഷ്ട്രം സ്ഥാപിക്കുന്നതിന് വേണ്ടി ചിലരെ കൊലപ്പെടുത്തേണ്ടി വന്നാൽ അതും ചെയ്യും. ഹിന്ദു രാഷ്ട്രം നിലനിൽക്കുന്നുവെന്നും ഭാവിയിൽ അത് വികസിക്കുമെന്നും ഉറപ്പുവരുത്തുക''.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UPSC JihadSudarshan TVJob Jihad
News Summary - 13 of 38 Candidates Chosen For a Job Were Muslim – Enough for Sudarshan TV to Cry 'Job Jihad'
Next Story