ബിഹാർ മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിനു നേരെ കല്ലെറിഞ്ഞ സംഭവത്തിൽ 13 പേർ അറസ്റ്റിൽ
text_fieldsപാട്ന: ബിഹർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ വാഹനവ്യൂഹത്തിനു നേരെ കല്ലെറിഞ്ഞ സംഭവത്തിൽ 13 പേർ അറസ്റ്റിൽ. ഞായറാഴ്ച വൈകീട്ട് അഞ്ചോടെ ബിഹാർ തലസ്ഥാനമായ പാട്നക്ക് സമീപം ഗൗരിചക്കിലുള്ള സോഹ്ഗി ഗ്രാമത്തിൽ പാട്ന -ഗയ റൂട്ടിലായിരുന്നു സംഭവം. ഒരു സംഘം ആളുകൾ മന്ത്രിയുടെ വാഹന വ്യൂഹത്തിനു നേരെ കല്ലെറിയുകയായിരുന്നു. ആക്രമണത്തിൽ നാലു വാഹനങ്ങളുടെ ചില്ലുകൾ തകർന്നു.
അക്രമം നടക്കുമ്പോൾ വാഹനവ്യൂഹത്തിൽ മുഖ്യമന്ത്രി നിതീഷ് കുമാർ ഉണ്ടായിരുന്നില്ല. മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരായിരുന്നു ഉണ്ടായിരുന്നത്. ഗയയിൽ മുഖ്യമന്ത്രി ഇന്ന് നടത്തുന്ന സന്ദർശനത്തിന് മുന്നോടിയായുള്ള പരിപാടിയിൽ പങ്കെടുക്കാനെത്തിയതായിരുന്നു സുരക്ഷാ ഉദ്യോഗസ്ഥർ.
ജില്ലയിൽ നിർമിക്കുന്ന ഡാം സന്ദർശിക്കാനും വരൾച്ച സാഹചര്യങ്ങൾ വിലയിരുത്താനുമാണ് മുഖ്യമന്ത്രി ഇന്ന് ഗയ സന്ദർശിക്കുന്നത്. മുഖ്യമന്ത്രി ഹെലികോപ്റ്ററിലാണ് സ്ഥലത്ത് എത്തുന്നതെങ്കിലും വാഹനവ്യൂഹം അദ്ദേഹത്തിന്റെ പ്രാദേശിക യാത്രകൾക്ക് വേണ്ടിയാണ് എത്തിയത്.
മൂന്ന് ദിവസമായി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് പ്രദേശവാസികൾ രോഷാകുലരായി പാട്ന -ഗയ റോഡ് ഉപരോധിച്ചിരുന്നെന്ന് പൊലീസ് പറഞ്ഞു. അതിനിടെയാണ് മന്ത്രിയുടെ വാഹനവ്യൂഹം എത്തുന്നതും അക്രമം നടക്കുന്നതും. ഉടൻ പൊലീസ് സ്ഥലത്തെത്തി ആളുകളെ പിരിച്ചു വിട്ടു. 15 പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. 13 പേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടുള്ളതെന്ന് പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.