വയനാട്ടിലെ 13 വില്ലേജുകൾ പരിസ്ഥിതിലോല മേഖലയാകും; അഞ്ചാമത് കരട് വിജ്ഞാപനം പുറപ്പെടുവിച്ചു
text_fieldsന്യൂഡൽഹി: വയനാട്ടിലെ 13 വില്ലേജുകൾ ഉൾപ്പെടെ ആറ് സംസ്ഥാനങ്ങളിലെ പശ്ചിമഘട്ട മേഖലയിലെ 56,800 ചതുരശ്ര കിലോമീറ്റർ പ്രദേശം പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിക്കുന്നതിനുള്ള അഞ്ചാമത് കരട് വിജ്ഞാപനം കേന്ദ്ര സർക്കാർ പുറപ്പെടുവിച്ചു. വിജ്ഞാപനത്തിന്മേൽ 60 ദിവസത്തിനുള്ളിൽ അഭിപ്രായങ്ങളും എതിർപ്പുകളും അറിയിക്കാനുള്ള അവസരമുണ്ട്.
വയനാട്ടിൽ ഉരുൾപൊട്ടലുണ്ടായതിന്റെ പിറ്റേ ദിവസമായ ജൂലൈ 31നാണ് വിജ്ഞാപനം പുറത്തിറങ്ങിയത്. വയനാട്ടിലെ രണ്ട് താലൂക്കുകളിൽ ഉൾപ്പെടുന്ന 13 വില്ലേജുകൾ ഉൾപ്പെടെ കേരളത്തിലെ 9,993.7 ചതുരശ്ര കിലോമീറ്റർ പ്രദേശമാണ് പരിസ്ഥിതി ലോല മേഖലയിൽ ഉൾപ്പെടുത്തുന്നതിനായി കരട് വിജ്ഞാപനത്തിൽ നിർദേശിച്ചിരിക്കുന്നത്. ഗുജറാത്തിലെ 449 ചതുരശ്ര കിലോമീറ്റർ, മഹാരാഷ്ട്രയിൽ 17,340 ചതുരശ്ര കിലോമീറ്റർ, ഗോവയിൽ 1,461 ചതുരശ്ര കിലോമീറ്റർ, കർണാടകയിൽ 20,668 ചതുരശ്ര കിലോമീറ്റർ, തമിഴ്നാട്ടിൽ 6,914 ചതുരശ്ര കിലോമീറ്റർ എന്നിങ്ങനെയാണ് കരട് വിജ്ഞാപനത്തിൽ ഉൾപ്പെട്ടിരിക്കുന്നത്.
പരിസ്ഥിതിലോല മേഖലയിൽ ഖനനം, ക്വാറി, മണൽ ഖനനം എന്നിവക്ക് സമ്പൂർണ നിരോധന മേർപ്പെടുത്തും. നിലവിലുള്ള ഖനികൾ അന്തിമ വിജ്ഞാപനമിറങ്ങി അഞ്ച് വർഷത്തിനകമോ ലൈസൻസ് കാലാവധി കഴിയുമ്പോഴോ (ഏതാണോ ആദ്യം) നിർത്തലാക്കണം. പുതിയ താപവൈദ്യുതി നിലയങ്ങൾക്കും വിലക്കുണ്ട്. നിലവിലുള്ള പദ്ധതികൾക്ക് തുടരാമെങ്കിലും കൂടുതൽ വികസന പ്രവർത്തനം അനുവദിക്കില്ല. വലിയ തോതിലുള്ള നിർമാണ പ്രവർത്തനങ്ങൾക്കും ടൗൺഷിപ്പുകൾക്കും അനുമതിയുണ്ടാകില്ല. അതേസമയം, നിലവിലുള്ള കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികൾക്കും നവീകരണത്തിനും ഇളവുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.