തസ്മീതിനെ കണ്ടെത്തി; കിട്ടിയത് വിശാഖപട്ടണത്ത് ട്രെയിനിൽവെച്ച്
text_fieldsവിശാഖപട്ടണം: കഴക്കൂട്ടത്തുനിന്ന് ചൊവ്വാഴ്ച രാവിലെ കാണാതായ അസം സ്വദേശിയായ പെൺകുട്ടിയെ കണ്ടെത്തി. വിശാഖപട്ടണത്ത് വെച്ച് ട്രെയിനിൽനിന്നാണ് കണ്ടെത്തിയത്. അസം സ്വദേശികളായ അന്‍വര്‍ ഹുസൈൻ-ഫര്‍വീൻ ബീഗം ദമ്പതികളുടെ മകൾ തസ്മീത് തംസമിനെയാണ് (13) 37മണിക്കൂർ നീണ്ട ഉദ്വേഗത്തിനൊടുവിൽ കണ്ടെത്തിയത്.
ചെന്നൈയിൽ ട്രെയിനിറങ്ങിയതായുള്ള സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ തിരച്ചിൽ ഉൗർജിതമാക്കിയിരുന്നു. അതിനിടെയാണ് മലയാളികൾ ചേർന്ന് നടത്തിയ തെരച്ചിലിൽ ട്രെയിനിലെ ബർത്തിൽ കിടന്നുറങ്ങുന്ന നിലയിൽ കണ്ടെത്തിയത്. ട്രെയിനുകളിലും റെയിൽവേ സ്റ്റേഷനുകളിലുമടക്കം തിരച്ചിൽ ഊർജിതമാക്കിയിരുന്നു.
തിരുവനന്തപുരത്തുനിന്ന് കന്യാകുമാരിയിലേക്കുള്ള ട്രെയിനിൽ കയറിയ പെൺകുട്ടി നാഗർകോവിൽ സ്റ്റേഷനിൽ ഇറങ്ങിയതായി സി.സി ടി.വി പരിശോധനയിൽ വ്യക്തമായിരുന്നു. കുപ്പിയിൽ വെള്ളമെടുത്തശേഷം തിരികെ ട്രെയിനിൽ കയറി. ഇതിന് പിന്നാലെയാണ് ചെന്നൈയിൽനിന്നുള്ള സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചത്. ചൈന്നെയിലേക്കും അസമിലേക്കുമുള്ള ട്രെയിനുകൾ നിർത്തുന്ന എല്ലാ സ്റ്റോപ്പുകളിലും സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കാൻ ബുധനാഴ്ച വൈകീട്ടോടെ പൊലീസ് തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കുട്ടി ചെന്നൈയിൽ ട്രെയിനിറങ്ങിയതായി സ്ഥിരീകരണം ലഭിച്ചത്.
വീട്ടുകാരോട് പിണങ്ങിയാണ് പെൺകുട്ടി വീടുവിട്ടിറങ്ങിയത്. മാതാപിതാക്കൾ ജോലിക്ക് പോയസമയം വീട്ടിൽനിന്ന് പുറത്തുപോയെന്ന് പൊലീസ് പറഞ്ഞു. ട്രെയിനിൽ പെൺകുട്ടി യാത്ര ചെയ്യുന്നതിന്‍റെ ഫോട്ടോ പൊലീസിന് ലഭിച്ചത് അന്വേഷണത്തിന് സഹായകമായി. ചൊവ്വാഴ്ച ഉച്ചക്ക് ട്രെയിനിൽ യാത്രചെയ്ത വിദ്യാർഥിനിയാണ് തസ്മീത് കരയുന്നതിൽ സംശയം തോന്നി മൊബൈലിൽ ചിത്രമെടുത്തത്. പെൺകുട്ടിയെ കാണാതായ വാർത്ത ബുധനാഴ്ച മാധ്യമങ്ങളിലൂടെ അറിഞ്ഞതോടെ വിദ്യാർഥിനി ഫോട്ടോ പൊലീസിന് കൈമാറി. കഴക്കൂട്ടം ബ്ലോക്ക് ഓഫിസിന് സമീപത്തെ വാടക വീട്ടിലാണ് പെൺകുട്ടിയും കുടുംബവും താമസിക്കുന്നത്. ഒരു മാസം മുമ്പാണ് അസമിൽനിന്ന് ഇവര്‍ എത്തിയത്. ആദ്യം ഹോട്ടലിലായിരുന്നു അന്‍വറിന് ജോലി. തുടർന്ന് കഴക്കൂട്ടത്തെ സ്കൂളില്‍ തോട്ടപ്പണിക്കാരനായി പ്രവർത്തിക്കുകയായിരുന്നു. ഭാര്യയും ഇവിടെ സഹായിയായുണ്ട്. ഇവര്‍ക്ക് 19 വയസ്സുള്ള മകനും ഒമ്പതും ആറും വയസ്സുള്ള രണ്ടു പെണ്‍മക്കളുംകൂടിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.