മുംബൈ ഭീകരാക്രമണ മുറിവിന് 13ാമാണ്ട്; രക്തസാക്ഷികളെ അനുസ്മരിച്ച് രാജ്യം
text_fieldsമുംബൈ: രാജ്യത്തെ 60 മണിക്കൂറോളം മുൾമുനയിൽ നിർത്തിയ മുംബൈ ഭീകരാക്രമണം നടന്നിട്ട് വെള്ളിയാഴ്ച 13 വർഷം തികഞ്ഞു. ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട പൊലീസ്, സൈനിക ഉദ്യോഗസ്ഥരെയും ഭീകരരുടെ വെടിയേറ്റു മരിച്ചവരെയും രാജ്യം അനുസ്മരിച്ചു.
രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവർ പ്രസ്താവനകളിലൂടെയും മഹാരാഷ്ട്ര ഗവർണർ ഭഗത് സിങ് കോശിയാരി, ഉപമുഖ്യമന്ത്രി അജിത് പവാർ, ആഭ്യന്തര മന്ത്രി ദിലിപ് വൽസെ പാട്ടീൽ എന്നിവർ പൊലീസ് ആസ്ഥാനത്തെ സ്മാരകത്തിലെത്തി പുഷ്പാർച്ചന നടത്തിയും രക്തസാക്ഷികളെ ആദരിച്ചു.
ശസ്ത്രക്രിയയെത്തുടർന്ന് ആശുപത്രിയിൽ കഴിയുന്ന മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും രക്തസാക്ഷികളെ അനുസ്മരിച്ചു. 2008 നവംബർ 26ന് വൈകീട്ട് ലിയൊപോൾഡ് കഫേ, താജ് ഹോട്ടൽ, ട്രൈഡൻറ്-ഒബ്രോയ് ഹോട്ടൽ, ജൂതകേന്ദ്രമായ നരിമാൻ ഹൗസ്, സി.എസ്.ടി റെയിൽവേ സ്റ്റേഷൻ, കാമ ഹോസ്പിറ്റൽ എന്നിവിടങ്ങളിൽ പത്തോളം ഭീകരർ ആക്രമണം നടത്തുകയായിരുന്നു. പാക് ഭീകര സംഘടനയായ ലശ്കറെ ത്വയ്യിബയാണ് ആക്രമണത്തിന് പിറകിലെന്നാണ് കണ്ടെത്തൽ.
വിചാരണ വേഗത്തിലാക്കണമെന്ന് ഇന്ത്യ
ന്യൂഡൽഹി: മുംബൈ ഭീകരാക്രമണത്തിെൻറ 13ാം വാർഷികത്തിൽ ഡൽഹിയിലെ പാകിസ്താൻ നയതന്ത്ര ഉദ്യോഗസ്ഥനെ വിളിച്ചു വരുത്തി കേസിെൻറ വിചാരണ നടപടികൾ വേഗത്തിലാക്കാൻ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. 2008ലെ ഭീകരാക്രമണത്തിെൻറ മുറിപ്പാടുകൾ മറക്കാനാവില്ലെന്ന് വിദേശകാര്യ മന്ത്രാലയം മുഖേന പുറത്തിറക്കിയ ഹ്രസ്വ വിഡിയോയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
പുതിയ നയ രീതികൾ വഴി ഇന്ത്യ ഭീകരതയോട് പൊരുതുകയാണെന്നും അദ്ദേഹം പറഞ്ഞു. മുംബൈ ആക്രമണം പാകിസ്താെൻറ അതിർത്തിക്കുള്ളിൽ ആസൂത്രണം ചെയ്തു നടപ്പാക്കിയതാണെന്നും, ഇത്ര കാലമായിട്ടും പ്രതികളെ നീതിപീഠത്തിനു മുമ്പാകെ കൊണ്ടുവന്നിട്ടില്ലെന്നും പാക് നയതന്ത്ര ഉദ്യോഗസ്ഥന് നൽകിയ കുറിപ്പിൽ വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി.
15 രാജ്യങ്ങളിലെ 166 പേർ മരിച്ച സംഭവത്തിൽ നീതി നടപ്പാക്കേണ്ടത് നിരപരാധികളോടുള്ള പാകിസ്താെൻറ പ്രതിബദ്ധതയുടെ മാത്രം കാര്യമല്ല, അന്താരാഷ്ട്ര പ്രതിബദ്ധത കൂടിയാണ്. എന്നാൽ ഇരട്ടത്താപ്പാണ് പാകിസ്താൻ തുടരുന്നത്. ഇന്ത്യക്കെതിരെ സ്വന്തം മണ്ണ് ഭീകരർ ഉപയോഗപ്പെടുത്തുന്നില്ലെന്ന് പാകിസ്താൻ ഉറപ്പു വരുത്തണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.