അസമിൽ കനത്ത മഴയും വെള്ളപ്പൊക്കവും: 14 മരണം
text_fieldsഗുവാഹത്തി: അസമിലെ ഹൈലാക്കണ്ടി, ഹൊജായ് ജില്ലകളിൽ കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും 14 പേർ മരിച്ചു. വെള്ളപ്പെക്കവും മഴയും മണ്ണിടിച്ചിലും കഴിഞ്ഞ ആഴ്ച വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ നാശം വിതച്ചിരുന്നു. മണിപ്പൂർ, ത്രിപുര എന്നിവിടങ്ങളിൽ നിരവധി പേർ മരിച്ചു.
നാഗോൺ, ഗോലാഘട്ട്, കചാർ, ഹൈലാക്കണ്ടി, കരിംഗഞ്ച് എന്നീ ജില്ലകളിലായി അഞ്ചു ലക്ഷത്തിലേറെ പേരെ വെള്ളപ്പൊക്കം പ്രതികൂലമായി ബാധിച്ചതായാണ് റിപ്പോർട്ട്. ഏറ്റവും കൂടുതൽ നാശനഷ്ടങ്ങളുണ്ടായത് കരിംഗഞ്ചിലാണ്. കുഷിയാര, ബരാക്, േലാംഗായ് നദികളിലെ ജലനിരപ്പ് ഉയരുന്നത് ആശങ്ക സൃഷ്ടിക്കുന്നു.
തിങ്കളാഴ്ച ത്രിപുരയിലെ കൈലാഷഹർ, അസമിലെ ഹൈലാക്കണ്ടി തുടങ്ങി വെള്ളപ്പൊക്കം നാശം വിതച്ച മേഖലകളിൽ എണ്ണായിരം കിലോയിലേറെ ദുരിതാശ്വാസ വസ്തുക്കൾ ഇന്ത്യൻ വ്യോമസേന എത്തിച്ചു നൽകിയിരുന്നു. ബ്രഹ്മപുത്ര നദിയിലെ ജലനിരപ്പ് മണിക്കൂറിൽ നാലു മുതൽ അഞ്ചു സെൻറിമീറ്റർ വരെ ഉയരുന്നതായും അടുത്ത മൂന്നു ദിവസത്തിനുള്ളിൽ അപകടകരമായ നിലയിലേക്ക് എത്തുമെന്നും കേന്ദ്ര ജല കമീഷൻ മുന്നറിയിപ്പ് നൽകി.
വിവിധ സ്ഥലങ്ങളിലും ൈവദ്യുതി ബന്ധങ്ങൾ താറുമാറായി. പല ജില്ലകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടഞ്ഞു കിടക്കുകയാണ്. ഒരു ലക്ഷത്തോളം ആളുകളെ താത്ക്കാലിക ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റി. ദുരിത ബാധിതർക്ക് കേന്ദ്രം എല്ലാവിധ സഹായങ്ങളും നൽകുമെന്ന് പ്രധാനമന്ത്രി ഉറപ്പു നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.