കേന്ദ്ര സർക്കാർ അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുന്നതിനെതിരെ 14 പ്രതിപക്ഷ പാർട്ടികൾ സുപ്രീംകോടതിയിൽ
text_fieldsന്യൂഡൽഹി: കേന്ദ്ര സർക്കാർ അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടി 14 പ്രതിപക്ഷ പാർട്ടികൾ സുപ്രീംകോടതിയെ സമീപിച്ചു. കേസ് ഏപ്രിൽ അഞ്ചിന് പരിഗണിക്കുമെന്ന് കോടതി അറിയിച്ചു.
സി.ബി.ഐ, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തുടങ്ങിയ ഏജൻസികൾ ബി.ജെ.പിയുടെ എതിർ കക്ഷികളെ മാത്രമാണ് ലക്ഷ്യം വെക്കുന്നതെന്ന് പാർട്ടികൾ ആരോപിച്ചു. കേസുകളുള്ള പാർട്ടി നേതാക്കൾ ബി.ജെ.പിയിൽ ചേർന്നാൽ കേസുകൾ ഇല്ലാതാവുന്നുവെന്നും പരാതിയിൽ വ്യക്തമാക്കി.
അതേസമയം, പ്രതിപക്ഷ പാർട്ടികളുടെ ആരോപണം ബി.ജെ.പി നിഷേധിച്ചു. അന്വേഷണ ഏജൻസികൾ സ്വതന്ത്രമായാണ് പ്രവർത്തിക്കുന്നതെനും ബി.ജെ.പി വ്യക്തമാക്കി.
മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിങ്വിയാണ് കേസ് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റെ ശ്രദ്ധയിൽ പെടുത്തിയത്. ‘95 ശതമാനം കേസുകളും പ്രതിപക്ഷ നേതാക്കൾക്കെതിരാണ്. അറസ്റ്റിന് മുമ്പും ശേഷവും സ്വീകരിക്കേണ്ട മാർഗ നിർദേശങ്ങൾ പുറപ്പെടുവിക്കണമെന്ന് അഭ്യർഥിക്കുന്നു.’ -സിങ്‍വി കോടതിയിൽ ചൂണ്ടിക്കാട്ടി.
കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, ആംആദ്മി പാർട്ടി, ജനതാദൾ യുനൈറ്റഡ്, ഭാരത് രാഷ്ട്ര സമിതി, രാഷ്ട്രീയ ജനതാ ദൾ, സമാജ്‍വാദി പാർട്ടി, ശിവ സേന -ഉദ്ധവ് താക്കറെ വിഭാഗം, നാഷണൽ കോൺഫറൻസ്, നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി, ഇടതുപക്ഷം, ഡി.എം.കെ എന്നീ പാർട്ടികളാണ് കോടതിയെ സമീപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.