കശ്മീർ: തടവിലായിരുന്ന 142 കുട്ടികളെ വിട്ടയച്ചുവെന്ന് ജുവനൈൽ ജസ്റ്റിസ് കമ്മിറ്റി
text_fieldsന്യൂഡൽഹി: ജമ്മു-കശ്മീരിൽ 370ാം വകുപ്പ് റദ്ദാക്കിയതിനെ തുടർന്ന് 144 കുട്ടികളെ തടവി ലാക്കിയെങ്കിലും പിന്നീട് 142 കുട്ടികളെ വിട്ടയച്ചെന്നും രണ്ടു പേരെ ജുവനൈൽ ഹോമിലേക്ക് അയച്ചുവെന്നും ജമ്മു-കശ്മീർ ഹൈകോടതിയിലെ ജുവനൈൽ ജസ്റ്റിസ് കമ്മിറ്റി സുപ്രീംകോടതിയെ അറിയിച്ചു. ഇതുസംബന്ധിച്ച് സുപ്രീംകോടതിയിൽ ഹരജി നൽകിയിരുന്ന ആക്ടിവിസ്റ്റുകളായ ഇനാക്ഷി ഗാംഗുലി, ശാന്ത സിൻഹ എന്നിവരുടെ അഭിഭാഷകൻ ഹുസഫ അഹ്മദിയോടാണ് ജസ്റ്റിസ് എൻ.വി. രമണ, എം.ആർ. ഷാ, ബി.ആർ. ഗവായ് എന്നിവരടങ്ങുന്ന ബെഞ്ച് ഇക്കാര്യം അറിയിച്ചത്. കുട്ടികൾ തടവിലാണെന്ന കാര്യം കമ്മിറ്റി നിഷേധിച്ചതായി കോടതി വ്യക്തമാക്കി.
എന്നാൽ, കമ്മിറ്റിയുടെ റിപ്പോർട്ടിൽ മറുപടി നൽകാൻ അനുവദിക്കണമെന്ന അഹ്മദിയുടെ അപേക്ഷ പരിഗണിച്ച കോടതി രണ്ടാഴ്ചക്കുശേഷം വാദം കേൾക്കാമെന്ന് അറിയിച്ചു. ആക്ടിവിസ്റ്റുകളുടെ ഹരജിയിൽ സുപ്രീംകോടതിതന്നെയാണ് കമ്മിറ്റിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നത്. ജസ്റ്റിസ് അലി മുഹമ്മദ് മഗ്രേയുടെ നേതൃത്വത്തിലുള്ള കമ്മിറ്റി കോടതികൾ, പൊലീസ് മേധാവി, വിവിധ ഏജൻസികൾ എന്നിവരിൽനിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സുപ്രീംകോടതിക്ക് റിപ്പോർട്ട് നൽകിയത്. കുട്ടികെള തടവിലാക്കിയെന്നരീതിയിൽ വിദേശ മാധ്യമങ്ങളിലടക്കം വന്ന റിപ്പോർട്ടുകൾ വാസ്തവ വിരുദ്ധമാണെന്നാണ് ഡി.ജി.പി വിശദീകരിച്ചത്.
ആഗസ്റ്റ് അഞ്ച് മുതൽ ശ്രീനഗറിലെ ഹർവാനിലും ജമ്മുവിലെ ആർ.എസ് പൊരയിലും രണ്ടു നിരീക്ഷണ വസതികൾ സ്ഥാപിച്ചിട്ടുണ്ട്. 36 കുട്ടികളെ ഹർവാനിലെ കേന്ദ്രത്തിലേക്ക് അയച്ചെങ്കിലും 21 പേർക്ക് പിന്നീട് ജാമ്യം അനുവദിച്ചു.
15 പേരുടെ കാര്യത്തിൽ അന്വേഷണം നടക്കുകയാണെന്നും ജുവനൈൽ ജസ്റ്റിസ് കമ്മിറ്റി സുപ്രീംകോടതിയിൽ ബോധിപ്പിച്ചു. ആർ.എസ് പൊരയിൽ 10 കുട്ടികളെ അയച്ചതിൽ ആറുപേരെ വിട്ടയച്ചെന്നും റിപ്പോർട്ടിൽ വിശദീകരിച്ചു.
കുട്ടിയെ പി.എസ്.എ ചുമത്തി തടവിലാക്കി; കേസായപ്പോൾ റദ്ദാക്കി
ശ്രീനഗർ: ജമ്മു-കശ്മീരിൽ അറസ്റ്റ് ചെയ്ത് ഉത്തർപ്രദേശിലെ ജയിലിൽ തടവിലാക്കിയ കുട്ടിയുടെ മേൽ ചുമത്തിയ പൊതുസുരക്ഷ നിയമം (പി.എസ്.എ) റദ്ദാക്കിയതായി കശ്മീർ ഭരണകൂടം ഹൈകോടതിയെ അറിയിച്ചു. കുട്ടികളെ തടവിലാക്കിയെന്ന പരാതിയിൽ സുപ്രീംകോടതി നിർദേശപ്രകാരം അന്വേഷണം നടത്തുന്ന ജസ്റ്റിസ് അലി മുഹമ്മദ് മഗ്രേക്ക് മുമ്പാകെയാണ് ഭരണകൂടം കുട്ടിയുടെ മേൽ പി.എസ്.എ ചുമത്തി തടവിലാക്കിയ കാര്യം സ്ഥിരീകരിക്കുന്നത്. അനന്തനാഗ് ജില്ലയിലെ ശ്രീഗുഫ്വാര പ്രദേശത്തെ കുട്ടിയുടെ രക്ഷിതാക്കൾ നൽകിയ ഹേബിയസ് കോർപസിലാണ് ഭരണകൂടത്തിെൻറ വിശദീകരണം.
ആഗസ്റ്റ് നാലിനാണ് കുട്ടിയെ വീട്ടിൽനിന്ന് പൊലീസ് അറസ്റ്റു ചെയ്തത്. ആഗസ്റ്റ് എട്ടിന് കുട്ടിക്കുമേൽ പി.എസ്.എ ചുമത്തി ഉത്തർപ്രദേശ് ജയിലിലേക്ക് കൊണ്ടുപോയി. പിന്നീട് രക്ഷിതാക്കൾ കുട്ടിയുടെ ജനനതീയതി വ്യക്തമാക്കുന്ന 10ാം ക്ലാസ് സർട്ടിഫിക്കറ്റ് ഹൈകോടതിയിൽ ഹാജരാക്കി. ഇതുപ്രകാരം കുട്ടിക്ക് 16 വയസ്സാണ്. തുടർന്ന് ഹരജിയിൽ കോടതി സംസ്ഥാന കൗൺസിലിനോട് വിശദീകരണം തേടി ഒക്ടോബർ ഒന്നിലേക്ക് കേസ് മാറ്റുകയായിരുന്നു. ചൊവ്വാഴ്ച കേസെടുത്തപ്പോഴാണ് കുട്ടിയുടെ മേൽ ചുമത്തിയ പി.എസ്.എ റദ്ദാക്കിയതായി കൗൺസിൽ വ്യക്തമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.