146 ജില്ലകളിൽ സ്ഥിതി അതീവ ഗുരുതരം; പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിന് മുകളിൽ
text_fieldsന്യൂഡൽഹി: കോവിഡ് 19ന്‍റെ രണ്ടാം തരംഗത്തിൽ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ 146 ജില്ലകളിൽ സ്ഥിതി അതീവ ഗുരുതരമെന്ന് കേന്ദ്രം. 146 ജില്ലകളിൽ 15 ശതമാനത്തിന് മുകളിലാണ് പോസിറ്റിവിറ്റി നിരക്ക്. 274 ജില്ലകളിൽ അഞ്ച്- 15 ശതമാനത്തിന് മുകളിലും.
കോവിഡ് വാക്സിന്റെ രണ്ടു ഡോസും സ്വീകരിച്ച ആയിരത്തിൽ രണ്ടോ നാലോ പേർക്ക് മാത്രമാണ് രോഗം സ്ഥിരീകരിക്കുന്നതെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
146 ജില്ല അധികൃതരുമായി ചർച്ച നടത്തിയതായും കോവിഡ് വ്യാപനം കുറക്കാൻ നടപടികൾ സ്വീകരിക്കാൻ മുന്നറിയിപ്പ് നൽകിയതായും കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ പറഞ്ഞു.
രാജ്യത്ത് 24 മണിക്കൂറിനിടെ ആദ്യമായി മൂന്നു ലക്ഷത്തിലധികം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്- 3,15,925 പേർ. ജനുവരി എട്ടിന് അമേരിക്കയിൽ മൂന്നുലക്ഷത്തിനു മുകളിൽ രോഗബാധ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നുവെങ്കിലും ഇത്രയും എത്തിയിരുന്നില്ല. ഇന്ത്യയിൽ മരണസംഖ്യ 2,000 കടന്നു- 2,102 പേരാണ് ബുധനാഴ്ച മരണത്തിന് കീഴടങ്ങിയത്.
ഈ മാസാദ്യം അരലക്ഷത്തിനു മുകളിലായിരുന്നത് 20 ദിവസമെടുത്താണ് മൂന്നു ലക്ഷം തൊട്ടത്. ഒരു ലക്ഷത്തിൽനിന്ന് മൂന്നിരട്ടിയാകാൻ എടുത്തത് 17 ദിവസവും. യു.എസിലാകട്ടെ ഒരു ലക്ഷത്തിൽനിന്ന് മൂന്നുലക്ഷമാകാൻ മൂന്നു മാസമെടുത്തിരുന്നു.
മഹാരാഷ്ട്രയാണ് കണക്കുകളിൽ ഇപ്പോഴും ബഹുദൂരം മുന്നിൽ- 24 മണിക്കൂറിനിടെ 67,468 പുതിയ രോഗികൾ. ഉത്തർപ്രദേശ് (33,214), ഡൽഹി (24,638), കർണാടക (23,558), കേരളം (22,414) എന്നിവയാണ് തൊട്ടുപിറകിൽ. രാജസ്ഥാൻ, മധ്യപ്രദേശ്, ഗുജറാത്ത്, ആന്ധ്രപ്രദേശ്, ബിഹാർ, തമിഴ്നാട്, ബംഗാൾ, ഹരിയാന, ഝാർഖണ്ഡ്, ഒഡിഷ, തെലങ്കാന, ജമ്മു കശ്മീർ, ഗോവ എന്നിവിടങ്ങളിലും തീവ്രവ്യാപനം നിലനിൽക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.