സർക്കാർ ജോലി വാഗ്ദാനം നൽകി 27 പേരിൽ നിന്ന് 1.47 കോടി കവർന്നു; പൊലീസ് ഇൻസ്പെക്ടർ ഉൾപ്പെടെ രണ്ടു പേർക്കെതിരെ കേസെടുത്തു
text_fieldsനാഗർകോവിൽ: സർക്കാർ ജോലി വാഗ്ദാനം ചെയ്ത് കേസിൽ പൊലീസ് ഇൻസ്പെക്ടർ യേശുരാജശേഖരൻ, കനകദുർഗ എന്ന മുനിയമ്മാൾ എന്നിവർക്കെതിരെ ജില്ല ക്രൈംബ്രാഞ്ച് മോഷണം ഉൾപ്പെടെ അഞ്ച് വകുപ്പുകൾ ചേർത്ത് കേസെടുത്തു.
തേനി ജില്ലയിൽ ഉത്തമപാളയം പണൈപുരം ചിന്ന മാങ്കുളം സ്വദേശിയായ യേശുരാജശേഖരൻ പുതുക്കട പൊലീസ് സ്റ്റേഷനിൽ ജോലി ചെയ്യുന്നതിനിടെയാണ് തട്ടിപ്പ് നടത്തിയത്. നിലവിൽ തൂത്തുക്കുടി ചാത്തൻകുളം പൊലീസ് സ്റ്റേഷനിൽ ജോലി ചെയ്യുന്നത്. മുനിയമ്മാൾക്കെതിരെ തേനി ജില്ലയിൽ മോഷണ കുറ്റത്തിന് വേറെയും കേസുകൾ ഉള്ളതായാണ് വിവരം.
മാർത്താണ്ഡം കൊടുവങ്കുളം സ്വദേശി ലളിത പൊലീസ് സൂപ്രണ്ട് സുന്ദരവദനത്തിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. 2022-ൽ പുതുക്കട സ്റ്റേഷനിൽ സ്ഥലംമാറി വന്ന ഇൻസ്പെക്ടർ യേശു രാജശേഖരൻ ലളിതയുടെ വീട്ടിനടുത്താണ് വാടകക്ക് താമസിച്ചിരുന്നത്. ഒപ്പം ഭാര്യയെന്ന് പറഞ്ഞ് ഒരു സ്ത്രീയും താമസിച്ചിരുന്നു. അവർ വിദ്യാഭ്യാസ വകുപ്പിൽ ഡെപ്യുട്ടി ഡയറക്ടർ എന്നാണ് പറഞ്ഞിരുന്നത്.
മകന് ജോലി വാങ്ങിനൽകാം എന്ന് വാഗ്ദാനം നൽകിയതിന്റെ അടിസ്ഥാനത്തിൽ ലളിത നാലര ലക്ഷം ആദ്യം നൽകി. കൂടുതൽ ഒഴിവ് വിദ്യാഭ്യാസ വകുപ്പിൽ ഉണ്ടെന്ന് പറഞ്ഞതിനെ തുടർന്ന് ലളിത ബന്ധുക്കളും സമീപ വാസികളിൽ നിന്നുമായി ആകെ1.47 കോടി രൂപ വാങ്ങി കൊടുത്തെങ്കിലും ജോലി ലഭിച്ചില്ലയെന്ന് പരാതിയിൽ പറയുന്നു. ഇതേ തുടർന്നാണ് പൊലീസ് വകുപ്പ് നടപടി സ്വീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.