15 ദിവസത്തെ നോട്ടീസ്, വിഡിയോ റെക്കോഡിങ്: ബുൾഡോസർ രാജിന് തടയിട്ട് സുപ്രീംകോടതി
text_fieldsന്യൂഡൽഹി: ബുൾഡോസർ രാജ് നടപ്പാക്കുന്ന സമീപനത്തിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി. അനധികൃത നിർമാണം, കൈയേറ്റം തുടങ്ങിയ കേസുകളിൽ പൊളിക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ സുപ്രീംകോടതി പുറത്തുവിട്ടു.
15 ദിവസത്തെ മുൻകൂർ അറിയിപ്പ്, വിഡിയോ റെക്കോർഡിങ്, റിപ്പോർട്ടുകളുടെ പൊതു പ്രദർശനം എന്നിവ നിർബന്ധമാക്കിയാണ് സുപ്രീംകോടതി മാർഗനിർദേശം പുറത്തിറക്കിയത്. എക്‌സിക്യൂട്ടീവിന് ജഡ്ജിയാകാൻ കഴിയില്ലെന്നും സുപ്രീംകോടതി അസന്ദിഗ്ധമായി പറഞ്ഞു.
രാജ്യവ്യാപകമായി കുറ്റാരോപിതരുടെ വീടുകളും മറ്റു സ്വത്തുവകകളും നിയമവിരുദ്ധമായി പൊളിക്കുന്ന നടപടി തടയണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജിയിലാണ് ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് വിധി പ്രഖ്യാപിച്ചത്. കുറ്റാരോപിതരുടെ വീടുകളും വസ്തുവകകളും നിയമവിരുദ്ധമായി പൊളിക്കുന്നതുമായി ബന്ധപ്പെട്ട് ഉത്തർ പ്രദേശിലും രാജസ്ഥാനിലുമടക്കം നിരവധി പരാതികൾ ഉയർന്നു വന്നിരുന്നു.
കേവലമായ ആരോപണങ്ങളുടെ പേരിൽ പൗരന്റെ വീട് ഏകപക്ഷീയമായി പൊളിക്കുന്നത് ഭരണഘടനാ നിയമത്തെയും അധികാര വിഭജന തത്വത്തെയും ലംഘിക്കുന്നുവെന്ന് കോടതി പ്രസ്താവിച്ചു. സ്ത്രീകളും കുട്ടികളും ഒറ്റരാത്രികൊണ്ട് തെരുവിലിറങ്ങുന്നത് സന്തോഷകരമായ കാഴ്ചയല്ലെന്ന് വിധി പ്രസ്താവിച്ചുകൊണ്ട് ജസ്റ്റിസ് ഗവായ് പറഞ്ഞു. ഇത്തരം കേസുകളിൽ എക്‌സിക്യൂട്ടിവിന്റെ അതിരുകടക്കൽ അടിസ്ഥാന നിയമ തത്വങ്ങളെ തകർക്കുമെന്നും കോടതി മുന്നറിയിപ്പ് നൽകി. ഓരോ നോട്ടീസിലും പൊളിക്കുന്നതിനുള്ള കാരണങ്ങളും ഹിയറിങ് തീയതിയും വ്യക്തമാക്കിയിരിക്കണം. 15 ദിവസത്തിനു മുമ്പ് ബന്ധപ്പെട്ട വ്യക്തിക്ക് നോട്ടീസ് നൽകണമെന്നും കോടതി പറഞ്ഞു.
അധികാര പരിധിക്കപ്പുറം പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർ ഉത്തരവാദികളായിരിക്കും. ഇത്തരം ഏകപക്ഷീയ നടപടികൾ നിയമവാഴ്ചയെ ദുർബലപ്പെടുത്തും. അധികാര ദുർവിനിയോഗത്തിൽ നിന്ന് കുറ്റാരോപിതരോ കുറ്റവാളിയോ ആയവരെപ്പോലും സംരക്ഷിക്കാൻ ക്രിമിനൽ നിയമത്തിനുള്ളിൽ സംരക്ഷണം നിലവിലുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു.
ഏകപക്ഷീയമായ നടപടികൾ മൂലം പ്രതികളുടെ അവകാശങ്ങൾ ലംഘിക്കപ്പെടുന്ന കേസുകളിൽ നഷ്ടപരിഹാരം നൽകാമെന്നും കോടതി നിർദേശിച്ചു. വസ്തു ഉടമക്ക് വേണ്ടി വ്യക്തിഗത ഹിയറിങ് നടത്തണമെന്നും കോടതി നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.