മണിപ്പൂരിൽ വീണ്ടും സംഘർഷം; ജനക്കൂട്ടം സുരക്ഷാ സേനയുമായി ഏറ്റുമുട്ടി
text_fieldsഇംഫാൽ: മണിപ്പൂരിലെ കാങ്പോക്പി ജില്ലയിൽ വീണ്ടും സംഘർഷം. കുക്കി വിഭാഗക്കാരായ സ്ത്രീകളുടെ നേതൃത്വത്തിലുള്ള ജനക്കൂട്ടം സുരക്ഷാസേനയുമായി ഏറ്റുമുട്ടി. സുരക്ഷാ ഉദ്യോഗസ്ഥർ തങ്ങളുടെ ബങ്കറുകൾ ബലമായി പിടിച്ചടക്കുന്നതിൽ പ്രതിഷേധിക്കാനാണ് ഒത്തുകൂടിയതെന്ന് സ്ത്രീകൾ പറഞ്ഞു. സൈന്യവും ബി.എസ്.എഫും സി.ആർ.പി.എഫും സംയുക്തമായി നടത്തിയ നീക്കമാണ് ജനക്കൂട്ടം തടസ്സപ്പെടുത്താൻ ശ്രമിച്ചത്. ഇവരെ പിരിച്ചുവിടാൻ സൈന്യം കണ്ണീർ വാതകം പ്രയോഗിച്ചതോടെയാണ് സ്ഥിതിഗതികൾ വഷളായത്. സുരക്ഷാസേനയുടെ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായി പ്രദേശവാസികൾ ആരോപിച്ചു.
കേന്ദ്രസേനയെ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഗോത്രവർഗ ഐക്യസമിതി ദേശീയപാതയിൽ അനിശ്ചിതകാല ഉപരോധം തുടങ്ങി. നിരായുധരായ സ്ത്രീകൾക്ക് നേരെ നടത്തിയ ബലപ്രയോഗം അംഗീകരിക്കാനാവില്ലെന്ന് പറഞ്ഞാണ് പ്രതിഷേധക്കാർ ഉപരോധിച്ചത്. പ്രതിഷേധക്കാരെ നീക്കിയെന്ന് സംയുക്ത സേന വക്താവ് പറഞ്ഞു.
ഇംഫാലിൽ ആയുധശേഖരം പിടികൂടി
ഇംഫാൽ: മണിപ്പൂരിലെ ഇംഫാൽ വെസ്റ്റ് ജില്ലയിൽ സുരക്ഷാസേന നടത്തിയ തെരച്ചിലിൽ ആയുധങ്ങളും വെടിക്കോപ്പുകളും പിടികൂടി. സഗൈഷബി റോവ മേഖലയിലായിരുന്നു തെരച്ചിൽ. കൈത്തോക്കുകൾ, തോക്കുകൾ, റൈഫിളുകൾ, ഗ്രനേഡുകൾ എന്നിവയാണ് പിടിച്ചെടുത്തത്.
മണിപ്പൂർ സന്ദർശിച്ച് മോദിയും മാപ്പുപറയണം - കോൺഗ്രസ്
ന്യൂഡൽഹി: മണിപ്പൂർ സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി എന്തുകൊണ്ടാണ് മാപ്പുപറയാത്തതെന്ന് കോൺഗ്രസ്. മണിപ്പൂർ സംഘർഷത്തിൽ മുഖ്യമന്ത്രി ബീരേൻ സിങ് മാപ്പുപറഞ്ഞതിന് പിന്നാലെയാണ് പ്രധാനമന്ത്രിയും മാപ്പുപറയണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടത്. രാജ്യമെങ്ങും ലോകമെമ്പാടും സഞ്ചരിക്കുന്ന പ്രധാനമന്ത്രിക്ക് എന്തുകൊണ്ടാണ് മണിപ്പൂരിൽ പോകാൻ കഴിയാത്തതും മാപ്പുപറയാൻ സാധിക്കാത്തതുമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ് ചോദിച്ചു. മണിപ്പൂർ സന്ദർശനം മനപ്പൂർവം ഒഴിവാക്കുന്ന പ്രധാനമന്ത്രിയുടെ അവഗണന എന്തുകൊണ്ടാണെന്ന് സംസ്ഥാനത്തെ ജനങ്ങൾക്ക് മനസ്സിലാകുന്നില്ലെന്നും ബീരേൻ സിങ് മാപ്പ് ചോദിക്കുന്ന വിഡിയോ പങ്കുവെച്ച് ജയ്റാം രമേശ് എക്സിൽ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.