മഹാരാഷ്ട്ര മന്ത്രിസഭയിൽ എല്ലാവരും കോടിപതികൾ; 75 ശതമാനം പേർ ക്രിമിനൽ കേസുള്ളവർ
text_fieldsന്യൂഡൽഹി: മഹാരാഷ്ട്ര മന്ത്രിസഭയിലെ 75 ശതമാനം പേരും ക്രിമിനൽ കേസുകൾ നേരിടുന്നവാരാണെന്ന് എൻ.ജി.ഒ റിപ്പോർട്ട്. തെരഞ്ഞെടുപ്പിൽ മന്ത്രിമാർ സമർപ്പിച്ച സത്യവാങ്മൂലം അടിസ്ഥാനമാക്കി അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസും മഹാരാഷ്ട്ര ഇലക്ഷൻ വാച്ചും സംയുക്തമായി നടത്തിയ വിശകലനത്തിലാണ് പുതിയ കണ്ടെത്തൽ.
മന്ത്രിമാരുടെ ആസ്തി, പ്രായം, വിദ്യാഭ്യാസയോഗ്യത എന്നിവയെക്കുറിച്ചും റിപ്പോർട്ടിൽ പറയുന്നുണ്ട്. ആഗസ്റ്റ് ഒമ്പതിന് നടന്ന് മന്ത്രിസഭാ വിപുലീകരണത്തിന് ശേഷം മുഖ്യമന്ത്രിയുൾപ്പടെ 20 മന്ത്രിമാരാണുള്ളത്. മന്ത്രിമാരിൽ 15 (75 ശതമാനം) പേർ ക്രിമിനൽ കേസുകൾ നേരിടുന്നുണ്ടെന്നും അവരിൽ 13 (65 ശതമാനം) പേർക്കെതിരെയുള്ള ക്രിമിനൽ കേസുകൾ ഗുരുതരമായതാണെന്നും റിപ്പോർട്ടിൽ പറയുന്നു.
എല്ലാ മന്ത്രിമാരും കോടീശ്വരന്മാരാണ്. 47.45 കോടിയോളം രൂപയാണ് ഇവരുടെ ആസ്തിയുടെ ശരാശരി മൂല്യമെന്നും റിപ്പോർട്ടിലുണ്ട്. സത്യവാങ്മൂലമനുസരിച്ച് മലബാർ ഹിൽ നിയോജക മണ്ഡലത്തിൽ നിന്നുള്ള മംഗൾ പ്രഭാത് ലോധയാണ് ഏറ്റവും കൂടുതൽ ആസ്തിയുള്ള മന്ത്രി. 441.65 കോടി രൂപയുടെ സമ്പത്താണ് പ്രഭാത് ലോധക്കുള്ളത്. 2.92 കോടി ആസ്തിയുള്ള പൈത്താൻ മണ്ഡലത്തിൽ നിന്നുള്ള ഭൂമാരേ സന്ദീപൻറാവു ആശാറാം എന്ന മന്ത്രിയാണ് ഏറ്റവും കുറവ് ആസ്തിയുള്ള മന്ത്രി.
മന്ത്രിസഭയിൽ വനിതകളില്ല. മന്ത്രിസഭയിലെ എട്ട് മന്ത്രിമാരുടെ വിദ്യാഭ്യാസ യോഗ്യത 10-ാം ക്ലാസിനും 12-ാം ക്ലാസിനും ഇടയിലാണെന്നും 11 (55 ശതമാനം) പേർ ബിരുദമോ അതിനു മുകളിലോ വിദ്യാഭ്യാസം നേടിയിട്ടുണ്ടെന്നും ഒരു മന്ത്രിക്ക് ഡിപ്ലോമയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. നാല് മന്ത്രിമാർ 41-50 വയസ്സിനിടയിലും ബാക്കിയുള്ളവർ 51-70 വയസ്സിനിടയിലും പ്രായമുള്ളവരാണ്.
മഹാരാഷ്ട്രയിൽ മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ വിപുലീകരണത്തിന്‍റെ ഭാഗമായി 18 പേരെ ഉൾപ്പെടുത്തിയിരുന്നു. ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന, കോൺഗ്രസ് സഖ്യ സർക്കാറിനെ വിമത നീക്കത്തിലൂടെ അട്ടിമറിച്ച ഷിൻഡെ ബി.ജെ.പിയുടെ പിന്തുണയിൽ ജൂൺ 30നാണ് മുഖ്യമന്ത്രിയായി അധികാരമേറ്റത്. ഉപമുഖ്യമന്ത്രി ബി.ജെ.പിയുടെ ദേവേന്ദ്ര ഫഡ്നാവിസും അധികാരമേറ്റു. തുടർന്ന് 41 ദിവസത്തിന് ശേഷമാണ് ഷിൻഡെ സർക്കാർ മന്ത്രിസഭ വിപുലീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.