കശ്മീരിൽ 15കാരൻ ആത്മഹത്യ ചെയ്തു; സൈന്യത്തിെൻറ പീഡനം മൂലമെന്ന് കുടുംബം
text_fieldsശ്രീനഗർ: സൈന്യം തടഞ്ഞുനിർത്തി മർദിച്ചതിനു പിന്നാലെ കശ്മീരിൽ 15കാരൻ ആത്മഹത്യ ചെ യ്തതായി റിപ്പോർട്ട്. പുൽവാമയിലെ ചാന്ദ്ഗാമിലാണ് സംഭവം. പത്താംതരം വിദ്യാർഥിയായ യവാർ അഹ്മദ് ഭട്ടാണ് ചൊവ്വാഴ്ച രാത്രി വിഷം കഴിച്ചത്. വ്യാഴാഴ്ച വൈകീട്ട് ശ്രീനഗറിലെ രാജാ ഹരിസിങ് ആശുപത്രിയിൽ കുട്ടി ജീവൻവെടിഞ്ഞു.
നേരത്തേ മേഖലയിൽ ഗ്രനേഡ് ആക്രമണത്തെ തുടർന്ന് നിരവധി യുവാക്കളുടെ തിരിച്ചറിയൽ കാർഡുകൾ സൈന്യം പിടിച്ചെടുത്തിരുന്നതായി പ്രദേശവാസികൾ പറഞ്ഞു. തെൻറ തിരിച്ചറിയൽ കാർഡും പിടിച്ചെടുത്ത് സൈന്യം മർദിച്ചതായും തുടർന്ന് ക്യാമ്പിൽ ചെന്ന് റിപ്പോർട്ട് ചെയ്യാൻ ആവശ്യപ്പെട്ടുവെന്നും സഹോദരിയോട് കുട്ടി പറഞ്ഞതായി യവാറിെൻറ പിതാവ് അബ്ദുൽ ഹമീദ് ഭട്ട് പറഞ്ഞു.
ഇതേതുടർന്ന് ദിവസം മുഴുവൻ അവൻ പരിഭ്രാന്തിയിലായിരുന്നുവത്രെ. ഭട്ടിെൻറ ആറു മക്കളിൽ ഇളയവനാണ് യവാർ. സൈന്യം ക്യാമ്പിൽവെച്ച് മർദിക്കുമോ എന്ന് ഭയന്നായിരിക്കാം ആത്മഹത്യ ചെയ്തതെന്ന് യവാറിെൻറ അമ്മാവൻ അബ്ദുൽ ഹമീദ് ഭട്ട് പറഞ്ഞു. ആ ദിവസം മുഴുവൻ കുട്ടി ഒറ്റക്ക് മുറിയിൽ അടച്ചിരിക്കുകയായിരുന്നുവെന്ന് ബന്ധുവായ റഈസ് പറഞ്ഞു. രാത്രി 11 മണിയോടെ ഛർദിച്ചതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചു. നില വഷളായതോടെ ശ്രീനഗറിലെ ആശുപത്രിയിലേക്ക് മാറ്റി. അവിടെവെച്ച് മരിച്ചു.
എന്നാൽ, സംഭവം സൈന്യം നിഷേധിച്ചതായി പുൽവാമ പൊലീസ് മേധാവി ചന്ദൻ കോഹ്ലി പറഞ്ഞു. ആരോപണം തീർത്തും അടിസ്ഥാന രഹിതമാണെന്ന് സൈന്യം പ്രതികരിച്ചു. സംശയാസ്പദ മരണമെന്ന നിലയിൽ പൊലീസ് അന്വേഷിച്ചുവരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.