ആൺസുഹൃത്തുമായുള്ള ചാറ്റിങ് ചോദ്യം ചെയ്ത സഹോദരനെ 15കാരി ഇയര്‍ഫോണ്‍ കഴുത്തില്‍ മുറുക്കി കൊന്നു
text_fieldsറായ്ബറേലി: ആണ്‍സുഹൃത്തുമായി ഏറെ നേരം മൊബൈലില്‍ ചാറ്റുചെയ്തത് ചോദ്യംചെയ്ത ഒമ്പത് വയസ്സുള്ള സഹോദരനെ 15 വയസ്സുകാരി ഇയർഫോൺ കഴുത്തിൽ മുറുക്കി കൊന്നു. ഉത്തർപ്രദേശിലെ റായ്ബറേലിയിലെ ഡൽമൗവിൽ കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം. മകനെ അയൽക്കാരൻ അപായപ്പെടുത്തിയതാണെന്ന് കാട്ടി ഇവരുടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു.
ഇതനുസരിച്ച് പൊലീസ് അയൽക്കാരനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. എന്നാൽ, സംശയം തോന്നി പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് സംഭവത്തിന്‍റെ ചുരുളഴിയുന്നത്. തിങ്കളാഴ്ച കുറ്റംസമ്മതിച്ച പെണ്‍കുട്ടിയെ കോടതിയില്‍ ഹാജരാക്കി ചൊവ്വാഴ്ച ജുവനൈല്‍ ഹോമിലേക്ക് മാറ്റി.
മാതാപിതാക്കള്‍ വീട്ടില്‍ ഇല്ലാത്ത സമയത്ത് പെണ്‍കുട്ടി ആൺസുഹൃത്തുമായി മണിക്കൂറുകളോളം മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നതും ചാറ്റ് ചെയ്യുന്നതും പതിവായിരുന്നെന്ന് െപാലീസ് പറയുന്നു. ഏതാനും ദിവസം മുമ്പ് ഇക്കാര്യം സഹോദരന്‍ മാതാപിതാക്കളെ അറിയിച്ചു. തുടര്‍ന്ന് മാതാപിതാക്കള്‍ പെണ്‍കുട്ടിയെ വഴക്ക് പറയുകയും ഇതിൽനിന്ന് വിലക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച മാതാപിതാക്കള്‍ വീട്ടില്‍ ഇല്ലായിരുന്നപ്പോഴും പെണ്‍കുട്ടി ആൺസുഹൃത്തുമായി ഫോണില്‍ ഏറെ നേരം ചാറ്റ് ചെയ്തു.
ഇത് സഹോദരൻ ചോദ്യം ചെയ്യുകയും ഇക്കാര്യം മാതാപിതാക്കളെ അറിയിക്കുമെന്ന് പറയുകയും ചെയ്തു. ഇതോടെ ഇരുവരും തമ്മില്‍ വഴക്കായി. അതിനിടെ, പെണ്‍കുട്ടി ഇയര്‍ഫോണ്‍ വയര്‍ സഹോദരന്‍റെ കഴുത്തില്‍ കുരുക്കി കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് റായ്ബറേലി പൊലീസ് സൂപ്രണ്ട് ശ്ലോക് കുമാർ പറഞ്ഞു.
മാതാപിതാക്കൾ വീട്ടിൽ തിരിച്ചെത്തിയപ്പോൾ മകനെ കാണാനില്ലെന്ന് കണ്ട് ഡൽമൗ പൊലീസിൽ പരാതി നൽകി. പൊലീസ് ഒമ്പതു വയസ്സുകാരനുവേണ്ടി അന്വേഷണം ശക്തമാക്കുന്നതിനിടെയാണ് പിറ്റേ ദിവസം വീട്ടിലെ സ്റ്റോർ റൂമിൽ നിന്ന് മൃതദേഹം കണ്ടെത്തുന്നത്. സ്റ്റോർ റൂമിൽ നിന്ന് ദുർഗന്ധം വമിക്കുന്നത് ശ്രദ്ധയിൽപ്പെട്ട മാതാപിതാക്കൾ നടത്തിയ പരിശോധനയിലാണ് മൃതദേഹം കിട്ടിയത്.
തുടർന്ന് അവർ അയൽക്കാരനെതിരെ പരാതി നൽകുകയും പൊലീസ് അയാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ചോദ്യം ചെയ്യലിൽ കൊലപാതകം നടന്ന സമയത്ത് അയാൾ സ്ഥലത്തില്ലായിരുന്നു എന്ന് മനസ്സിലാക്കിയതിനെ തുടർന്ന് അന്വേഷണം ആ സമയത്ത് അവിടെയുണ്ടായിരുന്നവരിലേക്കും കുടുംബാംഗങ്ങളിലേക്കും നീളുകയായിരുന്നു.
ബാലന്‍റെ മൃതദേഹത്തില്‍ ചെറിയ മുറിവുകളും പോറലുകളും ഉണ്ടായിരുന്നതാണ് പൊലീസിന്‍റെ സംശയം വര്‍ധിപ്പിച്ചത്. തര്‍ക്കം നടന്നിട്ടുണ്ടെന്ന് ഉറപ്പായതിനെ തുടർന്ന് കുടുംബാംഗങ്ങളെ വിശദമായി ചോദ്യംചെയ്തു. 25ലധികം പേരെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. അപ്പോളാണ് സഹോദരിയുടെ കഴുത്തിലും വയറ്റിലും കൈകളിലുമായി ചെറിയ മുറിവുകളും പാടകളും കണ്ടെത്തിയത്.
തുടര്‍ന്ന് മാതാപിതാക്കളുടെയും ചൈല്‍ഡ് വെല്‍ഫയര്‍ ഓഫിസറുടെയും സാന്നിധ്യത്തില്‍ നടന്ന ചോദ്യംചെയ്യലിൽ 15കാരി കുറ്റം സമ്മതിച്ചു. സഹോദരനെ കൊല്ലാന്‍ ഉദ്ദേശ്യമില്ലായിരുന്നെന്നും ആണ്‍സുഹൃത്തുമായി ചാറ്റ് ചെയ്യുന്നതിനെ കുറിച്ച് മാതാപിതാക്കളോട് നിരന്തരം പരാതി പറയുന്നതിനാൽ പേടിപ്പിക്കുകയായിരുന്നു ലക്ഷ്യമെന്നും പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കിയതായി റായ്ബറേലി പൊലീസ് സൂപ്രണ്ട് ശ്ലോക് കുമാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.