മുംബൈ ഭീകരാക്രമണത്തിന് 15 വർഷം; ആസൂത്രകർ അകലെ
text_fieldsമുംബൈ: 15 വർഷം മുമ്പ് രാജ്യത്തെ 60 മണിക്കൂറോളം മുൾമുനയിൽ നിർത്തിയ മുംബൈ ഭീകരാക്രമണ കേസിൽ 49 പ്രതികളിൽ ഇതേവരെ വിചാരണ നേരിട്ടത് നാലുപേർ മാത്രം.ഭീകരാക്രമണത്തിനിടെ ജീവനോടെ പിടികൂടിയ അജ്മൽ കസബ്, പാക് വംശജനായ അമേരിക്കൻ പൗരൻ ഡേവിഡ് കോൾമാൻ ഹെഡ് ലി, രണ്ട് ഇന്ത്യക്കാർ എന്നിവരാണ് വിചാരണ നേരിട്ടത്. കസബിന് വധശിക്ഷ വിധിച്ച കോടതി രണ്ട് ഇന്ത്യക്കാരെ വെറുതെ വിട്ടു. ഇതേ കേസിൽ അമേരിക്ക വിധിച്ച 35 വർഷം തടവ് അനുഭവിക്കുന്നതിനാൽ ഹെഡ് ലിക്ക് കോടതി മാപ്പുനൽകി.
2012ൽ പിടിയിലായ സൈബുദ്ദീൻ അൻസാരി എന്ന അബു ജുന്താളിന്റെ വിചാരണ ബോംബെ ഹൈകോടതി ഉത്തരവിനെ തുടർന്ന് താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. 2009 ഫെബ്രുവരിയിലാണ് കേസിൽ ആദ്യ കുറ്റപത്രം സമർപ്പിച്ചത്. പാകിസ്താനിലെ ഹാഫിസ് സഈദ് ഉൾപ്പെടെ 35 പേർക്കെതിരെയാണ് കേസ്. 2012ൽ സൈബുദ്ദീൻ അൻസാരിക്കെതിരെ നൽകിയ അനുബന്ധ കുറ്റപത്രത്തിൽ 12 പാകിസ്താനികളെക്കൂടി പ്രതിചേർത്തു.
കസബ് ഉൾപ്പെടെ മുംബൈ ആക്രമിച്ച ഭീകരരെ കറാച്ചിയിലെ ‘കൺട്രോൾ റൂമിൽ’ ഇരുന്ന് നിയന്ത്രിക്കുകയും ഭീകരരെ ഹിന്ദി ഭാഷ പഠിപ്പിക്കുകയും ചെയ്ത ‘അബു ജുന്താളാ’ണ് സൈബുദ്ദീൻ അൻസാരി എന്നാണ് പൊലീസ് പറയുന്നത്. ഇത് പ്രതി കോടതിയിൽ നിഷേധിച്ചിട്ടുണ്ട്. സൗദിയിൽ പിടിയിലായ സൈബുദ്ദീൻ അൻസാരിയെ ഇന്ത്യയുടെ അപേക്ഷ പ്രകാരം അധികൃതർ ഡൽഹിയിലേക്ക് കയറ്റിവിടുകയായിരുന്നു. ഹെഡ് ലിയുടെ കൂട്ടാളിയും പാക് വംശജനുമായ കനേഡിയൻ വ്യവസായി തഹാവുർ റാണക്കെതിരെ കഴിഞ്ഞ മാസമാണ് മുംബൈ പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. ആക്രമണത്തിന് തൊട്ടുമുമ്പ് മുംബൈയിലെ ഹോട്ടലിൽ താമസിച്ചതായി കണ്ടെത്തിയതോടെയാണ് ഇത്. ഷികാഗോ ജയിലിൽ കഴിയുന്ന റാണ ഇന്ത്യക്ക് വിട്ടുനൽകാനുള്ള ഉത്തരവിനെതിരെ അപ്പീൽ നൽകിയിരിക്കുകയാണ്.
ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട പൊലീസ്, സൈനിക ഉദ്യോഗസ്ഥർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് മഹാരാഷ്ട്ര ഗവർണർ രമേശ് ബൈസ്, മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് തുടങ്ങിയവർ പുഷ്പാർച്ചന നടത്തി. ദക്ഷിണ മുംബൈയിലെ പൊലീസ് കമീഷണർ കാര്യാലയത്തിലെ രക്തസാക്ഷി സ്മാരകത്തിലെത്തിയാണ് ആദരാഞ്ജലി അർപ്പിച്ചത്. മുംബൈ പൊലീസ് കമീഷണർ വിവേക് ഫൻസാൽക്കർ അടക്കം ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു. രക്തസാക്ഷികളായ പൊലീസുകാരുടെ കുടുംബാംഗങ്ങളും എത്തിയിരുന്നു. ആക്രമിക്കപ്പെട്ട താജ്മഹൽ ഹോട്ടലിനടുത്തുള്ള ഗേറ്റ്വേ ഓഫ് ഇന്ത്യയിൽ മെഴുകുതിരി കത്തിച്ചു. പതാക മാർച്ചിൽ നാഷനൽ സെക്യൂരിറ്റി ഗാർഡും (എൻ.എസ്.ജി) മുംബൈ പൊലീസും ഭാഗമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.