ഗുജറാത്തിലെ 151 എം.എൽ.എമാരും കോടിപതികൾ, 40 എം.എൽ.എമാർ ക്രിമിനൽ കേസ് പ്രതികൾ
text_fieldsഅഹമ്മദാബാദ്: ഗുജറാത്ത് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 182 എം.എൽ.എമാരിൽ 151 പേരും കോടിപതികളെന്ന് അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് - ഗുജറാത്ത് ഇലക്ഷൻ വാച്ച് പഠനം. കഴിഞ്ഞ സഭയിൽ 141 എം.എൽ.എമാരായിരുന്നു കോടതിപതികൾ. 73 എം.എൽ.എമാർക്ക് അഞ്ച് കോടി രൂപക്ക് മുകളിലും 73 പേർക്ക് രണ്ട് മുതൽ അഞ്ച് കോടി രൂപ വരെയും സ്വത്തുണ്ട്. ഭരണകക്ഷിയായ ബി.ജെ.പിയിലെ 132ഉം കോൺഗ്രസിലെ 14ഉം മൂന്ന് സ്വതന്ത്രരും ആം ആദ്മി, സമാജ്വാദി പാർട്ടികളിലെ ഒന്ന് വീതം എം.എൽ.എമാരും കോടിപതികളാണ്. ബി.ജെ.പി എം.എൽ.എമാരായ ജെ.എസ് പട്ടേൽ (661 കോടി), ബൽവന്ദ് സിങ് രാജ്പുത് (372 കോടി), രമേശ് തിലാല (175 കോടി) എന്നിവരാണ് സമ്പന്നർ.
40 എം.എൽ.എമാർ ക്രിമിനൽ കേസ് പ്രതികൾ
അഹമ്മദാബാദ്: 182 അംഗ ഗുജറാത്ത് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരിൽ 40 പേർ ക്രിമിനൽ കേസ് പ്രതികൾ. തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിലെ വിവരത്തിന്റെ അടിസ്ഥാനത്തിൽ അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസും ഗുജറാത്ത് ഇലക്ഷൻ വാച്ചുമാണ് ഇക്കാര്യം പുറത്തുവിട്ടത്. 29 പേർ കൊലപാതകശ്രമം, ബലാത്സംഗം തുടങ്ങിയ ഗുരുതര ക്രിമിനൽ കേസുകളിൽ അന്വേഷണം നേരിടുന്നവരാണ്. ഇവരിൽ 20ഉം ബി.ജെ.പി അംഗങ്ങളാണ്. നാലുപേർ കോൺഗ്രസ്, രണ്ടുപേർ ആം ആദ്മി, രണ്ടുപേർ സ്വതന്ത്രർ, ഒരാൾ സമാജ്വാദി പാർട്ടിക്കാരൻ. 2017നെ അപേക്ഷിച്ച് ക്രിമിനൽ കേസുകൾ നേരിടുന്ന എം.എൽ.എമാരുടെ എണ്ണം കുറഞ്ഞതായി പഠനം ചൂണ്ടിക്കാട്ടുന്നു. നിയമസഭ തെരഞ്ഞെടുപ്പിൽ 156 സീറ്റ് നേടിയാണ് ബി.ജെ.പി തുടർച്ചയായി ഏഴാംതവണയും വിജയിച്ചത്. കോൺഗ്രസ് 17 ഇടത്തും എ.എ.പി അഞ്ചിടത്തും വിജയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.