ലക്ഷദ്വീപിനടുത്ത് പുറംകടലിൽ 1526 കോടിയുടെ ഹെറോയിൻ വേട്ട, 20 പേർ കസ്റ്റഡിയിൽ
text_fieldsകൊച്ചി: ലക്ഷദ്വീപ് തീരത്തിനടുത്ത് പുറംകടലിൽ വൻമയക്കുമരുന്ന് വേട്ട. രാജ്യാന്തര വിപണിയിൽ 1526 കോടി രൂപ മൂല്യമുള്ള ഹെറോയിനാണ് പിടികൂടിയത്. മേയ് ഏഴിന് ഡയറക്ടററേറ്റ് ഓഫ് റവന്യൂ ഇന്‍റലിജൻസും (ഡി.ആർ.ഐ) തീരസംരക്ഷണ സേനയും 'ഓപറേഷൻ ഖോജ്ബീൻ' എന്ന പേരിൽ സംയുക്തമായി ആരംഭിച്ച പരിശോധനയിലാണ് രണ്ട് ബോട്ടുകളിൽ ഒളിപ്പിച്ച 218 കിലോ മയക്കുമരുന്ന് പിടിച്ചെടുത്തത്. ബോട്ടുകളിലുണ്ടായിരുന്ന 20 പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്ത് വരുകയാണ്.
തീരസംരക്ഷണ സേനയുടെ സുജീത് എന്ന കപ്പലിൽ സേനാംഗങ്ങളും ഡി.ആർ.ഐ ഉദ്യോഗസ്ഥരും ചേർന്ന് നിരന്തര നിരീക്ഷണത്തിലൂടെ സംശയകരമായ സാഹചര്യത്തിൽ പ്രിൻസ്, ലിറ്റിൽ ജീസസ് എന്നീ ബോട്ടുകൾ മേയ് 18ന് പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യലിൽ ബോട്ടിലുണ്ടായിരുന്ന ചിലർ കുറ്റം സമ്മതിച്ചു. തുടർന്ന് പിടിച്ചെടുത്ത ബോട്ടുകൾ ഫോർട്ട്കൊച്ചിയിലെ തീരസംരക്ഷണ സേന ജെട്ടിയിൽ എത്തിച്ച് പരിശോധിച്ചപ്പോഴാണ് മയക്കുമരുന്ന് കണ്ടെത്തിയത്. ഓരോ കിലോ വീതമുള്ള 218 ഹെറോയിൻ പാക്കറ്റുകളാണ് പിടിച്ചെടുത്തത്.
മയക്കുമരുന്ന് നിരോധന നിയമപ്രകാരം കേസെടുത്ത് കൂടുതൽ തിരച്ചിലും അന്വേഷണവും നടത്തിവരുകയാണ്. അഫ്ഗാനിസ്താനിൽ ഉൽപാദിപ്പിച്ച ഹെറോയിൻ പാകിസ്താനിൽനിന്നാണ് സംഘം എത്തിച്ചതെന്ന് കരുതുന്നതായി ഡി.ആർ.ഐ വൃത്തങ്ങൾ പറഞ്ഞു. മയക്കുമരുന്ന് കപ്പലിൽ പുറംകടലിൽ എത്തിച്ചശേഷം ബോട്ടിലേക്ക് മാറ്റുകയായിരുന്നു. ഇത് ഏറ്റുവാങ്ങി മടങ്ങുംവഴിയാണ് സംഘം ലക്ഷദ്വീപിലെ അഗത്തിക്കടുത്തുനിന്ന് പിടിയിലായത്. ബോട്ടുകൾ കന്യാകുമാരിയിലേക്ക് പോവുകയായിരുന്നെന്നാണ് സൂചന.
ഒരുമാസത്തിനിടെ നാലാമത്തെ പ്രധാന മയക്കുമരുന്ന് വേട്ടയാണ് ഡി.ആർ.ഐ നടത്തുന്നത്. എല്ലാം ചേർത്ത് 2500 കോടി രൂപയുടെ മൂല്യംവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.